സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ വൗ ക്ലബ്

സ്ത്രീകള്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ വൗ ക്ലബ്

Wednesday January 13, 2016,

2 min Read

സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതരായി എവിടെ വേണമെങ്കിലും കറങ്ങി നടക്കാം. സ്ത്രീകള്‍ക്ക് വേണ്ടി ടൂറിസം പാക്കേജുകള്‍ ഉള്‍പ്പെടെ സുരക്ഷിത യാത്രയൊരുക്കുകയാണ് കേരള ടൂറിസം വകുപ്പ്. ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ഫെഡിന്റെ(കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ്) നേതൃത്വത്തിലാണ് വൗ ക്ലബ് (വിമന്‍ ഓണ്‍ വാണ്ടര്‍ലസ്റ്റ് ക്ലബ്) എന്ന പേരില്‍ സ്ത്രീകള്‍ക്കു നാട്ടിലും വിദേശത്തും സുരക്ഷിതമായ യാത്രയൊരുക്കുന്നത്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ് പദ്ധതി.

image


കേരളത്തിന് പുറമേ വിദേശ രാജ്യങ്ങളിലേക്കും ടൂര്‍ പാക്കേഡുകളുണ്ടാകും. കൂടെ ആരും ഇല്ലെങ്കില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്ത് മടങ്ങാനാകും. മിതമായ യാത്രാ നിരക്കുകളും ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിമാനക്കമ്പനികളുമായും വിദേശരാജ്യങ്ങളിലെ ടൂറിസം വകുപ്പുകളുമായും സഹകരിച്ചു കുറഞ്ഞ ചെലവില്‍ സുരക്ഷിതയാത്രയൊരുക്കുകയാണു ടൂര്‍ഫെഡിന്റെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം അവസാനം നടക്കും.

image


ഒറ്റയ്‌ക്കോ സംഘങ്ങളായോ വൗ ക്ലബ്ബില്‍ അംഗത്വമെടുക്കാം. വിമാനക്കമ്പനികള്‍ക്കു പണം മുന്‍കൂറായി നല്‍കുന്നതിനാല്‍ സീസണിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭിക്കും. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ക്ക് പുറമെ പ്രായമായവര്‍ക്കു വേണ്ടിയും പ്രത്യേക പാക്കേജുകള്‍ തുടങ്ങുന്നുണ്ട്. തീര്‍ഥാടന ടൂറിസത്തിനാണ് ഈ പാക്കേജില്‍ മുന്‍ഗണന നല്‍കുക.

image


പാക്കേജുകള്‍ക്കു പുറമെ ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ടാക്‌സി സര്‍വീസുകളുടെ മാതൃകയില്‍ നിലവിലുള്ള ടാക്‌സി സര്‍വീസുകളുടെ സഹകരണത്തോടെ ടൂര്‍ഫെഡ് ടാക്‌സി തുടങ്ങും. ഇതിനുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ നിര്‍മാണഘട്ടത്തിലാണ്. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ലക്ഷ്വറി ബസുകള്‍ ഉപയോഗിച്ചു ഹോപ് ഓണ്‍ ഹോപ് ഓഫ് സര്‍വീസുകളും തുടങ്ങുന്നുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കായി ഫെസിലിറ്റി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് എന്നിവ തുടങ്ങും.

image


ഒറ്റദിവസത്തെ യാത്രയില്‍ വിമാനത്തിലും കപ്പലിലും ട്രെയിനിലും ബസിലും കയറാന്‍ സൗകര്യമൊരുക്കുന്ന ടൂര്‍ഫെഡിന്റെ പാക്കേജ് ഹിറ്റ് ആയിക്കഴിഞ്ഞു. തിരുവനന്തപുരത്തു നിന്നു രാവിലെയുള്ള വിമാനത്തില്‍ കൊച്ചിയിലിറങ്ങി അവിടെ നിന്നു കപ്പലില്‍ ഉച്ചവരെ ചെലവിട്ടു മട്ടാഞ്ചേരിയില്‍ കറങ്ങി വൈകിട്ട് ജനശതാബ്ദിയില്‍ തിരിച്ചെത്തുന്ന പാക്കേജിനു ഭക്ഷണമുള്‍പ്പെടെ 3750 രൂപയാണു നിരക്ക്. മൂന്ന് രാത്രിയും നാല് പകലും ഉള്‍പ്പെടുന്ന ട്രിവാന്‍ഡ്രം- കൊച്ചിന്‍ ടൂര്‍ പാക്കേജില്‍ മൂന്നാര്‍, ആലപ്പുഴ കായല്‍ ടൂറിസം എന്നിവ ഉള്‍പ്പെടെയുണ്ട്. കേരളത്തിലെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും ടൂര്‍ഫെഡ് പാക്കേജ് ടൂറുകള്‍ നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍ 0471–2305075, 0471 2305023, ഇമെയില്‍[email protected]

    Share on
    close