കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി; കരുത്തും കരുണയും ഒത്തു ചേര്‍ന്ന വ്യവസായി

0

കേരളത്തിന്റെ വ്യവസായ രംഗത്ത് വി ഗാര്‍ഡ് എന്നത് വലിയ ചരിത്രമാണ്. ഇതിനു പിന്നിലെ ബുദ്ധിയും ശക്തിയുമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വ്യവസായി. വി-ഗാര്‍ഡ് എന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍ എന്നതിനുപരി സഹജീവിയോട് കരുണയുള്ള മനുഷ്യസ്‌നേഹി കൂടിയാണ് ഇദ്ദേഹം. അവയവദാനത്തിന്റെ മഹത്വം സ്വന്തം വൃക്ക ദാനം ചെയ്താണ് അദ്ദേഹം സമൂഹത്തിന് കാട്ടിക്കൊടുത്തത്.

ബിസിനസ് രംഗത്ത് വിഗാര്‍ഡ് ഇന്‍ഡസ്ട്രിസ് ഉടമ എന്ന നിലയില്‍ കേരളത്തിന്റെ വ്യവസായ രംഗത്ത് ചരിത്രപരമായ മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടു വന്നത്. തന്റെ നേട്ടങ്ങള്‍ തന്റേതായി മാത്രം ഒതുക്കാതെ അത് മറ്റുള്ളവര്‍ക്കായി മാറ്റി വച്ച് മാതൃകയാകുന്ന ഒരു വ്യക്തിത്വമാണ് ചിറ്റിലപ്പള്ളിയുടേത്.

കേരളത്തില്‍ വ്യവസായങ്ങള്‍ വാഴില്ലെന്ന് എല്ലാവരും പറഞ്ഞിരുന്ന കാലത്താണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന വ്യവസായി വി-ഗാര്‍ഡ് സ്റ്റെബിലൈസര്‍ എന്ന കമ്പനി തുടങ്ങി വിജയിപ്പിച്ചത്. സ്വന്തം സ്ഥാപനത്തെയും തൊഴിലാളി സമരങ്ങള്‍ ബാധിക്കാം എന്ന് വന്നപ്പോള്‍ അതിനെ മറികടന്നതും ചിറ്റിലപ്പള്ളിയുടെ വിജയമായി വേണം കാണാന്‍. അടിപതറാത്ത വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും ആര്‍ദ്രമായ ഒരു മനസും ചിറ്റിലപ്പള്ളി കാത്തു വെച്ചു.സ്വന്തം വൃക്ക ദാനം ചെയ്ത് പില്‍ക്കാലത്ത് ചിറ്റിലപ്പള്ളി മലയാളികള്‍ക്ക്‌ മുന്നില്‍ മഹനീയ മാതൃക തീര്‍ത്തു.

കള്ളവും ചതിയുമില്ലാതെ നേരായ മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോയാല്‍ മാത്രമേ വിജയം ഉണ്ടാകൂ എന്ന പാഠം ചെറുപ്പത്തില്‍ തന്നെ രക്ഷിതാക്കളില്‍ നിന്നും ചിറ്റിലപ്പള്ളി ആര്‍ജ്ജിച്ചിരുന്നു. ഏതൊരു കാര്യം ചെയ്യുമ്പോഴും കൃത്യനിഷ്ഠയോടു കൂടിയും സത്യസന്ധമായും ചെയ്യുക, ശരിയാണെന്നു നിശ്ചയിച്ച തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുക, എന്നിവയാണ് ചിറ്റിലപ്പള്ളി എന്ന വ്യവസായ രാജാവിന്റെ വിജയവും.

ഉപഭോക്താക്കളുടെ തൃപ്തിയാണ് എല്ലാത്തിലും വലുത്. പരസ്യം ചെയ്ത് മാര്‍ക്കറ്റ്‌ കൂട്ടിയാല്‍ മാത്രം അത് കിട്ടില്ല എന്ന് മനസ്സിലാക്കി അദ്ദേഹം എപ്പോഴും ഉപഭോക്താവിന്റെ തൃപ്തി നോക്കി അവരുടെ മനസ്സറിഞ്ഞു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 1977 -ല്‍ തുടരെ തുടരെ മാറികൊണ്ടിരുന്ന വോള്‍ട്ടേജ് പ്രശ്‌നത്തിന് ഒരു പരിഹാരമായി വി-ഗാര്‍ഡെന്ന ആശയം ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ കൊച്ചൗസേപ്പിന് വലിയ അധ്വാനം തന്നെ നടത്തേണ്ടി വന്നു.

