ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി മാനസികാരോഗ്യ വിഭാഗം

ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി മാനസികാരോഗ്യ വിഭാഗം

Thursday March 30, 2017,

3 min Read

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക പീഡനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം. ശാരീരികമായും മാനസികമായും കുട്ടികളെ തകര്‍ത്തുകളയുന്ന ഇത്തരം സംഭവങ്ങളില്‍ നിന്നും അവരെ രക്ഷിച്ചെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

image


ഞെട്ടിക്കുന്ന കണക്കുകള്‍

കുട്ടികള്‍ അത് ആണായിരുന്നാലും പെണ്ണായിരുന്നാലും ശരി, അവര്‍ സ്വന്തം കുടുംബത്തില്‍ പോലും സുരക്ഷിതരല്ലെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരില്‍ 90 ശതമാനവും അടുത്തറിയാവുന്നവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ 60 ശതമാനം പേരും പ്രായമുള്ളവരോ, സഹോദരങ്ങളോ, പിതാക്കന്‍മാരോ അടുത്ത രക്ത ബന്ധത്തില്‍പ്പെട്ട മറ്റുള്ളവരോ ആണ്. ബാക്കി 30 ശതമാനം പേരും അങ്കിള്‍, കൊച്ചിച്ചന്‍ തുടങ്ങിയ മറ്റ് ബന്ധുക്കളോ പരിചിതരായ സുഹൃത്തുക്കളോ ആകാം. എന്നാല്‍ അപരിചിതരായവര്‍ കുട്ടികളെ ആക്രമിക്കുന്നത് വെറും 10 ശതമാനം മാത്രമാണ്. പരിചിതരായവരെയാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടതെന്ന് സാരം.

എന്താണിതിന് കാരണം?

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അഞ്ചില്‍ ഒരാള്‍ക്ക് മാനസിക രോഗവും വ്യക്തിത്വ വൈകല്യവും ഉണ്ടെന്നാണ് വിലയിരുത്തുന്നത്. അതായത് മറ്റൊരു അസുഖവുമില്ലാത്ത പകല്‍ മാന്യരാണെങ്കിലും ഇത്തരം വൈകല്യമുള്ളവര്‍ ഓരോ കുടുംബത്തിലും ഉണ്ടെന്നത് വ്യക്തം. സാഹചര്യങ്ങളാണ് ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന മൃഗീയ വാസനയെ ഉണര്‍ത്തുന്നത്. ഇപ്പോള്‍ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകളുണ്ട്. അശ്ലീല വീഡിയോകള്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ കാണുകയും അത് ഫോണില്‍ സേവ് ചെയ്യുകയും ചെയ്യുന്നു. ഇത് ചിലപ്പോഴെങ്കിലും കുട്ടികള്‍ കാണാവുന്ന സാഹചര്യവുമുണ്ടാകുന്നു. മാത്രമല്ല മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം മനുഷ്യനെ മറ്റൊരു ഉന്മാദ ലോകത്തെത്തിക്കും. കുട്ടികളെ വീട്ടിലോ പരിചയക്കാരുടെ വീട്ടിലോ ഒറ്റയ്ക്ക് നിര്‍ത്തിയിട്ട് പോകുന്ന സാഹചര്യങ്ങളാണ് പലപ്പോഴും ഇവര്‍ മുതലെടുക്കുന്നത്. കുട്ടിയോട് ബന്ധുക്കള്‍ക്ക് ചെറുതായി തോന്നുന്ന വാസനയാണ് പിന്നീട് തരം കിട്ടുമ്പോഴുള്ള ക്രൂരമായ ലൈംഗിക പീഡനമായി മാറുന്നത്.

കുട്ടികളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ഇത്തരം പീഡനങ്ങളിലൂടെ കുട്ടികള്‍ക്ക് ഹ്രസ്വവും ദീര്‍ഘവുമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഏറ്റവും അടുത്തയാളാണ് പീഡിപ്പിച്ചതെന്ന വസ്തുത ആ കുട്ടിയ്ക്ക് ലോകത്തോടുള്ള വിശ്വാസം പോലും നഷ്ടപ്പെടുത്തും. ഉത്കണ്ഠാ രോഗവും വിഷാദ രോഗവും ഉണ്ടാക്കും. ആ ആഘാതം തലച്ചോറിന്റെ സ്‌ട്രെസ് ഹോര്‍മോണിന്റെ അളവ് കൂട്ടുന്നു. ഓര്‍മ്മ, വിശകലന പാഠവം, ബുദ്ധി എന്നിവയെ കാര്യമായി ബാധിക്കുന്നു. ഇതെല്ലാം പഠനവൈകല്യത്തിലേക്കും മനോ രോഗത്തിലേക്കും കുട്ടിയെ എത്തിക്കും. ഇത്തരക്കാര്‍ക്ക് വിവാഹബന്ധം വളരെ കയ്‌പ്പേറിയ അനുഭവമായി മാറും. അപ്പോഴെല്ലാം വില്ലനായി പഴയകാര്യം തലച്ചോറിലെത്തുന്നു. പങ്കാളിയെ തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ കഴിയാതെ വരുന്നു.

