സാമൂഹിക പുരോഗതി ലക്ഷ്യമിട്ട് എസ് ബി ഐ

0

സാമൂഹിക പുരോഗതി ലക്ഷ്യമിട്ടുള്ള എസ് ബി ഐ പ്രവര്‍ത്തനങ്ങള്‍ക്ക് തലസ്ഥാനത്ത് തുടക്കം. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 50 ട്രോളികളും 50 സ്ട്രക്ച്ചറുകളും സംഭാവന നല്‍കി. സി.ഡി.സി.യില്‍ നടന്ന ചടങ്ങില്‍ എസ്.ബി.ഐ. ജനറല്‍ മാനേജര്‍ സി.വി. വെങ്കിടേഷാണ് ഇവ മെഡിക്കല്‍ കോളേജിന് കൈമാറിയത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമൂഹത്തിന്റെ പുരോഗതിക്കായി ഈ വര്‍ഷം 150 കോടി രൂപ ചെലവഴിക്കുമെന്ന് ജനറല്‍ മാനേജര്‍ സി.വി. വെങ്കിടേഷ് പറഞ്ഞു. കേരളത്തില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി എസ്.ബി.ഐ. 5 കോടി രൂപയാണ് ഈ വര്‍ഷം ചെലവഴിക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ 50 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ശൗചാലയം നിര്‍മ്മിച്ച് നല്‍കുന്നു.

കേരളത്തിലെ വിവിധ ആശുപത്രികളില്‍ സ്‌ട്രെക്ച്ചറുകളും ട്രോളികളും നല്‍കാനായി 1.3 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കും എസ്.എ.ടി. ആശുപത്രിക്കുമായി ഇവ സംഭാവന ചെയ്തത്.

മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എസ്.ബി.ഐ. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നാരായണ മയ്യ, തിരുവനന്തപുരം റീജ്യണല്‍ മാനേജര്‍ ബഞ്ചമിന്‍ ചെറിയാന്‍, മെഡിക്കല്‍ കോളേജ് ബ്രാഞ്ച് മാനേജര്‍ മേരി ജെസ്സിന്‍ ജോര്‍ജ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. നന്ദിനി, മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്രീനാഥ്, സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.