ഹമ്‌റിയ ഫ്രീസോണില്‍ ബിസിനസ് സംരംഭങ്ങള്‍ക്കായി പത്തുശതമാനം ഫീസ് ഇളവ്

ഹമ്‌റിയ ഫ്രീസോണില്‍ ബിസിനസ് സംരംഭങ്ങള്‍ക്കായി പത്തുശതമാനം ഫീസ് ഇളവ്

Saturday March 26, 2016,

2 min Read


കൊച്ചിഷാര്‍ജയിലെ ഏറ്റവും വലിയ രണ്ടാമത്തെ എക്കോണമിക്ക് ഫ്രീസോണായ ഹമ്‌റിയ ഫ്രീസോണില്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മുഖേന അപേക്ഷിക്കുന്നവര്‍ക്ക് പത്തുശതമാനം ഫീസ് ഇളവ് അനുവദിക്കുമെന്ന് ഫ്രീസോണ്‍ ഡെപ്യൂട്ടി കമേഴ്‌സ്യല്‍ ഡയറക്ടര്‍ അലി അല്‍ ജര്‍വാന്‍. ഹമ്‌റിയ ഫ്രീസോണില്‍ നിക്ഷേപകര്‍ക്കുള്ള അവസരങ്ങളെക്കുറിച്ച് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗം അപേക്ഷ നല്‍കുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുകയെന്നും സ്ഥിരം സംവിധാനമായിരിക്കില്ലെന്നും അലി അല്‍ ജര്‍വാന്‍ വ്യക്തമാക്കി.

image


അപേക്ഷ നല്‍കിയാല്‍ രണ്ടു മണിക്കൂറിനകം ലൈസന്‍സ് ലഭിക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വേഗതയേറിയ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനമാണ് ഹമ്‌റിയ ഫ്രീസോണില്‍ ഉള്ളതെന്നും ക്ലിയറന്‍സിനുള്ള സമയം 45 മിനിറ്റായി കുറച്ചുകൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഫ്രീസോണിന്റെ ഓവര്‍സീസ് പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി മുഹമ്മദ് ബഷീര്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് വിവരങ്ങളുമായി ഫ്രീസോണിലെത്തിയാല്‍ രണ്ടു മണിക്കൂറിനകം വ്യക്തിഗത ബിസിനസ് ആരംഭിക്കുന്നതിനുള്ള ലൈസന്‍സും മറ്റ് അനുമതികളും ലഭിക്കും. സ്വന്തം കമ്പനി തുടങ്ങുന്നതിനും ഷെയര്‍ ഹോള്‍ഡിംഗ് കമ്പനിയും ബ്രാഞ്ച് കമ്പനിയും തുടങ്ങുന്നതിനും വ്യത്യസ്തമായ നടപടിക്രമങ്ങളുണ്ട്. 100 ശതമാനം നികുതി രഹിതമായതിനാല്‍ കോര്‍പറേറ്റ് ടാക്‌സോ ആദായനികുതിയോ മറ്റേതെങ്കിലും നികുതിയോ അടക്കേണ്ടതില്ല. യു എ ഇയില്‍ വിദേശത്തു നിന്നുള്ളവര്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് ലോക്കല്‍ പാര്‍ട്ട്ണര്‍ഷിപ്പ് ആവശ്യമാണ്. എന്നാല്‍ ഫ്രീസോണില്‍ പൂര്‍ണ ഉടമസ്ഥതയില്‍ ഒരു നിയന്ത്രണവും ഇല്ലാതെ ആര്‍ക്കും കമ്പനി തുടങ്ങാന്‍ കഴിയും. തുറമുഖത്തിന്റെയും വിമാനത്താവളത്തിന്റെയും സാമീപ്യവും മികച്ച ഗതാഗത സംവിധാനങ്ങളും കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള മികച്ച സാധ്യതയാണ് നല്‍കുന്നത്.

ഹമ്‌റിയ ഫ്രീസോണില്‍ അഞ്ച് ബില്യണ്‍ യു എസ് ഡോളറിന്റെ നിക്ഷേപവുമായി 163 രാജ്യങ്ങളില്‍ നിന്നുള്ള 6500 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇതില്‍ 35 ശതമാനം കമ്പനികളും ഇന്ത്യക്കാരുടേതാണ്. ഇതില്‍ തന്നെ 200 മില്യണ്‍ ഡോളറിന്റെ ബിസിനസ് നടത്തുന്നത് മലയാളികളാണ്. കഴിഞ്ഞ വര്‍ഷം മാത്രം 1200 കമ്പനികള്‍ പുതുതായി ആരംഭിച്ചു. സ്റ്റീല്‍ നിര്‍മാണ അനുബന്ധ കമ്പനികളാണ് ഇതില്‍ വലിയ പങ്കും. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പെട്രോ കെമിക്കല്‍ കമ്പനിയടക്കം 500 വ്യവസായ ശാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ജബല്‍അലി കഴിഞ്ഞാല്‍ യു എ ഇയിലെ രണ്ടാമത്തെ വലിയ ഫ്രീസോണാണ് ഹമ്‌റിയ. സര്‍വസജ്ജമായ ഓഫീസുകള്‍, വെയര്‍ഹൗസുകള്‍, വ്യവസായാവശ്യത്തിനുള്ള ഭൂമി തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണ് ഇവിടെ സംരംഭകര്‍ക്കായി ഒരുക്കിയിയിട്ടുള്ളത്.

image


മാനുഫാക്ചറിംഗ്, സര്‍വീസ്, ട്രേഡിംഗ് എന്നിങ്ങനെ മൂന്നു തരം ലൈസന്‍സുകളാണ് ഫ്രീസോണില്‍ അനുവദിക്കുന്നത്. ഇ ഓഫീസ് പാക്കേജില്‍ ഒരു സര്‍വീസ് കമ്പനി തുടങ്ങുന്നതിന് 7000 ഡോളറാണ് വാര്‍ഷിക വാടക നിരക്ക്. 10 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 42 സ്്ക്വയര്‍ മീറ്റര്‍ വരെയുള്ള ഓഫീസുകള്‍ ലഭ്യമാണ്. ഫ്രീസോണിനെ ഒരു അന്താരാഷ്ട്ര മാര്‍ക്കറ്റായി ഉപയോഗപ്പെടുത്താനും കഴിയും. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ലോക വിപണിക്ക് പരിചയപ്പെടുത്താനും വില്‍പന നടത്താനും ഇവിടെ മികച്ച അവസരങ്ങളുണ്ട്. 2500 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ ആവശ്യമനുസരിച്ച് ഭൂമി പാട്ട വ്യവസ്ഥയില്‍ ലഭ്യമാകും. അനുവദിക്കുന്നതിന്റെ 60 ശതമാനം സ്ഥലത്താണ് നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കഴിയുക. ബാക്കി ഭൂമി അനുബന്ധ സൗകര്യങ്ങള്‍ക്കായി ഉപയോഗപ്പടുത്തണം. 22 മില്യണ്‍ സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള ഹമ്ദിയ ഫ്രീസോണില്‍ 60 കിലോമീറ്ററില്‍ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഫോര്‍ട്ട്‌ കൊച്ചി സബ് കളക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. ചേംബര്‍ ചെയര്‍മാന്‍ രാജാ സേതുനാഥ് അധ്യക്ഷത വഹിച്ചു. എ ജെ രാജന്‍ ഐ എ എസ് നന്ദി പറഞ്ഞു.