സര്‍ക്കാര്‍ കനിവില്‍ മുന്‍ ഹോക്കിതാരം ശകുന്തളക്ക്‌ തലചായ്ക്കാന്‍ ഇടമൊരുങ്ങി

0


മുന്‍ ഹോക്കി താരം ശകുന്തളക്ക് തലചായ്ക്കാന്‍ ഇടമൊരുങ്ങി. ആഹാരത്തിനുള്ള വകതേടി പാളയം മാര്‍ക്കറ്റില്‍ നാരങ്ങയും മുട്ടയും വിറ്റ് കഴിഞ്ഞിരുന്ന മുന്‍ വനിതാ ഹോക്കി താരം ഡി വി ശകുന്തളക്ക് ചിറയിന്‍കീഴ് താലൂക്കില്‍ പഴയകുന്നുമ്മല്‍ വില്ലേജിലാണ് മൂന്ന് സെന്റ് സ്ഥലം അനുവദിച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയാണ് ഈ വിവരം ശകുന്തളയെ നേരിട്ടറിയിച്ചത്. വീടുവെക്കാനുള്ള ധന സഹായത്തിനായി കായികവകുപ്പിന് അപേക്ഷ നല്‍കുമെന്ന് ശകുന്തള പറഞ്ഞു. മുന്‍ഹോക്കി താരം പാളയം മാര്‍ക്കറ്റില്‍ നാരങ്ങ വിറ്റാണ് ഉപജീവന മാര്‍ഗം തേടിയിരുന്നത്. ഇത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സഹായത്തിനെത്തിയത്.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശകുന്തളക്ക് രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് മെഡിസിന്‍ സെന്ററില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി നല്‍കി. ഇവിടുന്ന് ലഭിക്കുന്ന 7000 രൂപ ശമ്പളം കൊണ്ടാണ് ശകുന്തളയും കിടപ്പിലായ ഭര്‍ത്താവും രണ്ടു കുട്ടികളും ജീവിക്കുന്നത്. സ്വന്തമായി വീടില്ലാത്തതിനാല്‍ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികള്‍ പഠിക്കുന്നത്. പെണ്‍കുട്ടികള്‍ കായികരംഗത്ത് അപൂര്‍വമായി പങ്കെടുത്തിരുന്ന കാലത്ത് കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹോക്കി ടീമിലെ താരമായിരുന്നു ശകുന്തള. 1978ല്‍ സംസ്ഥാന ഹോക്കി ടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു.

ഒരുകാലത്ത് സംസ്ഥാന ഹോക്കി ടീമിലെ ഉരുക്ക് വനിതയായിരുന്നു ഡി വി ശകുന്തള. ഓമനയുടെ ദേശീയതലത്തില്‍ കളിച്ച ഹോക്കിതാരവും 1978ല്‍ സംസ്ഥാനഹോക്കി ടീമിന്റെ വൈസ് ക്യാപ്ടനുമായിരുന്നു ഡി വി ശകുന്തള. 1972-76 കാലഘട്ടത്തില്‍ കേരള ഹോക്കി ടീമിലെ 16 പേരില്‍ 11 പേരും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടി ഡോക്ടര്‍മാരായി. ബാക്കിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു.

പെണ്‍കുട്ടികള്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതു തന്നെ അപൂര്‍വമായ 1970 കാലഘട്ടത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ വനിതാഹോക്കി ടീമിലെ താരങ്ങളായിരുന്നു ശകുന്തള. 1976 ല്‍ ഗ്വാളിയോറില്‍ നടന്ന ജൂനിയര്‍ വനിതാ ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രവിജയം നേടി സംസ്ഥാനടീമിലും ഇവരുണ്ടായിരുന്നു. മില്‍ക്കാ സിംഗിന്റെ ഭാര്യ നിര്‍മ്മല്‍ കൗറില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്ന ഫോട്ടോ ശകുന്തള നിധിപോലെ സൂക്ഷിക്കുന്നു. 1977 ല്‍ ബാംഗ്ലൂരില്‍ നടന്ന വനിതകളുടെ ദേശീയ കായികമേള, 1979 ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ കായികമേള എന്നിവയുള്‍പ്പെടെ ശകുന്തളയുടെ ഹോക്കി വിജയഗാഥകള്‍ അനവധിയാണ്. 1978 ല്‍ കപൂര്‍ത്തലയില്‍ നടന്ന ജൂനിയര്‍ നാഷണല്‍സില്‍ കേരളടീമിന്റെ വൈസ് ക്യാപ്ടനായിരുന്നു. പത്താം ക്ലാസിനുശേഷം ഗവ. വനിതാകോളേജില്‍ പ്രീഡിഗ്രി ബയോളജിക്ക് ചേര്‍ന്നു. പക്ഷേ, സോഡാ കമ്പനി നടത്തിയിരുന്ന വേലായുധനും ഭാര്യ ദേവികക്കും മകളെ തുടര്‍ന്ന് പഠിപ്പിക്കാന്‍ നിവൃത്തിയുണ്ടായില്ല. പഠനവും ഹോക്കിയും പാതിവഴിയില്‍ നിറുത്തി.

82 ല്‍ ബി എസ് എഫ് ജവാനായിരുന്ന വിക്രമനെ വിവാഹം കഴിച്ചു. എന്നാല്‍ അസുഖം മൂലം വിക്രമന്റെ ജോലി നഷ്ടമായി. ഭര്‍ത്താവിന്റെ ചികിത്സക്കും മക്കളുടെ വിദ്യാഭ്യാസത്തിനുമായി ശകുന്തള തൊഴില്‍ തേടിയിറങ്ങി. സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മനി തോമസിനെ കണ്ടെങ്കിലും തന്നെയവര്‍ ആട്ടിയിറക്കുകയായിരുന്നു. വല്ല വീട്ടുജോലിയും ചെയ്ത് ജീവിക്കൂ എന്നാണ് അവര്‍ പറഞ്ഞത്. എല്ലാവഴിയും അടഞ്ഞപ്പോഴാണ് പലിശയ്ക്ക് പണമെടുത്ത് നാരങ്ങയും മുട്ടയും വില്‍ക്കാന്‍ തുടങ്ങിയത്.