തൃശ്ശൂരിലെ ഒരു സാധാരണ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച കൊച്ചൗസേപ്പ് പഠനത്തില്‍ മിടുക്കനായിരുന്നു. തൃശ്ശൂരിലെ സെന്റ് തോമസ് കേളജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം ഒരു ഇലക്ട്രോണിക്‌സ് സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലിയില്‍ പ്രവേശിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം ജോലി രാജി വച്ച് സ്വന്തമായി വ്യവസായം തുടങ്ങാന്‍ തീരുമാനിച്ചു. വ്യവസായത്തിന്റെ ആദ്യകാലഘട്ടം വളരെയധികം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ഒരു ലക്ഷം രൂപ കടമെടുത്താണ് വി-ഗാര്‍ഡ് വോള്‍ട്ടേജ് സ്റ്റെബിലൈസറുകളുടെ മാനുഫാക്ച്ചറിംഗ് യൂണിറ്റ് തുടങ്ങിയത്. തുടക്കത്തില്‍ രണ്ട് പേര്‍ മാത്രമുണ്ടായിരുന്ന യൂണിറ്റിനെ പിന്നീട് മികച്ച ഒരു വ്യവസായ സ്ഥാപനമായി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന്റെ കഠിനമായ പരിശ്രമം ഉണ്ടായിരുന്നു.

കേരളത്തില്‍ വിഗാര്‍ഡ് പോലൊരു വ്യവസായ സംരംഭത്തെക്കുറിച്ച് ആരും ചിന്തിച്ചിട്ടില്ലാത്ത കാലത്താണ് കൊച്ചൗസേപ്പ് ഇങ്ങനെ ഒരു പദ്ധതിയുമായി മുന്നോട്ടു വന്നത്. പുതിയ ഉല്പന്നം വിപണിയില്‍ ഇറക്കുമ്പോള്‍ നേരിടേണ്ടി വന്ന എല്ലാ പ്രതിസന്ധി ഘട്ടങ്ങളും അദ്ദേഹം നേരിട്ടു. ടിവിയും ഫ്രിഡ്ജും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും കേരളത്തിലെ വീടുകളില്‍ കൂടിയതോടെ വി-ഗാര്‍ഡിന്റെ ആവശ്യകതയും വര്‍ദ്ധിച്ചു. കേരളത്തിലെ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വി-ഗാര്‍ഡ് ഒരു തരംഗം തന്നെ സൃഷ്ടിച്ചു. അങ്ങനെ മലയാളികളുടെ വോള്‍ട്ടേജ് പ്രശ്‌നത്തിന് പരിഹാരമായി. പിന്നെ കേരളം പറഞ്ഞു തുടങ്ങി വി-ഗാര്‍ഡ് എന്ന പേര്.

ന്യൂജനറേഷന്‍ ഉല്പന്നങ്ങളുടെ വരവോടെ വി-ഗാര്‍ഡ് സ്റ്റെബിലൈസറുകള്‍ക്ക് മാര്‍ക്കറ്റ് കുറഞ്ഞു തുടങ്ങിയതോടെ ചിറ്റിലപ്പള്ളി മറ്റു ബിസിനസ്സിലേക്ക് തിരിഞ്ഞു അങ്ങനെയാണ് പമ്പ്‌സ് ആന്റ് മോട്ടേഴ്‌സ്, ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ അങ്ങനെ നിരവധി ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചത്.

2000ത്തോടെ ചിറ്റിലപ്പള്ളി അമ്യൂസ്‌മെന്റ് വാട്ടര്‍ തീം പാര്‍ക്കായ വീഗാലാന്റ് കൊച്ചിയില്‍ നിര്‍മ്മിച്ചു. തുടര്‍ന്ന് വണ്ടര്‍ലാ എന്ന പേരില്‍ ബാംഗ്ലൂരിലും അമ്യൂസ്‌മെന്റ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചു. 50 മില്യണ്‍ വരുന്ന ഉപഭോക്താക്കള്‍ക്കു വേണ്ടി 200 ഓളം വിതരണക്കാരും 900ലധികം റീട്ടെയ്ല്‍ വ്യാപാരികളും ഇന്ന് വി-ഗാര്‍ഡിനായി മാര്‍ക്കറ്റില്‍ ഉണ്ട്. ഏതു പ്രതിസന്ധി ഘട്ടത്തിലും തുണയായി ഭാര്യ ഷീലയും രണ്ട് മക്കളും ചിറ്റിലപ്പള്ളിക്ക് ഒപ്പമുണ്ട്.