മെഡക്‌സ് നീട്ടിയിട്ടും സന്ദര്‍ശക പ്രവാഹം

മെഡക്‌സ് നീട്ടിയിട്ടും സന്ദര്‍ശക പ്രവാഹം

Tuesday January 31, 2017,

2 min Read

സന്ദര്‍ശക ബാഹുല്യവും പൊതുജനങ്ങളുടെ അഭ്യര്‍ത്ഥനയും മാനിച്ച് മെഡക്‌സിന്റെ അവസാന തീയതി ജനുവരി 31ല്‍ നിന്നും ഫെബ്രുവരി 12 ലേക്ക് നീട്ടിയെങ്കിലും ഞായറാഴ്ചയില്‍ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. വിദൂര സ്ഥലങ്ങില്‍ നിന്നും കുടുംബ സമേതം മെഡക്‌സ് കാണാന്‍ എത്തിയവരാണ് അധികവും. പതിനായരത്തിലധികം ആള്‍ക്കാരാണ് ഞായറാഴ്ച മെഡക്‌സ് കാണാനെത്തിയത്. സന്ദര്‍ശക ക്യൂ പലപ്പോഴും ശ്രീചിത്രയും കഴിഞ്ഞ് പോയിരുന്നു.

image


ഇതുവരെ ഒരുലക്ഷത്തി അറുപതിനായിയരത്തിനധികം പേര്‍ മെഡക്‌സ് സന്ദര്‍ശിച്ചു. റിപ്പബ്ലിക് ദിനത്തിലാണ് ഏറ്റവുമധികം സന്ദര്‍ശകരെത്തിയത്. പതിനയ്യായിരത്തിലധികം ആള്‍ക്കാരാണ് അന്നെത്തിയത്.ഒന്നോടിച്ച് കണ്ടിട്ട് പോകാമെന്ന് കരുതിയാണ് പലരും എത്തിയത്. എന്നാല്‍ മനുഷ്യ ജീവിതത്തിന്റെ അപൂര്‍വമായ മുഹൂര്‍ത്തങ്ങള്‍ കണ്ടപ്പോള്‍ അവയെല്ലാം വിശദമായി തന്നെ ഓരോരുത്തരും വീക്ഷിച്ചു. അതോടെ പല പവലിയനുകളിലും നീണ്ട ക്യൂവായി.

മനുഷ്യന്റെ പരിണാമത്തില്‍ നിന്നും തുടങ്ങി ജനനം മുതല്‍ മരണംവരെയുള്ള വിവിധ ഘട്ടങ്ങളാണ് മെഡക്‌സില്‍ ഒരുക്കിയിരിക്കുന്നത്. ലേബര്‍ റൂമില്‍ സജ്ജീകരിച്ച കുഞ്ഞിന്റെ ജനനം ആരിലും കൗതുകം ഉണര്‍ത്തുന്നതാണ്. പത്തോളജി ലാബില്‍ സൂക്ഷിച്ചിരിക്കുന്ന അപൂര്‍വമായി ജനിച്ച കുട്ടികള്‍, അനാട്ടമിയിലെ മൃതദേഹങ്ങള്‍, ശരീര ഭാഗങ്ങള്‍, ഫോറന്‍സിക് വിഭാഗത്തിലെ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്ന വിവിധ മാര്‍ഗങ്ങള്‍, ശരീര ഭാഗങ്ങളിലൂടെ കയറിയിറങ്ങിയുള്ള കാഴ്ച, ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയ എക്‌മോ തുടങ്ങിയ ആധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ഹൃദയ ശസ്ത്രക്രിയകള്‍, റോബോട്ടിക് ശസ്ത്രക്രിയകള്‍, ലൈവ് ശസ്ത്രക്രിയകള്‍, 3 വയസിലെ വീട് അങ്ങനെ സാധാരണക്കാരന് കാണാന്‍ കഴിയാത്ത അപൂര്‍വ കാഴ്ചകളാണ് മെഡക്‌സില്‍ ഒരുക്കിയിരിക്കുന്നത്.

image


നിരവധി സ്‌കൂളുകള്‍ മെഡക്‌സ് കാണാനായി സമയം നീട്ടി ചോദിച്ചിരുന്നു. ഒരു സ്‌കൂളില്‍ നിന്നും എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരാനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ പല ബാച്ചുകളായിട്ടാണ് വിദ്യാര്‍ത്ഥികളെ എത്തിച്ചിരുന്നത്. ബാക്കി വിദ്യാര്‍ത്ഥികള്‍ക്കു കൂടി മെഡക്‌സ് കാണാനുള്ള സൗകര്യമൊരുക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം നടന്ന മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി പ്രദര്‍ശനം നീട്ടാന്‍ അംഗീകാരം നല്‍കി. മെഡിക്കല്‍ കോളജിലെ ക്ലാസുകളും പരീക്ഷകളും അനുബന്ധ പരിപാടികളും തടസ്സപ്പെടാത്ത വിധമായിരിക്കും പ്രദര്‍ശനം നടത്തുക. ഇതിനാവശ്യമായ പുനഃക്രമീകരണങ്ങള്‍ പ്രദര്‍ശനത്തില്‍ വരുത്തും.

സ്‌കൂളുകളിലും കോളേജുകളിലും പാരലല്‍ കോളേജുകളിലും നിന്നുള്ള സംഘങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തും അല്ലാതെയും പ്രദര്‍ശനം കാണാം. എല്ലാ ദിവസവും രാത്രി 11 മണി വരെ പ്രവേശനം ഉണ്ടാകും. 25 വിദ്യാര്‍ത്ഥികളില്‍ കൂടുതലുള്ളവര്‍ക്ക് 50 രൂപ വീതം മാത്രം നല്‍കിയാല്‍ മതിയാകും. മുതിര്‍ന്നവര്‍ക്ക് എല്ലാ പവലിയനുകളും സന്ദര്‍ശിക്കാന്‍ 100 രൂപ മാത്രം മതി.