സാമ്പിള്‍ സര്‍വേ അടുത്ത മാസം ആരംഭിക്കും; പകര്‍ച്ചവ്യാധിയും മാലിന്യ സംസ്‌കരണവും വിഷയമാവും

0

ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ നേതൃത്വത്തില്‍ സാമൂഹ്യ സാമ്പത്തിക സര്‍വേ അടുത്ത മാസം ഒന്നിന് ആരംഭിക്കും. ഇത്തവണത്തെ ആരോഗ്യ സര്‍വേയില്‍ പകര്‍ച്ചവ്യാധി വ്യാപനം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കും. ഇതോടൊപ്പം സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി മാലിന്യ സംസ്‌കരണം സംബന്ധിച്ച വസ്തുതകളും പരിശോധിക്കും. 

സര്‍വേ ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥരുടെ ദ്വിദിന പരിശീലന പരിപാടി തൈക്കാട് ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. പകര്‍ച്ചവ്യാധി ചികിത്‌സയ്ക്കായി വിവിധ ആരോഗ്യ വിഭാഗങ്ങളെ ആശ്രയിച്ചവരുടെ വിവരം സര്‍വേയില്‍ ശേഖരിക്കും. വിവിധ ചികിത്‌സാ വിഭാഗങ്ങള്‍ രോഗപ്രതിരോധത്തിനായി സ്വീകരിക്കുന്ന നടപടികള്‍, ചികിത്‌സാ ചെലവ് തുടങ്ങിയ കണക്കുകളുമെടുക്കും. പ്രസവ ചികിത്‌സയ്ക്കായി സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കും. 60 വയസിനു മുകളിലുള്ളവരുടെ ആരോഗ്യസ്ഥിതിയും സര്‍വേയില്‍ ശേഖരിക്കാനാണ് തീരുമാനം. സ്വച്ഛ് ഭാരത് മിഷന്റെ പുരോഗതി സംബന്ധിച്ച വിവരം ആദ്യ ആറു മാസം ശേഖരിക്കുമെന്ന് പരിശീലനത്തിന് നേതൃത്വം നല്‍കിയ കേരളത്തിന്റെയും ലക്ഷദ്വീപിന്റേയും ചുമതലയുള്ള സാമ്പിള്‍ സര്‍വേ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എം. മധുസൂദനന്‍ പറഞ്ഞു. പൊതുശൗചാലയങ്ങള്‍, അഴുക്കുചാല്‍ സംവിധാനങ്ങള്‍, മാലിന്യ സംസ്‌കരണം എന്നിവ സംബന്ധിച്ച വിവരവും ശേഖരിക്കും. ഇങ്ങനെയെടുക്കുന്ന കണക്കുകള്‍ ഉപയോഗിച്ച് സ്വച്ഛ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കും. വിദ്യാഭ്യാസ മേഖലയിലെ ചെലവ്, വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവര്‍, ഏതുതരം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു തുടങ്ങിയ വിവര ശേഖരണവും സര്‍വേയുടെ പരിധിയില്‍ വരും.