ഭിന്നശേഷിക്കാര്‍ക്കായി പൂനം നടരാജന്‍

-1

കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 21 ദശലക്ഷത്തോളം ജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അംഗവൈകല്യമുണ്ട്. ആകെ ജനസംഖ്യയുടെ 2.1 ശതമാനത്തോളം വരും ഇവരുടെ എണ്ണം. ഇതില്‍ 12.6 ദശലക്ഷം പേര്‍ പുരുഷന്മാരും 9.3 ദശലക്ഷം സ്ത്രീകളുമാണ്. ഇവരില്‍ 48.5 ശതമാനം പേര്‍ കാഴ്ച വൈകല്യവും 27.9 ശതമാനം പേര്‍ക്ക് ചലനശേഷി ഇല്ലായ്മ, 10.3 ശതമാനം പേര്‍ക്ക് ബുദ്ധിവൈകല്യം, 7.5 ശതമാനത്തിന് സംസാരിക്കാനും 5.8 ശതമാനത്തിന് കേള്‍ക്കാനും സാധിക്കാത്തവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രശ്‌നാത്മകമായ സാഹചര്യത്തെക്കുറിച്ച് നാഷണല്‍ ട്രസ്റ്റ് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസിന്റെ ചെയര്‍പേഴ്‌സണായ പൂനം നടരാജന്‍ സംസാരിക്കുന്നു.

ഭിന്നശേഷിയുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്ന ഒരു സംഘടനയാണ് നാഷണല്‍ ട്രസ്റ്റ്. പൂനത്തിന്റെ കഥ വളരെ വിസ്മയാവഹമാണ്. തന്റെ എല്ലാ വെല്ലുവിളികളേയും അവസരങ്ങളാക്കി മാറ്റാനുള്ള കഴിവാണ് അവരെ വ്യത്യസ്ഥയാക്കുന്നത്. മുപ്പത് വര്‍ഷം മുമ്പ് അംഗവൈകല്യമുള്ള ഒരു മകന്‍ തനിക്ക് ജനിച്ചപ്പോള്‍ അവര്‍ അതാണ് ചെയ്തത്.

മകന്‍ ജനിച്ച സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം നടത്തിവരുകയായിരുന്നു പൂനം. അവിടെ തന്നെ ഒരു ജോലി നേടണമെന്നതായിരുന്നു അവരുടെ സ്വപ്നം. എന്നാല്‍ മകന്റെ കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് ഡോക്ടമാര്‍ ഉറപ്പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടുള്ള ജീവിതത്തിലൂടെ ഡോക്ടര്‍മാരുടെ വാക്കുകള്‍ തെറ്റാണെന്ന് പൂനത്തിന്റെ മകന്‍ തെളിയിച്ചു.മറ്റേതൊരു വ്യക്തിയേയും പോലെ തന്റെ മകനും ലോകത്തിന് അവന്റേതായ സംഭാവന നല്‍കി. മകന്‍ തന്റെ അധ്യാപകനായെന്നും താന്‍ പഠിച്ച പല കാര്യങ്ങളേയും മറന്ന് അവ ആദ്യം മുതല്‍ പഠിക്കാന്‍ സാധിച്ചെന്നും പൂനം പറഞ്ഞു. വൈകല്യം നമ്മളെ ജീവിതത്തെ വേറിട്ട വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ സഹായിക്കുമെന്നാണ് പൂനത്തിന്റെ അഭിപ്രായം.

വൈകല്യമുള്ള കുട്ടിയെ ഏറ്റെടുക്കാന്‍ ഒരു സ്‌കൂളും അന്ന് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് സ്വന്തമായി ഒരു സെന്റര്‍ ആരംഭിക്കാന്‍ പൂനം തീരുമാനിക്കുന്നത്. ആദ്യമൊക്കെ വൈകല്യമുള്ളവരുടെ കുടുംബങ്ങള്‍ക്കൊപ്പമായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ പിന്നീട് നിരവധി പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നു. തന്റെ വീടിന്റെ ഗാരേജിലാണ് പൂനം ചെറിയ രീതിയില്‍ ഈ സെന്റര്‍ ആരംഭിച്ചത്. കൂടുതല്‍ കുട്ടികള്‍ ഇവിടേയ്ക്ക് എത്തിയതിനെ തുടര്‍ന്ന് മറ്റ് നാല് സ്ഥലങ്ങളില്‍ മാറിയ ശേഷമാണ് ഇപ്പോള്‍ ചെന്നൈയിലുള്ള സ്ഥിരം സെന്ററിലേക്ക് സ്ഥാപനം മാറുന്നത്. വിദ്യാസാഗര്‍ എന്ന പേരില്‍ ആരംഭിച്ച സെന്റര്‍ ഇന്ന് ഭിന്നശേഷിയുള്ള കുട്ടികളുള്ള 3,500 കുടുംബങ്ങള്‍ക്ക് സഹായമേകുന്നുണ്ട്.

