വികസന പാതയില്‍ ധാരാവി

വികസന പാതയില്‍ ധാരാവി

Saturday April 09, 2016,

2 min Read


ലോകത്തെ തന്നെ ഏറ്റവും വലിയ ചേരികളില്‍ ഒന്നായ മുംബൈയിലെ ധാരാവിയില്‍ കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കിടെ മഹത്തായ കണ്ടുപിടിത്തങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചേരിയിലെ ഒരു കൂട്ടം കൗമാരക്കാരായ പെണ്‍കുട്ടികള്‍ ചേര്‍ന്ന് സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കിയതായി മാഷബിള്‍ ഇന്ത്യ റിപ്പോര്‍ട് ചെയ്തിരുന്നു.

image


എട്ട് മുതല്‍ 16 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ ധാരാവി ഡയറിയുടെ ഭാഗമാണ്. 2014ല്‍ സിനിമാ സംവിധായകനായ നവനീത് രഞ്ജന്‍ ധാരാവി ചേരി നവീകരണത്തിനായി ആരംഭിച്ച പ്രോജക്ടാണ് ധാരാവി ഡയറി. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ തടയുന്നതിനും ആവശ്യത്തിന് ജലം ലഭ്യമാക്കുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നതിനും വേണ്ടിയെല്ലാം ഇവിടത്തെ പെണ്‍കുട്ടികള്‍ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

2012ല്‍ ധാരാവി ഡയറി എന്ന പേരില്‍ ഡോക്യുമെന്ററി ചിത്രം നിര്‍മിക്കുന്ന സമയത്താണ് നവനീതിന് തൊട്ടടുത്ത ധാരാവിയുമായി അടുത്തിടപഴകേണ്ടി വന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഇവിടത്തുകാരെ കൂടുതല്‍ അടുത്തറിയുന്നതിനായി നവനീത് സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്നും ധാരാവിയിലേക്ക് താമസം മാറ്റി. ഇവിടത്തെ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കി അവരിലൂടെ മാറ്റമുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

image


ഇവിടത്തെ പെണ്‍കുട്ടികള്‍ക്ക് സ്വപ്‌നങ്ങള്‍ കാണാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല. കാരണം ചൂഷണങ്ങളും കലാപങ്ങളും മാത്രം ഉണ്ടായിരുന്ന ഒരു സാഹചര്യത്തിലാണ് അവര്‍ ജീവിച്ചിരുന്നത് എന്നതുതന്നെ. സാങ്കേതിക വിദ്യ അവര്‍ക്ക് പകര്‍ന്നു നല്‍കി അതിലൂടെ മാറ്റം കൊണ്ടുവരാനാണ് താന്‍ ശ്രമിച്ചതെന്ന് നവനീത് മാഷബില്‍ ഇന്ത്യയോട് പറഞ്ഞിട്ടുണ്ട്.

തങ്ങള്‍ക്ക് ചുറ്റമുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനസുരിച്ചുള്ള ആപ്ലിക്കേഷനുകള്‍ തയ്യാറാക്കുകയാണ് പെണ്‍കുട്ടികള്‍ ചെയ്തത്. ഉദാഹരണത്തിന് വിമണ്‍ ഫൈറ്റ് ബാക്ക് എന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും എസ് എം എസ് അലേര്‍ട്ടുകളും ലൊക്കേഷന്‍ മാപ്പിംഗും, ഡിസ്ട്രസ് അലാറവും എമര്‍ജന്‍സി കോളും എല്ലാം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ളതാണ്. ഇതുപോലെ വെള്ളം കൃത്യമായി കിട്ടുന്നതിനും ആപ്ലിക്കേനുണ്ട്. പഠനത്തിന് സ്‌കൂളില്‍ പോകാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത കുട്ടികളെ ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ആപ്ലിക്കേഷനാണ് പഥായി.

image


വെള്ളം ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിച്ചിട്ടുള്ളവരാണ് ഇവിടത്തെ പെണ്‍കുട്ടികള്‍. പൊതു ടാപ്പുകളില്‍നിന്നും സമീപത്തെ ടാങ്കുകളില്‍ നിന്നുമാണ് വെള്ളം ശേഖരിച്ചിരുന്നത്. ഇതിന് പരിഹാരമായി പാനി എന്ന ആപ്ലിക്കേഷന്‍ തയ്യാറാക്കി. അതായത് വെള്ളം കിട്ടാനായി രാവിലെ മുതല്‍ ക്യൂവില്‍ കാത്ത് നില്‍ക്കേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാകില്ല. ഓണ്‍ലൈന്‍ ക്യൂ എന്നൊരു സംവിധാനമാണ് ഇതിന് ഉണ്ടാക്കിയത്. ഓരോരുത്തര്‍ക്കും അവരവരുടെ സമയം ആകുമ്പോള്‍ അലെര്‍ട്ട് നല്‍കും. ഇതനുസരിച്ചെത്തി വെള്ളം ശേഖരിച്ച് തിരിച്ച് പോകാം.

വാഹനാപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ അന്‍സുജ മാധിവലിന്റെ കഥയും നവനീത് പറയുന്നു. മാനസികമായി വളരെ നിരാശപ്പെട്ടിരുന്ന സമയത്താണ് താന്‍ അവളെ കണ്ടുമുട്ടിയത്. ഒരു പെണ്‍കുട്ടി ഒറ്റക്കെങ്ങനെ ജീവിക്കും എന്നതാണ് അവളെ അലട്ടിയിരുന്നത്്. എന്നാല്‍ വിമന്‍ ഫൈറ്റ് ബാക്ക് എന്ന ആപ്ലിക്കേഷന്‍ അവള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കി. ഇപ്പോള്‍ ഒരു കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആകണമെന്നാണ് അവളുടെ ആഗ്രഹം.

image


കുട്ടികളെ സയന്‍സ്, ഗണിതം, ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുന്നതിനും പ്രോജക്ടുകളുണ്ട്. ഉദാഹരണത്തിന് ഫോട്ടോഗ്രാഫുകള്‍ നോക്കി കുട്ടികള്‍ സാധനങ്ങളുടെ നാമവും സര്‍വ്വ നാമവുമെല്ലാം പഠിക്കും. പ്രൈവറ്റ് ഫണ്ട് ഉപയോഗിച്ച് ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുകയാണ് ധാരാവി ഡയറി. 2014ലെ ഇന്റര്‍നാഷണല്‍ ടെക്‌നോവേഷന്‍ ചലഞ്ചിലും ഈ പെണ്‍കുട്ടികള്‍ പങ്കെടുത്ത് ഫോണും ലാപ്‌ടോപ്പുമെല്ലാം നേടിയിരുന്നു. തുടക്കത്തില്‍ 15 പെണ്‍കുട്ടികളുണ്ടായിരുന്നത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 200 പേരായി കൂടിയിട്ടുണ്ട്.