ആഫ്രിക്കന്‍ മുഷി വളര്‍ത്തലിന് നിരോധനം

0

കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പാലക്കാട് ജില്ലയില്‍ ആഫ്രിക്കന്‍ മുഷി കൃഷി കാരണം മത്സ്യ സമ്പത്തിനും പരിസ്ഥിതിക്കും കോട്ടം സംഭവിക്കുന്നതിനാല്‍ കൃഷി നിരോധിക്കണമെന്ന ഫിഷറീസ് ഡയറക്ടറുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. 

ക്ലാരിയസ് ഗാരിപ്പിനസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന മത്സ്യമാണ് ആഫ്രിക്കന്‍ മുഷി. ശുദ്ധജലമത്സ്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഇവ. ഒരുജലാശയത്തില്‍ എത്തിക്കഴിഞ്ഞാല്‍ അവിടത്തെ മറ്റുമത്സ്യങ്ങളെ മുഴുവന്‍ ഇവ ഭക്ഷണമാക്കും. രണ്ടുദശകം മുന്‍പാണ് വിദേശത്തുനിന്നും ഇവ ഇന്ത്യയിലെത്തുന്നത്. ആദ്യം ബംഗ്ലാദേശിലും തുടര്‍ന്ന് പശ്ചിമബംഗാളിലും കൃഷിയായി തുടങ്ങിയതാണ് ആഫ്രിക്കന്‍ മുഷി. ഇപ്പോള്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അനധികൃതമായി ഇത് കൃഷിചെയ്തുവരുന്നു.14 ഇനങ്ങളിലായി 116 തരത്തിലുള്ള മുഷികളുണ്ട്. ഇവയില്‍ ക്ലാരിയസ് ബട്രാപ്ലെസ്, ക്ലാരിയസ് സുസുമേയറി എന്നീ ഇനങ്ങളാണ് കേരളത്തില്‍ എത്തിയിട്ടുള്ളത്. ചെലവില്ലാത്ത അറവുമാലിന്യംകൊണ്ടുള്ള കൃഷിയെന്നതും മുഷിവളര്‍ത്തല്‍ ലാഭകരമാക്കുന്നു. വളരെവേഗം ആദായം ലഭിക്കുന്നതിനാല്‍ കൂടുതല്‍പേര്‍ ഈ മേഖലയിലേക്കെത്തുന്നു. പ്രകൃതിയിലുള്ള മത്സ്യസമ്പത്തും മറ്റുമിത്രകീടങ്ങളും പുഴുക്കളും ലാര്‍വകളുമെല്ലാം ഇവ ഭക്ഷണമാക്കുമെന്നതിനാല്‍ പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ് ഇവ.

ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ മൂലം പാലക്കാട് ജില്ലയില്‍ പലയിടത്തും ജനവാസം ദുഷ്‌കരമായതായും മലനീകരണത്തിന് കാരണമാകുന്നതായും പരാതികളുണ്ടായിരുന്നു. ജില്ലാ വികസന സമിതി യോഗങ്ങളില്‍ എം.എല്‍.എ മാര്‍ വിഷയം ഉന്നയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 2013 ജനുവരിയിലെ സര്‍ക്കുലര്‍ പ്രകാരം ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ നിരോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പുതിയ വിജ്ഞാപനം.