കായിക പ്രേമികള്‍ക്കായി പ്ലേയേഴ്‌സ് വില്ല

കായിക പ്രേമികള്‍ക്കായി പ്ലേയേഴ്‌സ് വില്ല

Sunday February 28, 2016,

2 min Read


തിരക്കേറിയ ഈ ലോകത്ത് ഇന്ന് എവിടെ നോക്കിയാലും കെട്ടിടങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക. ജനസംഖ്യയിലെ വര്‍ദ്ധനവ് മൂലം നമുക്കാവശ്യമായ സ്ഥലം ലഭിക്കുക എന്നത് പ്രയാസകരമാണ്. കളിക്കാനോ സ്വസ്ഥമായി ഇരുന്ന് സംസാരിക്കാനോ പറ്റിയ സ്ഥലങ്ങള്‍ ഇന്ന് വളരെ കുറവാണ്. കിട്ടുന്ന സ്ഥലങ്ങളിലൊക്കെ കെട്ടിടങ്ങള്‍ ഉയര്‍ത്താനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഈ ഘട്ടത്തില്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഒരു സ്ഥലം അന്യമാകുന്നു. അതുകൊണ്ടു തന്നെ ചിലകെരങ്കിലും കലാലയ ജീവിതം അവസാനിക്കുമ്പോള്‍ സ്‌പോര്‍ട്‌സിനോടുള്ള താത്പ്പര്യവും ഉപേക്ഷിക്കുന്നു.

image


കായിക വിനോദങ്ങള്‍ക്കായി ഒരു സ്ഥലമോ മറ്റു സൗകര്യങ്ങളോ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. കൂടാതെ ഇതേ ആവശ്യവുമായി നടക്കുന്ന മറ്റു കായികപ്രേമികളെ കണ്ടെത്താനും സാധിക്കുന്നില്ല. ഈ രീതിയില്‍ ഒരു അനുഭവം 33കാരനായ ചന്ദ്രശേഖര്‍ പ്രാണിഗ്രാഹിക്കും ഉണ്ടായിട്ടുണ്ട്.

'കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് രംഗത്തു നിന്ന് ഒരു ഇടവേള എടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഞാനൊരു തികഞ്ഞ കായികപ്രേമിയാണ്. അങ്ങനെ ഈ ഇടവേളയില്‍ ബാഡ്മിന്റന്‍ പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ചില ഇവന്റുകളില്‍ കളിക്കാന്‍ തുടങ്ങി. പിന്നീട് ലോക്കല്‍ കളിക്കാരെ കണ്ടെത്താന്‍ ഓണ്‍ലൈനില്‍ തിരഞ്ഞു. എന്നാല്‍ എനിക്ക് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല.'

അങ്ങനെ 2015 മാര്‍ച്ചില്‍ ചന്ദ്രശേഖറും സുഹൃത്തായ സലീം ഖാനും ചേര്‍ന്ന് 'പ്ലേയേഴ്‌സ് വില്ല'യ്ക്ക് തുടക്കം കുറിച്ചു. മുംബൈയിലായിരുന്നു ഇതിന്റെ തുടക്കം. ഇതുവഴി കായികപ്രേമികള്‍ക്ക് പരിശീലനം, വേണ്ട സൗകര്യങ്ങള്‍, കളിക്കാരുടെ കൂട്ടായ്മകള്‍ എന്നിവയെക്കുറിച്ച് അറിയാന്‍ സാധിക്കും.

