പച്ചക്കറി വില്‍പ്പനയില്‍ നിന്ന് കാന്‍സര്‍ വിദഗ്ധയായ ഡോ. വിജയലക്ഷ്മി

പച്ചക്കറി വില്‍പ്പനയില്‍ നിന്ന് കാന്‍സര്‍ വിദഗ്ധയായ ഡോ. വിജയലക്ഷ്മി

Monday November 16, 2015,

2 min Read

ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ നിന്ന് വന്ന് വിദ്യാഭ്യാസത്തിന്റെ കരുത്തില്‍ ഉന്നതനിലയിലേക്കെത്തിയ കഥയാണ് വിജയലക്ഷ്മിക്ക് പറയാനുള്ളത്. ഗുല്‍ബര്‍ഗയിലെ ഒരു തെരുവിലാണ് അവര്‍ ജനിച്ചതും വളര്‍ന്നതും. പഴയ ചെരുപ്പുകള്‍ തുന്നിച്ചേര്‍ക്കലായിരുന്നു അച്ഛന്റെ ജോലി. അച്ഛന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ ആകൃഷ്ടനായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരേയും ശാക്തീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഔപചാരിക വിദ്യാഭ്യാസമില്ലാതിരുന്നിട്ടും വിശേഷബുദ്ധിയുള്ള അദ്ദേഹം ജാതി ചിന്തകള്‍ പൊട്ടിച്ചെറിഞ്ഞ് സ്വന്തമായി നിലകൊണ്ടു. അച്ഛന്റെ ഈ ചിന്തയാണ് വിജയലക്ഷ്മിയെ ഡോക്ടര്‍ വിജയലക്ഷ്മിയാക്കിയത്. ചെറുപ്പകാലത്ത് ജീവിക്കാന്‍ വേണ്ടി പച്ചക്കറി വില്‍പ്പനക്കാരിയായ വിജയലക്ഷ്മി വിവാഹം കഴിക്കാതെ തന്റെ പഠനത്തില്‍ ശ്രദ്ധിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വിദഗ്ധരായ ഓങ്കോളജിസ്റ്റുമാരില്‍ ഒരാളാണ് ഡോ. വിജയലക്ഷ്മി. കര്‍ണ്ണാടക കാന്‍സര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റാണ് ഇന്നവര്‍. നിരവധി അവാര്‍ഡുകളാണ് വിജയലക്ഷ്മിെയെത്തേടിയെത്തിയത്. ബാംഗ്ലൂരിലെ കിദ്‌വായി ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ ഹെഡ് ആയിരുന്നു. ഇപ്പോള്‍ ഡോ.വിജയലക്ഷ്മി അവിടെ നിന്ന് വിരമിച്ചു. ഡോ. വിജയലക്ഷ്മി ദേശ്മാനെ തന്റെ പൂര്‍വകാലം ഓര്‍ത്തെടുക്കുന്നു.

image


'അന്നത്തെ കാലത്ത് ആണ്‍കുട്ടികള്‍ മാത്രമേ സ്‌കൂളില്‍ പോകാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ എന്റെ അച്ഛനാണ് എന്നെയും എന്റെ സഹോദരിമാരെയും പഠിക്കാന്‍ പ്രേരിപ്പിച്ചത്. ഗുല്‍ബര്‍ഗയിലെ ഒരു ദളിത് കുടുംബത്തിന് ഇത് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ജീവിതത്തില്‍ നന്മ ചെയ്യാനുള്ള സ്വപ്നം മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ.

വിദ്യാഭ്യാസം അവര്‍ക്ക് വളരെ ബുദ്ധിമുട്ടും ചിലവേറിയതുമായിരുന്നു. അവരുടെ അമ്മ ഒരു പച്ചക്കറി വില്‍പ്പനക്കാരിയായതിനാല്‍ വിജയലക്ഷ്മിക്കും അവരെ സഹായിക്കാറുണ്ടായിരുന്നു. തന്റെ അമ്മയുടെ പക്കലുണ്ടായിരുന്ന ഏക ആഭരണമായ താലിമാല വിറ്റാണ് അവര്‍ പഠിച്ചത്. കഠിനാധ്വാനത്തിലൂടെ 1980ല്‍ ഹൂബ്ലിയിലെ കര്‍ണ്ണാടക മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കി. 1983ല്‍ ബെല്ലാരിയില്‍ നിന്ന് എം.എസ് എടുത്തു. പിന്നീട് ബ്രെസ്റ്റ് കാന്‍സറില്‍ സ്‌പെഷ്യലൈസ് ചെയ്ത് തുടങ്ങി.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ഈ വര്‍ഷം വിരമിച്ചെങ്കിലും തന്റെ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ എത്തിയതായി മാത്രമേ ഡോ.വിജയലക്ഷ്മി കരുതുന്നുള്ളൂ. ഗ്രാമ പ്രദേശങ്ങളിലെ വിവിധ ക്യാമ്പുകള്‍, ബോധവത്ക്കരണ പരിപാടികള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് അവര്‍ നേതൃത്വം നല്‍കി. മാസത്തില്‍ 15 ദിവസം ഈ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വക്കാന്‍ അവര്‍ പദ്ധതിയിട്ടു. ബാക്കിയുള്ള ദിവസങ്ങളില്‍ ചികിത്സയും കൗണ്‍സിലിങ്ങും ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി സേവനം നല്‍കുകയും ചെയ്യും.