സംസ്ഥാനത്തെ എല്‍ പി, യു പി സ്‌കൂളുകള്‍ വൈ ഫൈ സംവിധാനത്തിലേക്ക്‌ 

0

ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ സ്കൂൾ സഹായക ഡിജിറ്റൽ ശൃംഖലയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിക്കപ്പെടാൻ പോകുകയാണ്. സംസ്ഥാനത്തെ മുഴുവൻ എൽപി യുപി സ്ക്കൂളുകളിലും വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുവാനുള്ള പദ്ധതി നവംബർ ഒന്നിന് ആരംഭിക്കും. ഇതോടെ 1 മുതൽ 12 വരെയുള്ള മുഴുവൻ സ്കൂളുകളുയും ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ വിദ്യാഭ്യാസ ബ്രോഡ്ബാൻഡ് ശൃംഖലയായി കേരളം മാറും.

നവംബർ ഒന്നുമുതൽ പതിനായിരത്തോളം സർക്കാർ എയ്ഡഡ് പ്രൈമറി സ്കൂളുകളിലാണ് രണ്ട് എം.ബി.പി.എസ്. വേഗതയിൽ പരിധിയില്ലാത്ത ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാകാൻ പോകുന്നത്. 40 ശതമാനം സ്കൂളുകളിൽ ഡിസംബർ അവസാനത്തോടെ ഈ സൗകര്യം പൂർത്തിയാക്കും. ബാക്കി സ്ക്കൂളുകളിൽ 2017 മാർച്ച് 31നകം കണക്ഷൻ പൂർത്തീകരിക്കും. ഡാറ്റ ഉപയോഗം കൂടിയാലും വേഗം കുറയാത്ത പ്രത്യേക സ്ക്കീമാണ് ബി.എസ്.എൻ.എലുമായി ചേർന്ന് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എട്ടുമുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകൾ ഹൈടെക്ക് ആക്കുന്നതിന്റെ തുടർച്ചയായാണ് പ്രൈമറിയിലും ഐടി പശ്ചാത്തലസൗകര്യമൊരുക്കുന്നത്. നിലവിൽ ടെലിഫോൺ കണക്ഷൻ ഇല്ലാത്ത സ്ക്കൂളുകളിൽ പ്രത്യേക ഫോൺ കണക്ഷൻ ഇതിനായി ബി.എസ്.എൻ.എൽ. നൽകും.

വിദ്യാഭ്യാസവകുപ്പ് നൽകുന്ന ഇന്റർനെറ്റ് സൗകര്യം അക്കാദമിക്ക് പ്രവർത്തനങ്ങൾക്കും സ്ക്കൂളിന്റെ ഭരണപരമായ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയുണ്ടാകും. എല്ലാ പ്രൈമറി അദ്ധ്യാപകര്‍ക്കുമുള്ള ഐസിടി പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഭദ്രവും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കാനും ഉപയോഗക്ഷമത പരിശോധിക്കാനും പ്രത്യേക പരിശീലനവും ഇ-മോണിറ്ററിംഗ് സംവിധാനവും IT @ School പ്രോജക്ട് ഏർപ്പെടുത്തും. ഇതോടൊപ്പം പ്രൈമറി ക്ലാസ്സുകളിൽ കളിപ്പെട്ടി എന്ന പേരിൽ ഐസിടി പാഠപുസ്തകങ്ങളും സ്കൂളുകളിലെത്തിക്കും.