വാര്‍ധക്യത്തിന്റെ വഴിയിലും കര്‍മ നിരതനായി കടന്നല്‍ ഗംഗാധരന്‍

വാര്‍ധക്യത്തിന്റെ വഴിയിലും കര്‍മ നിരതനായി കടന്നല്‍ ഗംഗാധരന്‍

Wednesday December 02, 2015,

2 min Read

തിരുവനന്തപുരം: വാര്‍ധക്യത്തിന്റെ വഴിയിലും കര്‍മ നിരതനായി കടന്നല്‍ ഗംഗാധരന്‍. പേരില്‍ കടന്നല്‍ എന്ന പേര് എങ്ങനെ വന്നുവെന്ന് ആലോചിച്ച് തല പുണ്ണാക്കേണ്ട. കടന്നലുകളില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കുന്ന ഗംഗാധരന് നാട്ടുകാര്‍ സ്‌നേഹത്തോടെ നല്‍കിയ പേരാണിത്. എഴുപത്തിയൊന്നാം വയസിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിലുള്ള ഓട്ടത്തിലാണ് ഫയര്‍ഫോഴ്‌സില്‍ നിന്ന് വിരമിച്ച ഗംഗാധരന്‍.

image


ഫയര്‍ഫോഴ്‌സ് സര്‍വീസില്‍ നിന്ന് വിരമിച്ച് പതിനാറ് വര്‍ഷമായിട്ടും കടന്നല്‍ ഗംഗാധരന് വിശ്രമമില്ല. വെള്ളായണി സ്വദേശിയായ ഗംഗാധരന്‍ വിരമിച്ച ശേഷം പിടികൂടിയത് 1542 കടന്നല്‍കൂടുകളാണ്. തേനീച്ച കടന്നല്‍ മുതല്‍ ജീവിന് 'ഭീഷണിയായ കാട്ടുകടന്നലിനെ വരെ പിടികൂടിയിട്ടുണ്ട്. സര്‍വീസ് കാലയളവിലും അതിസാഹസിക രക്ഷാപ്രവര്‍ത്തനം ഗംഗാധരന്‍ ചെയ്യുമായിരുന്നു. സര്‍വീസിലുള്ള സമയത്ത് തുടങ്ങിയതാണ് ഗംഗാധരന്റെ ഈ സേവനം. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും വിശ്രമിക്കാന്‍ തയാറാകാതെ അപകടത്തില്‍പെടുന്നവരുടെ രക്ഷകനായി ഗംഗാധരന്‍ എത്തി. കടന്നല്‍ കൂടുകള്‍ നശിപ്പിക്കാന്‍ യാദൃശ്ചികമായി പോകേണ്ടി വന്നതാണ് പിന്നീട് തന്നെ കടന്നല്‍ ഗംഗാധരനാക്കിയത്.

രാത്രികാലങ്ങളിലാണ് കടന്നലുകളെ പിടികൂടുക. കൂട്ടമായാണ് കടന്നലുകള്‍ ജീവിക്കുന്നത്. പകല്‍ സമയം പുറത്ത് പോകുന്ന ഇവ എല്ലാം രാത്രി കൂടുകളില്‍ ഒന്നിക്കുന്നു. അതിനാലാണ് രാത്രിയില്‍ കൂട് നശിപ്പിക്കുന്നത്. ആദ്യം കടന്നലുകളെ കൂട്ടില്‍ നിന്ന് അകറ്റാന്‍ കെമിക്കല്‍ സ്‌പ്രേ ചെയ്യും. സ്‌പ്രേ അടിക്കുന്നതോടെ കൂടുപേക്ഷിച്ച് കടന്നലുകള്‍ പോകുന്നു ഇതില്‍ പത്ത് ശതമാനം കടന്നലുകള്‍ ചാകും. പലപ്പോഴും ഇവയുടെ കുത്തേറ്റിറ്റുണ്ട്. അപ്പോഴൊക്കെ ടെറ്റനസ് എടുക്കുകയും വേദനസംഹാരി കഴിക്കുകയുമാണ് പതിവെന്ന് ഗംഗാധരന്‍ പറയുന്നു. കോട്ടയത്തും ആലപ്പുഴയിലും എറണാകുളത്തുമെല്ലാം കടന്നലുകളെ പിടികൂടാന്‍ ഗംഗാധരന്‍ പോയിട്ടുണ്ട്.

ഫല്‍റ്റുകളിലും മുത്തശി മരങ്ങളിലും ഭീമന്‍കൂടുകള്‍ നശിപ്പിക്കാന്‍ പോയിട്ടുള്ളപ്പോള്‍ അപകടം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ജോലി ചെയ്യാനുള്ള താത്പര്യവും മനസിന്റെ ധൈര്യവുമാണ് ഈ മേഖല ഉപേക്ഷിക്കാന്‍ തയാറാകാത്തതെന്ന് ഗംഗാധരന്‍ പറയുന്നു. ഗിന്നസ്ബുക്കില്‍ ഇടംനേടണമെന്നാണ് ഗംഗാധരന്റെ ആഗ്രഹം. അതിനുള്ള പ്രയത്‌നത്തിലാണ് അദ്ദേഹം. സര്‍വീസ് കാലയളവില്‍ രക്ഷാപ്രവര്‍ത്തനത്തിന് രാഷ്ട്രപതി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജീവന്‍ കയ്യിലെടുത്ത് കടന്നലുകള്‍ക്കെതിരെ പോരാടുമ്പോഴും തനിക്ക് ചെയ്യാനാകുന്ന സേവനം സമൂഹത്തിന് ചെയ്യുക മാത്രമാണെന്നും ഗംഗാധരന്‍ പറയുന്നു. തന്റെ സേവനം ആവശ്യമുള്ളവര്‍ 9747149175 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി എന്നും ഗംഗാധരന്‍ പറയുന്നു.