ജൈവ പച്ചക്കറിക്കായി ' ഐ സേ ഓര്‍ഗാനിക്'

0

ജൈവ പച്ചക്കറികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി ഐ സേ ഓര്‍ഗാനിക്. രാസവസ്തുക്കളൊന്നും ചേര്‍ക്കാത്ത ശുദ്ധമായ പച്ചക്കറികള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് ഉപഭോക്താക്കളിലെത്തിക്കുകയാണ് ഐ സേ ഓര്‍ഗാനിക് എന്ന ഓണ്‍ലൈന്‍ സംരംഭം. സമാനരീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളെല്ലാം തന്നെ ആഴ്ചയില്‍ രണ്ട് തവണ മാത്രമാണ് പച്ചക്കറികള്‍ എത്തിക്കുന്നത്. അവിടെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്ഥമാകുന്നതെന്ന് ഐ സേ ഓര്‍ഗാനികിന്റെ സ്ഥാപകനായ അഷ്മീത് പറയുന്നു.

2011ല്‍ ആണ് അഷ്മീത് ഐ സേ ഓര്‍ഗാനിക് എന്ന സ്ഥാപനം തുടങ്ങിയത്. ഇന്ത്യയില്‍ നിരവധി സംഘടനകള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും മിക്കവരും രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയാണ് നടത്തുന്നത്. കാര്‍മല്‍ ഓര്‍ഗാനിക്‌സ്, ദക്ഷ് ഫാം തുടങ്ങിയ സംഘടനകളെല്ലാം പ്രവര്‍ത്തന രംഗത്തുണ്ട്. ചിലര്‍ ജൈവ പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാനായി ബീ ദ ചെയ്ഞ്ച് പോലുള്ള സ്ഥാപനങ്ങളും തുടങ്ങിയിട്ടുണ്ട്. ദാനാ നെറ്റ് വര്‍ക്ക് പോലുള്ള സ്ഥാപനങ്ങളും ജൈവപച്ചക്കറിയെ പ്രോത്സാഹിപ്പിക്കാന്‍ സജീവമായി രംഗത്തുണ്ട്.

കൃഷിക്കാര്‍ക്ക് സാമ്പത്തികമായി ഏറെയൈാന്നും ഗുണം ചെയ്യുന്നതല്ല ഇപ്പോഴത്തെ കൃഷികളെന്നാണ് അഷ്മിതിന്റെ അഭിപ്രായം. കൃഷിയിലും മനുഷ്യന്റെ ആഹാര രീതികളിലും ഉണ്ടായിട്ടുള്ള മാറ്റം തന്നെ ഇതിന് കാരണം.

സ്ഥിരമായ ഉല്‍പാദനവും അതുപോലെ ഉപഭോഗവും ഉണ്ടെങ്കില്‍ മാത്രമേ ജൈവപച്ചക്കറികള്‍ക്ക് പിടിച്ച് നില്‍ക്കാനാകു. ഇത് തന്നെയാണ് ഐ സേ ഓര്‍ഗാനികിന്റെ മുദ്രാവാക്യം. ഇന്ന് മിക്കവരും തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എവിടെയാണ് ഉല്‍പാദിപ്പിക്കുന്നതെന്നും എങ്ങനെയാണ് വിതരണം ചെയ്യുന്നതെന്നും ഉത്പാദിപ്പിക്കുന്നവര്‍ക്ക് എങ്ങനെ നേട്ടമുണ്ടാകുന്നു എന്നുമെല്ലാം ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഐ സേ ഓര്‍ഗാനിക് പച്ചക്കറി ഉല്‍പാദനം നടത്തുന്നുണ്ട്. 3000 കര്‍ഷകരാണ് വിവിധ ഗ്രൂപ്പുകളിലായി പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരില്‍നിന്ന് ഉല്‍പന്നങ്ങള്‍ നേരിട്ടെത്തിച്ച് അവ പേപ്പര്‍ ബാഗുകളില്‍ പാക്ക് ചെയ്യും. ഇവ ചീഞ്ഞുപോകാതിരിക്കാന്‍ പേപ്പര്‍ ബാഗിനകത്തുള്ള വായു പുറത്തേക്ക് കടത്തിവിട്ടശേഷം നൈട്രജന്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് പച്ചക്കറികളുടെ പുതുമ നിലനിര്‍ത്താന്‍ സഹായിക്കും.

ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴിയോ സാധനങ്ങള്‍ എത്തിക്കുന്ന സമയത്ത് നേരിട്ടോ പേയ്‌മെന്റ് നടത്താം. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതമായി ജനങ്ങളിലെത്തിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത്. ആളുകള്‍ക്ക് തങ്ങളുടെ അടുത്തുള്ള ഷോപ്പുകളില്‍ പോയി വാങ്ങുന്നതുപോലെ തന്നെ എളുപ്പത്തില്‍ തങ്ങളുടെ സേവനം ലഭ്യമാകണം. അതിനായാണ് എല്ലാ ദിവസങ്ങളിലും ഹോം ഡെലിവറി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓര്‍ഡറുകള്‍ ഓണ്‍ലൈന്‍ വഴിയോ ഫോണിലൂടെയോ നല്‍കാവുന്നതാണ്.