ചെന്നൈയിലെ ജനങ്ങളില്‍ നിന്നും മാത്രമല്ല, ഗവണ്‍മെന്റില്‍ നിന്നും പൂനത്തിന് മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. 23 വര്‍ഷത്തോളം സ്‌കൂളിന്റെ ഡയറക്ടറായിരുന്ന ശേഷമാണ് അവര്‍ ആ സ്ഥാനത്ത് നിന്നും മാറിയത്. സ്‌കൂള്‍ തനിക്ക് തന്റെ കുഞ്ഞിനെ പോലെയാണെന്നും എന്നാല്‍ തനിക്ക് കുറച്ച് കൂടി സ്വാതന്ത്ര്യം വേണമെന്ന് തോന്നിയിരുന്നെന്നും അതിനാലാണ് ഡയറക്ടര്‍ സ്ഥാനം ഉപേക്ഷിച്ചതെന്നും പൂനം വ്യക്തമാക്കി.

ഈ സമയത്താണ് ഒരു എന്‍.ജി.ഒ വിദഗ്ദ്ധന്‍ അംഗവൈകല്യമുള്ള കുട്ടികളുടെ കുടുംബത്തിന് സുരക്ഷിതത്വവും പിന്തുണയും നല്‍കാനായി നാഷണല്‍ ട്രസ്റ്റ് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസബിലിറ്റീസ് എന്ന പ്രസ്ഥാനം ആരംഭിക്കുന്നത്. ഇതിന്റെ ചെയര്‍മാനായി പൂനം സ്ഥാനമേറ്റു. ജനങ്ങളുടേയും വൈകല്യമുള്ള കുട്ടികളുടെ മാതാപിചാക്കളുടേയും മനോഭാവം മാറ്റുക, ഈ പ്രസ്ഥാനം രാജ്യത്തുടനീളം വ്യാപിപ്പിക്കുക എന്നിവയായിരുന്നു പൂനത്തിന്റെ ഉദ്യമം. സമൂഹത്തിന്റെ മുന്നിലേക്ക് ധൈര്യപൂര്‍വം ഇറങ്ങാന്‍ അവരെ പ്രാപ്തരാക്കണമെന്നും അവരുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മികച് അവസരങ്ങള്‍ ഒരുക്കിക്കൊടുക്കണമെന്ന് മാതാപിതാക്കളെക്കൊണ്ട് ചിന്തിപ്പിക്കണമെന്നും പൂനം ഉറപ്പിച്ചു. അതൊരു ബുദ്ധിമുട്ടേറിയ ഉദ്യമമായിരുന്നെങ്കിലും വളരെ കഷ്ടപ്പെട്ട് അവര്‍ അത് നേടിയെടുക്കുക തന്നെ ചെയ്തു.

ഇന്ത്യയില്‍ വൈകല്യമുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കളില്‍ അറിവില്ലാത്തവരും ഉണ്ട്. ഇവരില്‍ ഏറിയ പങ്കും പാവപ്പെട്ട ജനങ്ങളാണ്. ചിലപ്പോള്‍ വൈകല്യങ്ങളുടെ പേരില്‍ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സാഹചര്യം പോലും ഉണ്ടാകാറുണ്ട്. ഇതെല്ലാം അറിവില്ലായ്മ കാരണമാണെന്നാണ് പൂനത്തിന്റെ അഭിപ്രായം.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ വൈകല്യമുള്ള വ്യക്തികളോട് സമൂഹത്തിനുള്ള മനോഭാവത്തില്‍ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ ഇനിയും 20 വര്‍ഷം കൂടി വേണ്ടി വന്നേക്കാം. എല്ലാ കാര്യങ്ങളും ചെറിയ കാല്‍വയ്പ്പുക ളില്‍ നിന്നാണ് തുടങ്ങുന്നതെന്നും അതാണ് തങ്ങള്‍ ചെയ്യുന്നെന്നും പൂനം പറഞ്ഞു. വൈകല്യത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.