ഒറ്റക്ക് വനമുണ്ടാക്കിയ ജാദവ് മൊലായ് പായംഗ്

0

വീട്ടില്‍ ഒറ്റയ്ക്ക് ഒരു പൂന്തോട്ടം നിര്‍മിക്കാന്‍ നമുക്കെല്ലാവര്‍ക്കും സാധിക്കും. എന്നാല്‍ ഒരു കൊടുംവനം നിര്‍മിക്കണമെങ്കിലോ? സ്വപ്നം കാണാന്‍ പോലുമാകണമെന്നില്ല. എന്നാല്‍ 1360 ഏക്കര്‍ വിസ്തൃതിയില്‍ ഒറ്റയ്ക്ക് കൊടുംവനം നിര്‍മിച്ചയാളാണ് ജാദവ് മൊലായ് പായംഗ്. വെള്ളപ്പൊക്കത്തില്‍ സര്‍വ്വതും നശിച്ച് ജീവജാലങ്ങളുടെ ഒരു ചെറിയ കണിക പോലുമില്ലാതിരുന്ന പ്രദേശത്തെയാണ് തന്റെ കഠിന പ്രയത്‌നത്തിലൂടെ കടുവയും കാണ്ടാമൃഗവും എല്ലാം ഉള്‍പ്പെടുന്ന കൊടുംകാടാക്കി ജാദവ് മാറ്റിയത്.

ആസാമിലെ ജോര്‍ഹത് ജില്ലയില്‍ മിഷിംഗ് സമുദായത്തില്‍പ്പെട്ടയാളാണ് ജാദവ് മൊലായ് പായംഗ്. ആസാമില്‍ അദ്ദേഹത്തിന്റെ ജന്മ സ്ഥലത്തിന് സമീപമുള്ള സാന്ദ് ബാര്‍ എന്ന സ്ഥലത്ത് 1979ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരങ്ങളെല്ലാം കടപുഴകി വീണ് നശിച്ചിരുന്നു. തരിശായി കിടന്ന ഈ പ്രദേശത്തെ ഒരു കൊടുംവനമാക്കി മാറ്റാനായിരുന്നു ജാദവിന്റെ തീരുമാനം. എന്നാല്‍ തന്റെ തീരുമാനം സര്‍ക്കാരിന്റെ വനം വകുപ്പിനെ അറിയിച്ചെങ്കിലും ജാദവിന് അവരില്‍നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്.

ഇതില്‍ ഏറെ വിഷണ്ണനായ ജാദവ് പഠനം മതിയാക്കി വീട്ടില്‍ ഒറ്റപ്പെട്ട് കഴിയാന്‍ തുടങ്ങി. തന്റെ തീരുമാനം ഒറ്റയ്ക്ക് നടപ്പാക്കാനായിരുന്നു ജാദവിന്റെ പിന്നീടുള്ള ശ്രമങ്ങള്‍. തരിശ് സ്ഥലത്ത് തന്നെക്കൊണ്ടാകുന്ന തരത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. അദ്ദേഹം നട്ടുപിടിപ്പിച്ച ചെടികള്‍ക്ക് രാവിലെയും വൈകുന്നേരവും വെള്ളംനനച്ച് അതിനെ പരിപാലിച്ച് പോന്നു. അങ്ങനെയിരിക്കെ ജാദവിന് തന്റെ ഗ്രാമത്തില്‍നിന്ന് കുറച്ച് ചുമന്ന നിറത്തിലുള്ള ഉറുമ്പുകളെ കിട്ടി. ജാദവ് അവയെയും സാന്ദ്ബാറില്‍ എത്തിച്ചു.

പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി പ്രദേശത്ത് ക്രമേണ ചെറിയ ചെടുകളും വൃക്ഷത്തൈകളുമെല്ലാം കണ്ടുതുടങ്ങി. കാണ്ടാമൃഗവും ബംഗാള്‍ കടുവയുമുള്‍പ്പെടെയുള്ളവയെ ഇവിടെ കാണാന്‍ തുടങ്ങി. 2008ലാണ് ജാദവിന്റെ മാസ്മരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആസാം സര്‍ക്കാരിന്റെ വനം വകുപ്പ് അറിഞ്ഞത്. അപ്പോഴേക്കും ജാദവ് 1360 ഏക്കറില്‍ വനം നിര്‍മിച്ച് കഴിഞ്ഞിരുന്നു.

ജാദവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് 2012 ഏപ്രിലില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ പരിസ്ഥിതി സയന്‍സ് വിഭാഗം ജാദവിനെ അനുമോദിക്കാന്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ എന്ന ബഹുമതിയും ലഭിച്ചു. ഈ ബഹുമതി സമ്മാനിച്ച നിമിഷത്തില്‍ അദ്ദേഹം താന്‍ വനം നട്ടുപിടിപ്പിക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഈ വര്‍ഷം അദ്ദേഹത്തിന് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മശ്രീയും ലഭിച്ചു.