ശരിയായ കാര്‍ഷിക ഗ്രൂപ്പുകളെ കണ്ടെത്തുകയാണ് തങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. കലര്‍പ്പില്ലാത്ത ശുദ്ധമായ പച്ചക്കറികളും പഴങ്ങളുമാണ് തങ്ങള്‍ക്ക് വേണ്ടത്. ഓരോ പച്ചക്കറികള്‍ക്കും അനുയോജ്യമായ കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍നിന്നാണ് ഐ സേ ഓര്‍ഗാനിക് അതത് പച്ചക്കറികള്‍ ശേഖരിക്കുന്നത്. ഉദാഹരണത്തിന് പപ്പായ മഹാരാഷ്ട്രയില്‍നിന്നും മറ്റ് ചിലവ ഹിമാചലില്‍നിന്നും കൊണ്ടുവരുന്നവയാണ്. ചില പച്ചക്കറികള്‍ ഹരിയാനയില്‍നിന്നാണ് എത്തിക്കുന്നത്. എന്നാല്‍ ഇതുപോലുള്ള സ്ഥലങ്ങളില്‍നിന്ന് എത്തിക്കുമ്പോള്‍ സാധനങ്ങളുടെ അളവ് കുറഞ്ഞിരിക്കുന്നത് വെല്ലുവിളിയാണ്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെ എത്തുന്നുണ്ട്. എന്നാല്‍ ഇതിനനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കുന്നില്ല.

ഐ സേ ഓര്‍ഗാനികിന് മികച്ച ടീമിനെ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ നേട്ടമെന്ന് അഷ്മീത് പറയുന്നു. തങ്ങളുമായി സഹകരിക്കുന്ന കര്‍ഷകരെക്കുറിച്ചും അഷ്മീതിന് പറയാനുണ്ട്. വളരെ സുതാര്യമായാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് തങ്ങള്‍ പച്ചക്കറികള്‍ ശേഖരിക്കുന്ന കര്‍ഷകരില്‍നിന്നാണ്. രാസവസ്തുക്കള്‍ ഉപയോഗിച്ച് പച്ചക്കറി ഉല്‍പാദനം നടത്തുന്നതിനെതിരെ ബോധവാന്മാരാണ് തങ്ങളുടെ കര്‍ഷകര്‍.

മാത്രമല്ല ഇവരില്‍ പലരും രാസകീടനാശിനികള്‍ ഉപയോഗിക്കുന്നവരോട് ജൈവകൃഷി രീതിയിലേക്ക് മടങ്ങിവരാന്‍ പറയുന്നവരുമാണ്. കര്‍ഷകര്‍ക്ക് വേണ്ട പ്രാധാന്യം നല്‍കാനായി ഐ സേ ഓര്‍ഗാനികിന്റെ വെബ്‌സൈറ്റില്‍ തങ്ങള്‍ പച്ചക്കറി വാങ്ങുന്ന കര്‍ഷകരെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ പേര്‍ ജൈവപച്ചക്കറികള്‍ ആവശ്യപ്പെട്ട് എത്തുന്നതും കര്‍ഷകര്‍ ഈ കൃഷിരീതിയിലേക്ക് തിരിയുന്നതുമാണ് ഐ സേ ഓര്‍ഗാനികിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നത്. തങ്ങളുടെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം എക്കാലവും ഉറപ്പ് വരുത്തന്നതിനുള്ള സംവിധാനമൊരുക്കുകയാണ് ഇപ്പോള്‍ തങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇപ്പോള്‍ തങ്ങളോടൊപ്പമുള്ള കര്‍ഷകര്‍ തങ്ങള്‍ക്ക് സുപരിചിതരമാണ്. ഇവരുടെ കൃഷിരീതിയെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായി അറിയാം. മാത്രമല്ല തങ്ങള്‍ പലപ്പോഴും കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ട്. എന്നാല്‍ കൃഷിക്കാരുടെ ആവശ്യം കൂടി വരുമ്പോഴുള്ള സാഹചര്യം അങ്ങനെയായിരിക്കണമെന്നില്ല.

കര്‍ഷകരുടെ എണ്ണം കൂടിയാല്‍ എല്ലാവരുമായും വ്യക്തിബന്ധം പുലര്‍ത്താന്‍ സാധിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ ശരിയായ ടീമിനെ ഉണ്ടാക്കുകയെന്നതും കൃഷിരീതി പരിശോധിക്കാന്‍തക്ക സംവിധാനമുണ്ടാക്കുകയെന്നതും കര്‍ഷകര്‍ക്ക് പ്രചോദനം നല്‍കുകയെന്നതുമെല്ലാം പ്രധാനമാണ്.

രാജ്യത്തെ എല്ലാവര്‍ക്കും സുരക്ഷിത ഭക്ഷണം എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അഷ്മീത് പറയുന്നു. കൂടുതല്‍ കര്‍ഷകര്‍ ജൈവകൃഷിയിലേക്ക് കടക്കണം. കൂടുതല്‍ ജനങ്ങള്‍ ആരോഗ്യകരമായ ഉല്‍പന്നങ്ങള്‍ ആവശ്യപ്പെട്ടെത്തണം. തങ്ങളുടെ സവനം രാജ്യം മൊത്തം വ്യാപിപ്പിക്കാനാകണം. ഹോട്ടലുകളുമായും ഭക്ഷണശാലകളുമായും കമ്പനികളുമായുമെല്ലാം പാര്‍ട്‌നര്‍ഷിപ്പ് ഉണ്ടാക്കണം. റീട്ടെയിലര്‍മാര്‍ തങ്ങളുടെ കയ്യില്‍നിന്ന് പച്ചക്കറികള്‍വാങ്ങി വില്‍ക്കുന്ന അവസ്ഥയുണ്ടാകണം. ഇതിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് ശുദ്ധമായ പച്ചക്കറിയെത്തണം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് നഗരങ്ങളിലേക്ക് കൂടി ഐ സേ ഓര്‍ഗാനികിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം അഷ്മീതിന്റെ ലക്ഷ്യങ്ങള്‍ നിരവധിയാണ്.