സ്‌പെയിനില്‍ താരമായി കേരള ടൂറിസം

സ്‌പെയിനില്‍ താരമായി കേരള ടൂറിസം

Sunday January 24, 2016,

2 min Read

സ്‌പെയിനില്‍ നടന്ന ലോകത്തെ രണ്ടാമത്തെ വലിയ ട്രാവല്‍, ടൂറിസം ഫെയറായ ഫിറ്റിയൂര്‍ പ്രദര്‍ശനത്തില്‍ നാലു പുരസ്‌കാരജേതാക്കളില്‍ സ്ഥാനംനേടി കേരള ടൂറിസം. മെക്‌സികോ, ജപ്പാന്‍, നേപ്പാള്‍ എന്നിവയോടൊപ്പം ടൂറിസ്റ്റ് ലക്ഷ്യകേന്ദ്രം വിഭാഗത്തിലാണ് ടൂറിസം വകുപ്പ് പുരസ്‌കാരം സ്വന്തമാക്കിയത്. 165 രാജ്യങ്ങളില്‍നിന്നായി 9,500 കമ്പനികള്‍ പങ്കെടുത്ത പ്രദര്‍ശനത്തില്‍ ഐതീഹ്യപ്രസിദ്ധമായ ചുണ്ടന്‍വള്ളംകളി മത്സരത്തെ പ്രമേയമാക്കി ഒരുക്കിയ കേരള പവിലിയന്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ജനുവരി 20 മുതല്‍ 24 വരെയാണ് ലോകശ്രദ്ധ ഏറെ പിടിച്ചുപറ്റിയ ഫിറ്റിയൂര്‍ പ്രദര്‍ശനത്തിന്റെ 36ാമത് പതിപ്പ് നടന്നത്.

image


രണ്ടു ചുണ്ടന്‍വള്ളങ്ങളുടെ മാതൃകകൊണ്ട് അലങ്കരിച്ച കേരളത്തിന്റെ പവിലിയന്‍ സന്ദര്‍ശകബാഹുല്യംകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഫിറ്റിയൂറില്‍ ഒരുക്കിയിരുന്ന പവിലിയനുകളില്‍ ക്യാമറാക്കണ്ണുകളുടെ ആകര്‍ഷണകേന്ദ്രവും ഇതായിരുന്നു. കേരള ടൂറിസത്തിന്റെ പവിലിയനു പുരസ്‌കാരം ലഭിച്ചതു സംസ്ഥാനത്തിനു വലിയ ബഹുമതിയാണെന്നു ഫിറ്റിയൂറില്‍ കേരള സംഘത്തെ നയിച്ച ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ശക്തിയാണ് പുരസ്‌കാരം വ്യക്തമാക്കുന്നത്. ഇത് കേരളീയര്‍ക്കാകെ അഭിമാനദായകമാണ്. 'വിസിറ്റ് കേരള' വര്‍ഷത്തില്‍തന്നെ ലഭിച്ച ഈ അന്താരാഷ്ട്ര പുരസ്‌കാരം കേരളത്തിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

അറുപത് ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കേരള പവിലിയനില്‍ സംസ്ഥാനത്തെ സ്വകാര്യ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നാല് പ്രദര്‍ശകരും പങ്കെടുത്തു. ലോകത്തിലെ രണ്ടാമത്തെ പ്രധാന ട്രാവല്‍, ടൂറിസം വ്യവസായ മേളയില്‍ നിന്നു ലഭിച്ച പുരസ്‌കാരം പ്രാധാന്യമേറിയ അന്താരാഷ്ട്ര അംഗീകാരമാണെന്നു കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ദ്ധന്‍ റാവു പറഞ്ഞു. ആഗോളതലത്തിലെ പ്രധാന വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്ന് എന്ന കേരളത്തിന്റെ സ്ഥാനം അടിവരയിട്ടുറപ്പിക്കുന്നതിനൊപ്പം പുതിയ തീരങ്ങളിലേക്ക് നമ്മുടെ ഖ്യാതി എത്തിക്കുന്നതിനും ഈ പുരസ്‌കാരം സഹായിക്കും. സംസ്ഥാനത്തിന്റെ ബ്രാന്‍ഡ് വാല്യൂ അവാര്‍ഡിനൊപ്പം വര്‍ദ്ധിച്ചിരിക്കുന്നു. ഇതോടൊപ്പംതന്നെ ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുന്നതായും ടൂറിസം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

image


മാഡ്രിഡിലെ ട്രേഡ് ഫെയര്‍ സംഘടനയായ ഐഫെമ (ഫെറിയ ദെ മാഡ്രിഡ്) സംഘടിപ്പിച്ച ഫിറ്റിയൂര്‍ മേള ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രദര്‍ശനകേന്ദ്രങ്ങളില്‍ ഒന്നായ ഐഫെമ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ ഇനിയും കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ ഫിറ്റിയൂറില്‍ ലഭിച്ച പുരസ്‌കാരം പ്രചോദനമാകുമെന്നു കേരള ടൂറിസം ഡയറക്ടര്‍ ശ്രീ. പി.ഐ. ഷേക്ക് പരീത് പറഞ്ഞു. ടൂറിസം രംഗത്തെ എല്ലാ പങ്കാളികള്‍ക്കും ഇത് പ്രചോദനം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിങ് ഏജന്‍സിയായ സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സ് ആശയവും രൂപകല്‍പ്പനയും നിര്‍വഹിച്ച പവിലിയന്‍ കലാസംവിധായകന്‍ സാബു ശിവനും സംഘവുമാണ് തയാറാക്കിയത്.

ഒന്നേകാല്‍ ലക്ഷം വാണിജ്യ സഹകാരികള്‍ പങ്കെടുത്ത കഴിഞ്ഞ വര്‍ഷത്തെ ഫിറ്റിയൂര്‍ മേളയില്‍ പൊതുജനങ്ങളില്‍നിന്ന് 97,000 സന്ദര്‍ശകരും നൂതന വിനോദസഞ്ചാര ഉത്പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടാന്‍ എത്തിയിരുന്നു. സ്പാനിഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ വ്യാപക പ്രചാരത്തിലുള്ള ഫിറ്റിയൂര്‍ മേള ടൂറിസം രംഗത്തെ പ്രമുഖരുടെ സംഗമകേന്ദ്രവും ഇവിടങ്ങളിലെ സന്ദര്‍ശകസഞ്ചാര മാര്‍ക്കറ്റിന്റെ പ്രധാന വാണിജ്യമേളയുമാണ്. അനന്തര ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ്, സിജിഎച്ച് എര്‍ത്ത്, കുമരകം ലേക് റിസോര്‍ട്ട് പയനിയര്‍ പേഴ്‌സനലൈസ്ഡ് ഹോളിഡേയ്‌സ് എന്നിവരാണ് ഫിറ്റിയൂര്‍ മേളയില്‍ കേരളത്തിന്റെ പവിലിയിനില്‍ പങ്കെടുത്ത മറ്റു പ്രദര്‍ശകര്‍.

    Share on
    close