സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജനത്തിന് ഐടി@സ്‌കൂളിന്റെ കര്‍മപദ്ധതി

0

സംസ്ഥാനത്തെ സ്‌കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി പുന:ചംക്രമണത്തിനും തുടര്‍ന്നുള്ള സംസ്‌കരണത്തിനും ക്രമീകരണം ഒരുക്കുന്നതിനായി ഐടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശഭരണവകുപ്പിനു കീഴിലുള്ള ക്ലീന്‍കേരള കമ്പനിയുമായി ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. ഇതനുസരിച്ച് സ്‌കൂളുകള്‍ക്ക് 2008 മാര്‍ച്ച് 31 ന് മുമ്പ് ലഭിച്ചതും പ്രവര്‍ത്തനക്ഷമമല്ലാത്തതുമായ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, 2010 മാര്‍ച്ച് 31 ന് മുമ്പ് ലഭിച്ച 600 വി.എ യു.പി.എസ്, സി.ആര്‍.ടി മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയും ആദ്യഘട്ടത്തില്‍ ഇ-മാലിന്യങ്ങളുടെ ഗണത്തില്‍പ്പെടുത്താം. 

ഇക്കാര്യം സ്‌കൂള്‍തലസമിതി പരിശോധിച്ച് ഉറപ്പാക്കണം. രണ്ടാം ഘട്ടത്തില്‍ ഐടി@സ്‌കൂള്‍ പ്രോജക്ട് ചുമതലപ്പെടുത്തുന്ന സാങ്കേതിക സമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇ-മാലിന്യമായി പരിഗണിക്കുക. ശരാശരി 500 കിലോഗ്രാം ഇ-മാലിന്യം ലഭ്യമായ കേന്ദ്രങ്ങളില്‍ നിന്നാണ് ക്ലീന്‍ കേരള കമ്പനി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുക. അതുകൊണ്ട് സ്‌കൂളുകളിലെ ലഭ്യമായ അളവ് അടിസ്ഥാനപ്പെടുത്തി ഇവയെ ക്ലസ്റ്ററുകളാക്കിത്തിരിച്ചായിരിക്കും ശേഖരണം. ഉപകരണങ്ങള്‍ ഇ-മാലിന്യമായി പരിഗണിക്കുന്നതിന് മുമ്പ് ഇവ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാന്‍ കഴിയില്ല എന്നുറപ്പുവരുത്തണം. വാറന്റി, എ.എം.സി എന്നിവയുള്ള ഉപകരണങ്ങള്‍ ഇ-മാലിന്യങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഇ-മാലിന്യമായി നിശ്ചയിക്കുന്ന ഉപകരണങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ റിമാര്‍ക്‌സ് രേഖപ്പെടുത്തി കുറവുചെയ്യണം. കമ്പ്യൂട്ടര്‍ , ലാപ്‌ടോപ്, ക്യാബിന്‍, മോണിറ്റര്‍, ഡ്രൈവുകള്‍, പ്രിന്ററുകള്‍, പ്രൊജക്ടറുകള്‍, യു.പി.എസുകള്‍, ക്യാമറ, സ്പീക്കര്‍ സിസ്റ്റം, ടെലിവിഷന്‍, നെറ്റ്‌വര്‍ക്ക് ഘടകങ്ങള്‍, ജനറേറ്റര്‍ തുടങ്ങി ഇ-മാലിന്യങ്ങളായി പരിഗണിക്കാവുന്ന ഉപകരണങ്ങളുടെ പട്ടികയും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. സംസ്ഥാനത്തെ പതിനായിരത്തിലധികം സ്‌കൂളുകളിലും ഓഫീസുകളിലും നിലവിലുള്ള ഏകദേശം ഒരു കോടി കിലോഗ്രാം ഇ-മാലിന്യങ്ങളായി മാറിയ ഉപകരണങ്ങള്‍ ഇതുവഴി നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന് ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.