മെഡിക്കല്‍ കോളേജിലെ അവയവമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവും പരിശീലനവും നല്‍കുമെന്ന് അമേരിക്കന്‍ ഡോക്ടര്‍

0


തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അവയവമാറ്റ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുമെന്നും ഇതിനായി തന്റെ അനുഭവ ജ്ഞാനങ്ങള്‍ ഇവിടത്തെ ഡോക്ടര്‍മാരോട് പങ്കുവയ്ക്കാന്‍ തയ്യാറാണെന്നും പ്രശസ്ത കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ധനും അമേരിക്കയിലെ ജെഫേര്‍സണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായ ഡോ. കട്ടാല്‍ഡോ ഡോറിയ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ പതിനൊന്നാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന തുടര്‍ വിദ്യാഭ്യാസ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരുടെ അഭയ കേന്ദ്രമായ മെഡിക്കല്‍ കോളേജില്‍ വച്ച് നടക്കുന്ന അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് മികച്ച വിജയം നേടാനായി പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഫിലഡെല്‍ഫിയിലെ തന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് അമേരിക്കയിലെ തന്നെ ഏറ്റവും മികച്ച അവയവ മാറ്റിവയ്ക്കല്‍ കേന്ദ്രമാണ്. അവിടത്തെ ചികിത്സാ രീതികളും ഡോക്ടര്‍മാരുടെ അനുഭവ ജ്ഞാനങ്ങളും മനസിലാക്കാനായി ഇവിടത്തെ ഡോക്ര്‍മാരെ അദ്ദേഹം അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവയവമാറ്റ ശസ്ത്രക്രിയ നടത്തേണ്ട രോഗികളെ തെരഞ്ഞെടുക്കേണ്ടത് ഒരു മള്‍ട്ടി ഡിസിപ്ലിനറി ടീമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വൃക്ക മാറ്റിവയ്ക്കല്‍ നടത്തുന്ന രോഗികളുടെ ജീവിതനിലവാരത്തെപ്പറ്റി കേരളത്തിലെ ആദ്യ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മുന്‍ മേധാവി പ്രൊഫ. റോയി ചാലി പ്രബന്ധം അവതരിപ്പിച്ചു.

കരള്‍ രോഗമുള്ളവരെ നിശ്ചിത കാലയളവില്‍ കരള്‍ ക്യാന്‍സര്‍ ബാധിക്കുന്നുണ്ടോയെന്ന് നിരീക്ഷണം നടത്തണമെന്ന് അമേരിക്കയിലെ പ്രശസ്ത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധനും ഈ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ പ്രൊഫ. എം. വേലായുധന്‍ പിള്ള പറഞ്ഞു. ഇങ്ങനെ കരള്‍ ക്യാന്‍സര്‍ വളരെ നേരത്തേയറിയാനാകും.

ഇന്ത്യയില്‍ ആദ്യമായി കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി പ്രൊഫ. സുബ്രഹ്മണി അയ്യര്‍, കുട്ടികള്‍ക്കുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ധനായ ബാംഗലൂര് സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സിലെ ഡോ. എസ്.ആര്‍. കൃഷ്ണ മനോഹര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

അവയവമാറ്റ ശസ്ത്രക്രിയയുടെ എല്ലാ മേഖലകളിലേയും വിദഗ്ധര്‍ പങ്കെടുത്ത ആദ്യ സമ്മേളനം കൂടിയാണിത്. ഈ തുടര്‍വിദ്യാഭ്യാസ പരിപാടിക്ക് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരവും ഐ.എം.എ.യുടെ അവയവദാന ബോധവത്കരണ കമ്മിറ്റിയുടെ സഹകരണവുമുണ്ട്. മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. എസ്. വാസുദേവനാണ് ഈ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ കോഴ്‌സ് ഡയറക്ടര്‍. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു തുടര്‍ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു.