രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തില്‍ 138 എംഎല്‍എ മാര്‍ വോട്ട് ചെയ്തു

0

പതിനാലാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ കേരളനിയമസഭയില്‍ 138 എംഎല്‍എ മാര്‍ വോട്ട് ചെയ്തു. നിയമസഭാ മന്ദിരത്തിലെ പോളിംഗ് സ്‌റ്റേഷനില്‍ രാവിലെ 10നു തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആണ് ആദ്യം വോട്ട് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തുടങ്ങിയവര്‍ രാവിലെ പത്തരയ്ക്കു മുന്‍പ് വോട്ട് രേഖപ്പെടുത്തി. 

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പതിനൊന്നുമണിക്കു ശേഷമാണ് വോട്ടു ചെയ്യാനെത്തിയത്. ഇ.എസ്. ബിജിമോളാണ് ആദ്യം വോട്ടുചെയ്ത വനിതാ എംഎല്‍.എ. ആറന്മുള എം.എല്‍എ വീണ ജോര്‍ജും കൊച്ചി എംഎല്‍എ കെ.ജെ. മാക്‌സിയും ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് വോട്ടു ചെയ്തത്. കെ.ജെ. മാക്‌സി വോട്ടുചെയ്തതോടെ വോട്ടെടുപ്പു പൂര്‍ത്തിയായെങ്കിലും വൈകിട്ട് അഞ്ചുമണിക്കാണ് ബാലറ്റ് പെട്ടിയും മറ്റ് പോളിംഗ് സാമഗ്രികളും സീല്‍ചെയ്ത് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആകെയുള്ള 141 എംഎല്‍എമാരില്‍ ഒരാള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയാണ്. അദ്ദേഹത്തിന് വോട്ടവകാശമില്ല. വേങ്ങരയില്‍നിന്നുള്ള ജനപ്രതിനിധി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ആ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. പാറക്കല്‍ അബ്ദുള്ള എം.എല്‍എ ചെന്നൈയിലാണ് വോട്ട് ചെയ്തത്. ഒരു ജനപ്രതിനിധിയുടെ വോട്ടിന് ജനസംഖ്യാനുപാതികമായുള്ള മൂല്യം 152 ആണ്. 138 പേരുടെ വോട്ടിന് ആകെ 20,976 വോട്ടിന്റെ മൂല്യമുണ്ട്. രാംനാഥ് കോവിന്ദിന്റെ തെരഞ്ഞെടുപ്പ് ഏജന്റായി ഒ. രാജഗോപാല്‍ എംഎല്‍എയും മീരാകുമാറിന്റെ തെരഞ്ഞെടുപ്പ് ഏജന്റുമാരായി എസ്. ശര്‍മ എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവരും പ്രവര്‍ത്തിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ.കെ. മാജി, വരണാധികാരി കൂടിയായ നിയമ സഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകനായ അനൂപ് മിശ്ര തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.