കണ്‍സ്യൂമര്‍ഫെഡ് ഉത്പന്നങ്ങള്‍ ഇനി വീട്ടിലിരുന്നു വാങ്ങാം

0

ഇനി കണ്‍സ്യൂമര്‍ഫെഡ് ഉത്പന്നങ്ങള്‍ക്കായി അലഞ്ഞുതിരിയേണ്ട. വീട്ടിലിരുന്നാല്‍ മതി സാധനങ്ങള്‍ വീട്ടിലെത്തിക്കാനുള്ള സംവിധാനം കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ചു കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങളും, മരുന്നുകള്‍, സ്റ്റേഷനറി തുടങ്ങിയ സാധനങ്ങളും ഡോര്‍ ഡെലിവറി നല്‍കുന്ന പദ്ധതിയും സെയില്‍സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങല്‍ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണനാണ് നിര്‍വഹിച്ചത്.  

ഡോര്‍ ഡെലിവറി സംവിധാനം കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക് എത്തിക്കാനുള്ള കര്‍മ്മപദ്ധതിയാണെന്നും ഇതിന്റെ പ്രവര്‍ത്തനം സാധാരണക്കാര്‍ക്ക് അനുഗ്രഹമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. നൂതന പദ്ധതികള്‍ ഫെഡറേഷനെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്നും മന്ദീഭവിച്ച പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കാന്‍ ഉത്തേജനമാകുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം തിരുവനന്തപുരം ജില്ലയിലെ ത്രിവേണി ക്രിസ്തുമസ് പുതുവത്സര ഷോപ്പിംഗ് ഫെസ്റ്റിവലിന്റെയും സമ്മാനപദ്ധതിയുടെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

പ്രതിസന്ധിയിലായ കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിത്. ആവശ്യമുള്ള സാധനങ്ങള്‍ മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും മൊബൈല്‍ ത്രിവേണികളും വഴിയാണ് സാധനമെത്തിക്കുക. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം മേഖലാ ഓഫിസ് പരിധിയിലാണ് ആദ്യം നടപ്പാക്കുന്നത്. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരെയും ഇതിന് ഉപയോഗപ്പെടുത്തും. നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമേ, നീതി മെഡിക്കല്‍ സ്റ്റോര്‍വഴി ഡോക്ടറുടെ കുറിപ്പുപ്രകാരം മരുന്നുകളും ലഭ്യമാക്കും.

തിരുവനന്തപുരം മേഖലയിലെ കേശവദാസപുരം, പേരൂര്‍ക്കട, വെള്ളയമ്പലം, മണക്കാട്, നെടുമങ്ങാട്, പാളയം, ആറ്റിങ്ങല്‍, വര്‍ക്കല, വെഞ്ഞാറമൂട്, കിളിമാനൂര്‍, തിരുമല, നെയ്യാറ്റിന്‍കര, പാലോട്, ആനാട്, വിഴിഞ്ഞം, ആര്യനാട്, പിരപ്പന്‍കോട് എന്നിവിടങ്ങളിലെ യൂനിറ്റുകള്‍ക്കുകീഴില്‍ പദ്ധതി പ്രവര്‍ത്തനത്തിന് നടപടികള്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം സംസ്ഥാനത്തെ മറ്റു മേഖലകളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് എം ഡി ഡോ. എസ് രത്‌നകുമാര്‍ പറഞ്ഞു.  

ഡോര്‍ ഡെലിവറി പദ്ധതി പ്രകാരം രണ്ടായിരം രൂപയ്ക്ക് മേല്‍ ഓര്‍ഡര്‍ ചെയ്യപ്പെടുന്ന കണ്‍സ്യൂമര്‍ഫെഡ് ഉത്പന്നങ്ങള്‍ യഥാര്‍ത്ഥ ചെലവിന്റെ അടിസ്ഥാനത്തില്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നു. ഓര്‍ഡര്‍ തുക അയ്യായിരം രൂപയ്ക്കുമേല്‍ ആണെങ്കില്‍ ഡെലിവറി ചാര്‍ജ്ജ് ഈടാക്കില്ല.

ആയിരം രൂപയ്ക്ക് മേല്‍ ഇംഗ്ലീഷ് ഔഷധങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് യഥാര്‍ത്ഥ ചെലവിലും രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്കുമേല്‍ ആണെങ്കില്‍ ഡെലിവറി ചാര്‍ജ്ജില്ലാതെയും മരുന്നുകള്‍ എത്തിക്കുന്നു. കൂടാതെ സ്റ്റേഷനറി സാധനങ്ങളും ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നു.