ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സ്ഥാപനങ്ങള്‍ ബയോ മെഡിക്കല്‍ നിര്‍മാണരംഗത്ത് രാജ്യത്തിന് പ്രചോദനമാകണം: കേന്ദ്രമന്ത്രി ജെ.പി. നദ്ദ

0

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ബയോ മെഡിക്കല്‍ ഉത്പന്നനിര്‍മാണ രംഗത്തെ ത്വരകങ്ങളും നിര്‍വഹണകേന്ദ്രങ്ങളുമായി മാറണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അഭിപ്രായപ്പെട്ടു. 

ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയുടെ രണ്ടാം ടെക്‌നോളജി കോണ്‍ക്ലേവിന്റെയും ഇന്‍ഡസ്ട്രി മീറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സാങ്കേതികവിദ്യയുടേയും മനുഷ്യശേഷിയുടെ അഭാവം, വന്‍ ചെലവ് തുടങ്ങിയവ കാരണമാണ് രാജ്യത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞത്. ഈ സാഹചര്യം ഒരു അവസരവും വെല്ലുവിളിയുമായി കണ്ടാല്‍ വന്‍ കുതിപ്പുണ്ടാക്കാനാകും. ഇക്കാര്യത്തില്‍ രാജ്യത്തിന് പ്രചോദനമാകാനും വഴികാട്ടിയാകാനും കഴിയും. അക്കാദമികരംഗവും വ്യവസായരംഗവുമായുള്ള കൂട്ടായ്മയിലൂടെ പുതുമനോഭാവം സൃഷ്ടിക്കാനാകണം. കേന്ദ്രമന്ത്രി പറഞ്ഞു. ചികിത്‌സാരംഗത്തെ ഹൃദയവാല്‍വും, ബ്‌ളഡ് ബാഗും ഉള്‍പ്പെടെ വിവിധ ബയോ, മെഡിക്കല്‍ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സേവനം സ്തുത്യര്‍ഹമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. 

ശ്രീ ചിത്രയിലെ ഉത്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വിപണനത്തിനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാനും ടെക്‌നോളജി കോണ്‍ക്‌ളേവ് ഗുണമാകും. സ്‌റ്റെന്റ് നിര്‍മാണത്തില്‍ ശ്രീചിത്ര ശ്രദ്ധ പതിപ്പിച്ചാല്‍ വിപണിയില്‍ ആ മേഖലയിലെ ആവശ്യകത പരിഹരിക്കാനാവും. ആരോഗ്യരംഗം ആധുനികവത്കരിക്കുന്നതിനും രോഗീസൗഹൃദമാക്കുന്നതിനുമുള്ള ആര്‍ദ്രം മിഷന്‍ പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പിന്തുണ ആരോഗ്യരംഗത്ത് കേരളത്തിന് ലഭ്യമാക്കണമെന്നും മന്ത്രി കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചു. ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കെ.എം. ചന്ദ്രശേഖര്‍, ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ബയോ മെഡിക്കല്‍ ടെക്‌നോളജി വിഭാഗം മേധാവി ഡോ. പി.ആര്‍. ഹരികൃഷ്ണ വര്‍മ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ, നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 33 ാം ബാച്ചിന്റെ ബിരുദദാന ചടങ്ങും കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഉദ്ഘാടനം ചെയ്തു.