ആര്‍ കെ ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളുമായി ഫോട്ടോസ്പാര്‍ക്ക്‌

0

ഫോട്ടോസ്പാര്‍ക്സിലൂടെ ഓരോ ആഴ്ചയും വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങളുടെ അനുഭവദൃശ്യം യുവര്‍സ്റ്റോറി നിങ്ങള്‍ക്ക് നല്‍കാറുണ്ട്. ഈ ആഴ്ച മരണമടഞ്ഞ പ്രശസ്ത ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന്‍റെ കാര്‍ട്ടൂണുകളാണ് ഫോട്ടോസ്പാര്‍ക്സിലൂടെ യുവര്‍സ്റ്റോറി വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

കഴിഞ്ഞുപോയ ആഴ്ചകളില്‍ കല, സംഗീതം, പെയിന്‍റിങ്, വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍, പുഷ്പമേള, ദീപാവലി, മോഡേണ്‍ ആര്‍ട് ഗ്യാലറി, സ്റ്റാര്‍ട്ടപ് റോഡ്ഷോ തുടങ്ങി പല തരത്തിലുള്ള ചിത്രങ്ങള്‍ നിങ്ങളുടെ മുന്നില്‍ അനുഭവവേദ്യമാക്കി. ഈ ആഴ്ച ആര്‍.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണുകള്‍ നിങ്ങള്‍ക്ക് പ്രത്യേക അനുഭവം നല്‍കും.

ഏതാനും നാളുകള്‍ക്കു മുന്‍പ് ബെംഗളൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ് (ഐഐസി) ആര്‍.കെ. ലക്ഷ്മണിന്‍റെ ഓര്‍മയ്ക്കായി ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. അദ്ദേഹത്തിന്‍റെ ആദ്യ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. കോരവഞ്ചി-അപരഞ്ചി ട്രസ്റ്റുമായി സഹകരിച്ചായിരുന്നു ഐഐസി ചിത്രപ്രദര്‍ശനം ഒരുക്കിയത്. സ്റ്റാര്‍ട്ടപ് ആര്‍.കെ. ലക്ഷ്ണ്‍ എന്നായിരുന്നു ചിത്രപ്രദര്‍ശനത്തിന് നല്‍കിയ പേര്.

1940 കളില്‍ കോരവഞ്ചി എന്ന കന്നഡ മാസികയ്ക്കു വേണ്ടി ആര്‍.കെ. ലക്ഷ്മണ്‍ വരച്ച കാര്‍ട്ടൂണുകളായിരുന്നു ചിത്രപ്രദര്‍ശനത്തിലുണ്ടായിരുന്നത്. ഡോ.എം. ശിവറാം ആയിരുന്നു കോരവഞ്ചിയുടെ പത്രാധിപര്‍. മാസംതോറും പുറത്തിറങ്ങുന്ന ഒരു ഹാസ്യ മാസികയായിരുന്നു കോരവഞ്ചി. ഐഐസിയുടെ ഭരണാധികാരി വി.ജി. നരേന്ദ്രയും ചിത്രപ്രദര്‍ശന ഹാളില്‍ സന്നിഹിതനായിരുന്നു. അദ്ദേഹം ഓരോ കാര്‍ട്ടൂണിന്‍റെയും പ്രത്യേകതയെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചു. നിരവധി പേര്‍ ചിത്രപ്രദര്‍ശനം കാണാനെത്തി.

ഓരോ കാര്‍ട്ടൂണും ആര്‍.കെ. ലക്ഷ്മണ്‍ എന്ന പ്രതിഭാശാലിയുടെ കഴിവ് കാണിച്ചുതരുന്നവയായിരുന്നു. 60 ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഇതില്‍ ഏതാനും ചിത്രങ്ങള്‍ യുവര്‍സ്റ്റോറി വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

2015 ല്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26നാണ് ലോകത്തിലെ തന്നെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളിലൊരാളായ ആര്‍.കെ. ലക്ഷ്മണ്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ദ് കോമൺ മാൻ എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ സൃഷ്ടിയാണ്‌ ലക്ഷ്മണെ ഏറെ പ്രശസ്തനാക്കിയത്. സാധാരണക്കാരന്‍റെ കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിച്ച ലക്ഷ്മൺ ശ്രദ്ധിച്ചത് കാർട്ടൂൺ എങ്ങനെ സാധാരണക്കാരന് വേണ്ടി ഉണ്ടാക്കാമെന്നതായിരുന്നു. അതുകൊണ്ട് ലക്ഷ്മണിന്‍റെ കാർട്ടൂണുകൾ ജനകീയമായി.

പത്മഭൂഷൺ, റാമോൺ മാഗ്സസെ അവാർഡ് തുടങ്ങി പല ഉന്നത പുരസ്കാരങ്ങളും ലക്ഷ്മണെയെ തേടിയെത്തി. ഇന്നും പുസ്തകങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആര്‍.കെ. ലക്ഷ്മണ്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നു.