തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തും: മന്ത്രി ടി പി രാമകൃഷ്ണന്‍

0

സംസ്ഥാനത്തെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ ആധുനികവത്കരിച്ച അംഗത്വകാര്‍ഡും ആനുകൂല്യങ്ങളുടെ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു മന്ത്രി. 

ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ 600 രൂപയായിരുന്ന തയ്യല്‍ത്തൊഴിലാളി പെന്‍ഷന്‍ 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ അത് 1100 രൂപയായി. ഓരോ വര്‍ഷവും 100 രൂപ വീതം വര്‍ദ്ധിപ്പിക്കും. തയ്യല്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വരുമാനം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പെന്‍ഷന്‍ നല്‍കുന്ന തലത്തിലേക്ക് എത്തിയാല്‍ അതിന് സര്‍ക്കാര്‍ അനുമതി നല്‍കും. അംശദായം വര്‍ദ്ധിപ്പിച്ചാല്‍ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കാനാകും. സര്‍ക്കാര്‍ സഹായം ഇല്ലാതെതന്നെ പെന്‍ഷന്‍ നല്‍കാനുളള സാമ്പത്തിക ഭദ്രതയിലേക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ മാറണം. ഈ വര്‍ഷം തയ്യല്‍ത്തൊഴിലാളി പെന്‍ഷനായി 48,000 അംഗങ്ങള്‍ക്ക് 24 കോടി 65 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി. തൊഴിലാളികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതിനായി പ്രധാനപ്പെട്ട പദ്ധതികളില്‍ തയ്യല്‍ത്തൊഴിലാളികളെ ഉള്‍പ്പെടുത്തും. പാര്‍പ്പിടം, ആരോഗ്യം, ശുചിത്വം ജലസംരക്ഷണം തുടങ്ങിയ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ജി. രാജമ്മ, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.