അഴിമതി വീണ്ടും ചര്‍ച്ചയാക്കി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്

അഴിമതി വീണ്ടും ചര്‍ച്ചയാക്കി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്

Wednesday May 11, 2016,

3 min Read


അഴിമതി എന്നത് കാന്‍സറിനെപ്പോലെയാണ്. അത് ഇന്ത്യയെ പതുക്കെ പതുക്കെ നശിപ്പിക്കുമെന്നു ഓരോ സമയത്തും പറയപ്പെടാറുണ്ട്. എന്നാല്‍ ഈ കാന്‍സര്‍ ഒരിക്കലും മരിക്കാന്‍ തയാറാവാറില്ല. ഇതിലെ ഏറ്റവും പുതിയതാണ് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ വീണ്ടും അഴിമതി സമൂഹ മധ്യത്തു വന്നിരിക്കുകയാണ്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന്റെ സാഹചര്യത്തില്‍ അഴിമതിയെക്കുറിച്ച് സംസാരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അഷുതോഷ്. ഇതു പുതിയതല്ല. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ജനശ്രദ്ധ നേടിയതാണിത്. എന്നാല്‍ ഇപ്പോഴിത് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കിരിക്കുകയാണ്. അതിനു മിലന്‍ കോടതിവിധിയോടാണ് നന്ദി പറയേണ്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യം മുഴുവന്‍ ഈ വിഷയത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ഭരണകക്ഷിയായ ബിജെപി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസാകട്ടെ ബിജെപിയെ ആക്രമിക്കുന്നു. മറ്റൊരു അതിശയകരമായ കാര്യം കഴിഞ്ഞ കാലത്തെപ്പോലെതന്നെ ഇതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല.

image


വാജ്‌പേയ് സര്‍ക്കാരാണ് അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഇടപാടിന് മുന്‍കൈ എടുത്തത്. 2003 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് വിവിഐപി ഹെലികോപ്റ്ററുകള്‍ക്ക് മാറ്റം വരുത്താന്‍ തീരുമാനമെടുത്തത്. 2004 ല്‍ വാജ്‌പേയ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുകയും മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. ഇടപാടിനായി അനുമതി നല്‍കിയത് മന്‍മോഹന്‍ സിങ്ങിന്റെ കാലത്താണ്. 2014 തിരഞ്ഞെടുപ്പു സമയത്താണ് ഇടപാടില്‍ തട്ടിപ്പ് നടന്ന വിവരം പുറത്തുവന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കവേ മിലന്‍ കോടതി വിധി കോണ്‍ഗ്രസിനെ ആക്രമിക്കാനായി ലഭിച്ച മികച്ച അവസരമായിട്ടാണ് ബിജെപി കണക്കാക്കുന്നത്. കോടതിവിധിയില്‍ സോണിയ ഗാന്ധിയെയും അഹമ്മദ് പട്ടേലിന്റെയും പേര് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കോ മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കോ ഇടപാടില്‍ പങ്കുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

ബിജെപി കോണ്‍ഗ്രസിനെ ചവിട്ടിത്തേക്കാനും ആക്രമിക്കാനുമുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്. എന്നാല്‍ എനിക്ക് ഏതാനും ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ചോദ്യം ഒന്ന് അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഇടപാട് പുറത്തായതോടെ ഇറ്റലി സര്‍ക്കാര്‍ വളരെ പെട്ടെന്നുതന്നെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോയി. അവര്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചു, റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കീഴ്‌ക്കോടതി കേസ് പരിഗണിച്ച് വിധി പ്രഖ്യാപിച്ചു. മുകള്‍ക്കോടതി ആ വിധി ശരിവയ്ക്കുകയും ചെയ്തു. കുറ്റക്കാരനെന്നു കണ്ടെത്തിയ കമ്പനിയുടെ രണ്ടു ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കോടതി ശിക്ഷ വിധിക്കുകയും അവര്‍ രണ്ടുപേരും ഇപ്പോള്‍ ജയിലില്‍ കിടക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ ശരിയായ അന്വേഷണം പോലും നടന്നിട്ടില്ലെന്നതാണ് ദുഃഖകരമായ കാര്യം.

മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഈ കേസില്‍ മാന്ദ്യം കാണിച്ചതെന്തുകൊണ്ടാണെന്നു എനിക്ക് മനസിലാക്കാന്‍ കഴിയും. എന്നാല്‍ മോദി സര്‍ക്കാര്‍ എന്തുകൊണ്ട് മുന്നോട്ടു പോകുന്നില്ല?. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ ഇടപാടുമായി ബന്ധപ്പെട്ട് ഒരന്വേഷണത്തിനും അവര്‍ നടപടി എടുക്കാത്തതെന്തുകൊണ്ടാണ്?. സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ ഈ വിഷയത്തില്‍ അടിയന്തിരമായി ഒരു നടപടിയും എടുത്തില്ല. ആരാണ് അവരെ തടയുന്നത്? അങ്ങനെയെങ്കില്‍ എന്തുകൊണ്ട്?. അഴിമതിയെ ഒരിക്കലും വച്ചു പൊറുപ്പിക്കില്ലെന്നാണ് മോദി അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അഴിമതിക്കാരുടെ ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കുകയും അഴിമതി നടത്താന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നു. അഴിമതിയെ വച്ചുപൊറുപ്പിക്കില്ല എന്ന മോദിയുടെ പ്രസ്താവന സത്യമാണെങ്കില്‍ ഈ തട്ടിപ്പിലെ യഥാര്‍ഥ കുറ്റക്കാര്‍ ആരാണെന്നു രാജ്യത്തിലെ ജനങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി കൊടുക്കണം.

രണ്ടാമതായി ബിജെപിയിലെ ഉന്നത നേതാക്കള്‍ ഈ ഇടപാടില്‍ സോണിയ ഗാന്ധി വന്‍പണം കൈപ്പറ്റിയതായി ഉയര്‍ന്ന ശബ്ദത്തില്‍ ആക്രോശിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇതുവരെ അവര്‍ക്കെതിരെ നടപടി എടുക്കാത്തത്?. പ്രധാനമന്ത്രിയും തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഇതേ കാര്യം ആവര്‍ത്തിക്കുന്നു. എന്നാല്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ഒരു നോട്ടീസ് പോലും സോണിയയ്ക്ക് അയയ്ച്ചിട്ടില്ല. തമാശ നിറഞ്ഞ മറ്റൊരു കാര്യം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സോണിയ ഗാന്ധിയോട് കൈക്കൂലി വാങ്ങിയ മറ്റുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തണം എന്നാവശ്യപ്പെട്ടതാണ്. കുറ്റകൃത്യം നടത്തിയവരുടെ കൂട്ടാളികളുടെ പേരുകള്‍ പറയാന്‍ ഒരു കള്ളനോട് യാചിക്കുന്നതു പോലെയാണിത്. അതേസമയം, തങ്ങളുടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താതെ രണ്ടു മാസത്തിനുള്ളില്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കാന്‍ മോദി സര്‍ക്കാരിനെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

ഈ സാഹചര്യത്തില്‍ നമ്മുടെ രാജ്യത്തിലെ വ്യവസ്ഥിതിയെക്കുറിച്ചും അഴിമതിയെ തുടച്ചുനീക്കാന്‍ എന്തു നടപടികളാണ് കൈകൊള്ളുന്നതിനെക്കുറിച്ചുമുള്ള നിരവധി ചോദ്യങ്ങള്‍ അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് ഇടപാട് ഉയര്‍ത്തുന്നുണ്ട്.

1. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിക്കെതിരെ പോരാടാന്‍ ശരിക്കും താല്‍പര്യപ്പെടുന്നുണ്ടോ? ഉത്തരം ഇല്ല എന്നായിരിക്കും. എതിരാളികളെ ആക്രമിക്കാനുള്ള രാഷ്ട്രീയ ആയുധമായിട്ടാണ് അവര്‍ ഇതിനെ കരുതുന്നത്. ഈ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസിനെ കരിവാരി തേച്ച് തിരഞ്ഞെടുപ്പു നേട്ടം കൊയ്യാനുള്ള അവസരമായിട്ടാണ് ബിജെപി അഗസ്റ്റവെസ്റ്റ്‌ലാന്‍ഡിനെ ഉപയോഗിക്കുന്നത്. ഇക്കാര്യം ബിജെപി ഗൗരവമായി എടുത്തിരുന്നെങ്കില്‍ ഇതിനുമുന്‍പു തന്നെ അന്വേഷണം പൂര്‍ത്തിയായേനെ. ഇറ്റലിയിലേതുപോലെ കുറ്റവാളികള്‍ ഇപ്പോള്‍ ജയിലിനകത്തു കിടന്നേനെ.

2. രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയുടെ കാര്യത്തില്‍ സത്യസന്ധരാണോ? ഉത്തരം ഒരിക്കല്‍ക്കൂടി ഇല്ല എന്നായിരിക്കും. കോണ്‍ഗ്രസ് തെറ്റുകാരാണെങ്കില്‍ ബിജെപിയും അതിനുത്തരവാദികളാണ്. ഹെലികോപ്റ്ററുകളില്‍ മാറ്റം വരുത്തണമെന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനമാണ്അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് കമ്പനി പിന്നീട് തങ്ങള്‍ക്ക് നേട്ടമാക്കി മാറ്റിയത്.

3. അന്വേഷണ ഏജന്‍സികളെയാണോ നടപടിയെടുക്കാത്തതിന് കുറ്റപ്പെടുത്തേണ്ടത്? ഉത്തരം ഒരിക്കല്‍ക്കൂടി ഇല്ല എന്നായിരിക്കും. ഇവിടെ അന്വേഷിക്കാന്‍ കൃത്യമായ അന്വേഷണ സംവിധാനമോ കുറ്റക്കാരെ ശിക്ഷിക്കാനായി പ്രത്യേക വ്യവസ്ഥിതിയോ ഇല്ലെന്നാണ് അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് തെളിയിക്കുന്നത്. ഭരണകക്ഷികളാണ് അന്വേഷണ ഏജന്‍സികളെ നിയന്ത്രിക്കുന്നത്. സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായിട്ടാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അന്വേഷണം നടക്കാത്തതില്‍ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയോ കുറ്റപ്പെടുത്താനാവില്ല. ഭരണകര്‍ത്താക്കളെയാണ് ശരിക്കും കുറ്റപ്പെടുത്തേണ്ടത്. അവര്‍ക്കാണ് അഴിമതിയിലൂടെ ശരിക്കും ലാഭം ലഭിക്കുന്നത്.

4. എന്താണ് ഇതിനൊരു പരിഹാരം? എങ്ങനെയാണ് അഴിമതിക്കെതിരെ പോരാടുക? ഉത്തരം ലളിതമാണ്. അന്വേഷണ ഏജന്‍സികളെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍നിന്നും മാറ്റണം. അവയെ സ്വതന്ത്രരാക്കുക. അങ്ങനെയെങ്കില്‍ കൃത്യസമയത്ത് അന്വേഷണം പൂര്‍ത്തിയാക്കും.

5. ഇതെപ്പോഴെങ്കിലും നടക്കുമോ? ഉത്തരം ഇല്ല എന്നായിരിക്കും. എന്തുകൊണ്ട്? ഇനി ഞാന്‍ ഉത്തരം പറയാം. അഴിമതിയെ തുടച്ചുനീക്കാന്‍ ശക്തമായും സ്വതന്ത്രവുമായ ലോക്പാല്‍ ബില്‍ വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ പ്രക്ഷോഭം നടത്തി. ഒരാഴ്ച നീണ്ടുനിന്ന പ്രക്ഷോഭത്തിനുശേഷം ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ ഇതുവരെ അതു ഉപയോഗിച്ചിട്ടില്ല. ഇപ്പോഴും അതു വെറുതെ കിടക്കുന്നു. അഴിമതിക്കെതിരെ പോരാടുമെന്നു മോദി പറയുന്നത് സത്യമെങ്കില്‍ ലോക്പാല്‍ ഉപയോഗിച്ച് അദ്ദേഹം ഇതു തെളിയിക്കണം.

അഗസ്റ്റവെസ്റ്റ്‌ലാന്‍ഡും അവസാനം ബോഫേഴ്‌സ് വഴിയെ പോകുമോ എന്നാണ് ഇപ്പോഴത്തെ എന്റെ പേടി. കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയും പൊതുപണം മുന്‍പത്തെപ്പോലെ കൊള്ളയടിക്കപ്പെടുകയും ചെയ്യും. സമതുലിതാവസ്ഥ ശരിയായ രീതിയിലേക്ക് നമ്മുടെ ഭരണഘടന വഴി കൊണ്ടുവരാന്‍ ഒരു വിപ്ലവം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതു സംഭവിക്കുമോ? ഇതു നിരവധിപേര്‍ ഉന്നയിക്കുന്ന ചോദ്യമാണ്. കാരണം കാന്‍സറിനെ പൂര്‍ണമായും ഭേദപ്പെത്തുകയാണ് വേണ്ടത്. അല്ലാതെ കപടവാക്യങ്ങളോ വാചകമടിയോ അല്ല.