ഹൗസിങ്ങില്‍ നിന്ന് പടിയിറങ്ങി അദ്വിത്യ ശര്‍മ്മ

ഹൗസിങ്ങില്‍ നിന്ന് പടിയിറങ്ങി അദ്വിത്യ ശര്‍മ്മ

Sunday March 13, 2016,

2 min Read


ഹൗസിങ്ങ് ഡോട്ട് കോമിന്റെ സ്ഥാപകരില്‍ ഒരാളായ അദ്വിത്യ ശര്‍മ്മ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനുള്ള പരിശ്രമത്തിലാണ്. കമ്പനിയില്‍ നിന്ന് വിട്ടുപോകാനുള്ള തീരുമാനം സി.ഇ.ഒ ആയ ജെയ്‌സണ്‍ കോതാരിയേയും മറ്റു ടീമംഗങ്ങളേയും ഇമെയിലിലൂടെയാണ് അറിയിച്ചത്. 10 ദിവസത്തെ വിശ്രമത്തിനു ശേഷം ഒരു പുതിയ സംരംഭവുമായി തിരിച്ചുവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഹൗസിങ്ങിന്റെ മുന്‍ സി.ഇ.ഒ ആയ രാഹുല്‍ യാദവും ഇതേ വഴിയാണ് തിരഞ്ഞെടുത്തത്.

പ്രതീക്ഷയുടെ പുതിയ കാലം

യുവര്‍ സ്റ്റോറിയുടെ കൈയ്യിലുള്ള ഇമെയിലിന്റെ പകര്‍പ്പനുസരിച്ച് ഹൗസിങ്ങില്‍ ചിലവഴിച്ച കഴിഞ്ഞ 9 മാസങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നതായി അദ്വിത്യ സമ്മതിക്കുന്നു. ചില മേഖലകള്‍ അവര്‍ക്ക് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. അവരുടെ കാഴ്ച്ചപ്പാട് മാറ്റേണ്ടി വന്നു. കൂടെയുണ്ടായിരുന്ന പലരേയും പറഞ്ഞു വിടേണ്ട അവസ്ഥ വന്നു.

image


ഇപ്പോള്‍ കമ്പനി നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു. അടുത്തിടെ സോഫ്റ്റ് ബാങ്കില്‍ നിന്ന് 100 കോടി രൂപയുടെ നിക്ഷേപം ലഭിക്കുകയുണ്ടായി. ഹൗസിങ്ങില്‍ നിന്ന് മാറി സ്വന്തമായി ഒരു ബിസിനസ് നടത്താന്‍ പറ്റിയ ഒരു അവസരമാണ് ഇതെന്ന് അദ്വിത്യയ്ക്ക് തോന്നുന്നു. ഇത് മുന്‍കൂട്ടി നിശ്ചയിച്ച ഒരു തീരുമാനമല്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ കൊണ്ടെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറയുന്നു. ഹൗസിങ്ങിലുള്ള തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറയുന്നു.

'ഹൗസിങ്ങില്‍ നിന്ന് ലഭിച്ച പാഠങ്ങളുടെ അടിസ്ഥാനത്തില്‍ പുതുതായി എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരുപാട് തെറ്റായ തീരുമാനങ്ങള്‍ എടുത്തിരുന്നു. അതെല്ലാം തിരുത്തി മുന്നേറുക എന്നതാണ് എന്റെ ലക്ഷ്യം. സെമിഫൈനല്‍ വരെ എത്തി തോറ്റു പോയതായി എനിക്ക് തോന്നുന്നു. അടുത്ത തവണ എന്തായാലും എനിക്ക് ജയിക്കണം,' അദ്വിത്യ യുവര്‍ സ്റ്റോറിയോട് പറയുന്നു.

പുതിയ സംരംഭം

ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാനായി 10 ദിവസത്തെ ഇടവേള എടുത്ത ശേഷം മുംബൈയിലേക്ക് മടങ്ങി തന്റെ പുതിയ സംരംഭത്തിലേക്ക് ചുവടുവയ്ക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

കമ്പനി നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും അതിന്റെ പ്രവര്‍ത്തനം ഇന്ത്യ ഒട്ടാകെ വ്യാപിപ്പിക്കുമെന്നും ഹൗസിങ്ങിന്റെ സി.ഇ.ഒ ആയ ജെയ്‌സണ്‍ പറയുന്നു. 'ഹൗസിങ്ങിന്റെ വളര്‍ച്ചയിക്കായി ഏറ്റവുമധികം പ്രയത്‌നിച്ച വ്യക്തിയാണ് അദ്വിത്യ. അദ്ദേഹം ഞങ്ങളെ വിട്ടു പോകുന്നതില്‍ വിഷമമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പുതിയ സംരംഭത്തിനായി ഞങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.'

image


പുതിയ സംരംഭത്തെക്കുറിച്ച് ഒരു വെളിപ്പെടുത്തലും അദ്ദേഹം നടത്തിയിട്ടില്ലെങ്കിലും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏതെങ്കിലും ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്ന ഒന്നായിരിക്കും അതെന്ന സൂചന നല്‍കുന്നു. ഒരുപാട് മൂലധനം വേണ്ടി വരുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും തിരഞ്ഞെടുത്തത് ഒരു പോരായ്മയായിരുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു. ഈ തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല.

'വളര്‍ച്ചയാണ് എല്ലാത്തിനും ആധാരമെന്ന് ഞങ്ങള്‍ തെറ്റിധരിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഒരുപാട് ഓഫീസുകള്‍ തുറന്ന് പല മേഖലകളിലേക്ക് കടന്നു ചെല്ലാന്‍ തുടങ്ങി.' കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. വ്യക്തമായ ധാരണയോടു കൂടി നിക്ഷേപകര്‍ക്കു മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. 10 മടങ്ങ് ശക്തിയോടെ തിരിച്ചു വരുമെന്ന് ഉറപ്പു നല്‍കിക്കൊണ്ടാണ് അദ്വിത്യ ഇമെയില്‍ അവസാനിപ്പിക്കുന്നത്.