ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും: മന്ത്രി പി. തിലോത്തമന്‍

ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും: മന്ത്രി പി. തിലോത്തമന്‍

Thursday June 01, 2017,

1 min Read

ഉപഭോക്തൃ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു ലീഗല്‍മെട്രോളജി വകുപ്പ് അങ്ങേയറ്റം പ്രതിജ്ഞാബദ്ധമാണെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. സാധനസാമഗ്രികളുടെ അളവുതൂക്കത്തില്‍ കൃത്യത ഉറപ്പു വരുത്തുന്നതിലും ഭക്ഷ്യവസ്തുക്കളില്‍ മായംകലര്‍ത്തുന്നത് കണ്ടെത്തി കര്‍ശന നടപടികളെടുക്കുന്നതിലും ലീഗല്‍ മെട്രോളജി വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

image


വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി അനുവദിച്ച പതിനാല് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും ലീഗല്‍ മെട്രോളജി മാന്വല്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആസ്ഥാനമന്ദിര നിര്‍മാണം അവസാനഘട്ടത്തിലാണ്. മന്ദിരം പ്രവര്‍ത്തന നിരതമാകുന്നതോടെ ജനങ്ങള്‍ വഞ്ചിതരാകാതിരിക്കാനുള്ള എല്ലാ നടപടികളും കൂടുതല്‍ കാര്യക്ഷമതയോടെ നിര്‍വഹിക്കാന്‍ വകുപ്പിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ താത്പര്യപ്രകാരം ഹൈക്കോടതി പുറപ്പെടുവിച്ച പ്രശസ്ത വിധി ന്യായങ്ങളടങ്ങുന്ന ലീഗല്‍ മെട്രോളജി മാന്വല്‍ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.വി. രാമശാസ്ത്രിക്കു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ മുഹമ്മദ് ഇക്ബാല്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഐ.പി. ബിനു, കേന്ദ്ര ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് ഡയറക്ടര്‍ ബി.എന്‍. ദീക്ഷിത്, ലീഗല്‍ മെട്രോളജി ജോയിന്റ് കണ്‍ട്രോളര്‍ റീനാ ഗോപാല്‍ ആര്‍. എന്നിവര്‍ പ്രസംഗിച്ചു.