ഇതിന് മുമ്പ് സലീം ഫുഡ്പാണ്ടയിലും ചന്ദ്രശേഖര്‍ വിപ്രോയിലും അള്‍ട്രാടെക്കിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പ്ലേയേഴ്‌സ് വില്ലയില്‍ 6 ഫുള്‍ടൈം അംഗങ്ങളും 3 ഇന്റേണുകളുമുണ്ട്. സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്ങിന് നേതൃത്വം നല്‍കുന്നത് സ്ഥാപകര്‍ തന്നെയാണ്. നമ്മുടെ രാജ്യത്ത് സ്‌പോര്‍ട്‌സിന് അധികം പ്രാധാന്യം ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഒരു വിപണി സൃഷ്ടിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിലേക്ക് ഉപയോക്താക്കളെ കണ്ടെത്തുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മാത്രമല്ല ആള്‍ക്കാര്‍ക്ക് ഇതില്‍ വലിയ താത്പ്പര്യമില്ല എന്ന തെറ്റിധാരണ സ്ഥാപകന്‍മാരുടെ മനസ്സില്‍ ഉണ്ടായിരുന്നു. വിപണിയുമായി ബന്ധപ്പെട്ടു നടന്ന സര്‍വ്വേയില്‍ ഇത് തെറ്റാണെന്ന് അവര്‍ക്ക് മനസ്സിലായി. 4050 പേരെ ഉള്‍പ്പെടുത്തിയാണ് അവര്‍ ഇതിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇത് ഉപയോഗിക്കുന്നവരുടെ എണ്ണം 600 കടന്നു.

നിലവില്‍ മുംബൈയിലെ മലന്ദ്, സിയോണ്‍, കുര്‍ള, ഘട്ട്‌കോപാര്‍, അന്ധേരി, ബോറിവല്ലി, പൊവായ് എന്നിവിടങ്ങളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പൂനയിലും ബംഗളൂരുവിലും ഇത് തുടങ്ങാനായി അവര്‍ പദ്ധതിയിടുന്നു. ദുബായില്‍ നിന്നുള്ള ഒരു നിക്ഷേപകനില്‍ നിന്ന് അവര്‍ക്ക് 25 ലക്ഷം രൂപയുടെ ആദ്യ റൗണ്ട് ഫണ്ട് ലഭിച്ചിരുന്നു. വരും മാസങ്ങളില്‍ അടുത്ത റൗണ്ട് ഫണ്ടിനു വേണ്ടി ഒരുങ്ങുകയാണവര്‍.

പ്രവര്‍ത്തനം

സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും പ്ലേയേഴ്‌സ് വില്ല ഉപയോഗിക്കാവുന്നതാണ.് നിലവില്‍ ബാസ്‌ക്കറ്റ് ബോള്‍, ഫുഡ്‌ബോള്‍, ബാഡ്മിന്റന്‍, ക്രിക്കറ്റ്, കാരം, ടേബിള്‍ ടെന്നീസ്, സുമ്പ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതില്‍ ലഭ്യമാണ്. നാലുതരത്തിലുള്ള ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്: ഒരു പരിശീലകനെ കണ്ടെത്തുക, നിങ്ങള്‍ക്കു വേണ്ട സേവനങ്ങള്‍ ബുക്ക് ചെയ്യുക, ഒരു ഇവന്റില്‍ പങ്കെടുക്കുക, നെറ്റ്‌വര്‍ക്കിങ്ങ്. പരിശീലകരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന കമ്മീഷനാണ് അവരുടെ പ്രധാന വരുമാനമാര്‍ഗ്ഗം.

യുവര്‍ സ്റ്റോറിക്ക് പറയാനുള്ളത്

നിലവില്‍ ബംഗളൂരുവിലെ പ്ലേയോ, ജോയിന്‍ മൈ ഗെയിം, പ്ലേ യുവര്‍ സ്‌പോര്‍ട്ട് തുടങ്ങിയവര്‍ ഈ മേഖലയില്‍ സജീവമാണ്. 2015 ജനുവരിയില്‍ പ്ലേ യുവര്‍ സ്‌പോര്‍ട്ടിന് ഹൈദരാബാദ് എയ്ഞ്ചല്‍സില്‍ നിന്ന് 16,000 ഡോളര്‍ ലഭിച്ചിരുന്നു. ഇനിയും നിരവധി പേര്‍ ഈ മേഖലയിലേക്ക് എത്താന്‍ കാത്തിരിക്കുന്നു. ഈ മേഖല വളരാനുള്ള സാധ്യത ഏറെയാണെങ്കിലും അത് നിക്ഷേപത്തെ ആശ്രയിച്ചിരിക്കും.