എങ്ങനെ നമ്മുടെ കുട്ടികളെ സംരക്ഷിക്കാം?

കുട്ടികളിലും കുടുംബത്തിലും അവബോധം ഉണ്ടാക്കുകയാണ് ഇതിനുള്ള ഏറ്റവും നല്ല പോംവഴിയെന്ന് പ്രശസ്ത മാനസികാരോഗ്യ ഡോക്ടറും മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ.യുമായ ഡോ. മോഹന്‍ റോയി പറയുന്നു. മൂന്ന്-നാല് വയസുള്ള കുട്ടികളെ ഒരു പാവയെ കാണിച്ച് ഒരു കഥപോലെ ഇത് പറഞ്ഞ് മനസിലാക്കാവുന്നതാണ്. ആ പാവയ്ക്ക് ആ കുട്ടിയുടെ പേരുതന്നെ ഇടാം. 'ലക്ഷ്മിക്കുട്ടിക്ക് ഡ്രസ്സ് ഇട്ടിട്ടുള്ള ഭാഗങ്ങളില്‍ അമ്മയൊഴികെ മറ്റുള്ളവര്‍ തൊടുന്നത് ഇഷ്ടമില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ മറ്റുള്ളവരെ ഈ പാവ വിവരമറിയിക്കും. ചിലപ്പോള്‍ അയാള്‍ ഭീഷണിപ്പെടുത്തും. അമ്മയേയും അച്ഛനേയും കൊന്നു കളയും. പോലീസില്‍ പിടിപ്പിക്കും എന്നൊക്കെ... എത്ര ഉന്നതനായാലും എത്ര ഭീഷണി മുഴക്കിയാലും ഇത് ലക്ഷ്മിക്കുട്ടി മറ്റുള്ളവരോട് പറഞ്ഞിരിക്കും. അത്ര നല്ലവളാണ് ലക്ഷ്മിക്കുട്ടി'. ഈ കഥ ജീവിതത്തിലൊരിക്കലും ആ കുട്ടി മറക്കില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. അല്‍പം മുതിര്‍ന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍ കൂടുതല്‍ അവബോധം നല്‍കേണ്ടതാണ്.

കുട്ടികള്‍ ഇത്തരമെന്തെങ്കിലും അനുഭവം പറഞ്ഞാല്‍ അവരെ വഴക്ക് പറഞ്ഞ് നമ്മുടെ അങ്കിളല്ലേ എന്ന് പറഞ്ഞ് തള്ളിക്കളയരുത്. എത്ര ഉന്നതനാണെങ്കിലും പോലീസില്‍ പരാതി നല്‍കണം. ദുര്‍ബലരായ കുട്ടികളെ പീഡിപ്പിക്കുക എന്നത് തലച്ചോറിന്റെ ഒരു പ്രശ്‌നമാണെങ്കിലും അതിനുള്ള സാഹചര്യം രക്ഷകര്‍ത്താക്കള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണ്. എവിടെയായിരുന്നാലും അലക്ഷ്യമായ വസ്ത്രങ്ങള്‍ കുട്ടികളെ ധരിപ്പിക്കരുത്. കല്യാണത്തിനോ മറ്റോ പോകുമ്പോഴും അവരെ ഒരിക്കലും ഒറ്റയ്ക്ക് നിര്‍ത്തരുത്. എപ്പോഴും ഒരു കണ്ണുണ്ടാകണം. മാതാപിതാക്കളാണ് മാതൃകയാവേണ്ടത്. കമ്പ്യൂട്ടറും ടിവിയുമെല്ലാം പൊതു സ്ഥലത്ത് വയ്ക്കണം. ഭയത്തോടെ മാറി നില്‍ക്കുന്നവരോട് കുട്ടിയെ അടുപ്പിക്കാന്‍ ശ്രമിക്കരുത്. മറ്റുള്ളവരുടെ മടിയില്‍ കയറ്റി ഇരുത്തരുത്. സ്‌നേഹത്തോടെയുള്ള പരിചരണം അവര്‍ക്ക് നല്‍കണം. മറ്റുള്ളവര്‍ ഉപദ്രവിച്ചാല്‍ ആ കുട്ടിയെ തല്ലുമെന്നുള്ള ഭീതി വരുത്തരുത്. എല്ലാം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഒരുക്കണം.

പീഡനം നടന്നു എന്ന് ബോധ്യമായാല്‍?

കുട്ടികളെ ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യം മാതാപിതാക്കള്‍ക്ക് അറിയാന്‍ സാധിക്കും. ചെറിയ കുട്ടികളാണെങ്കില്‍ അവരുടെ ശരീരത്തില്‍ എന്തെങ്കിലും പാടുകള്‍ കണ്ടാല്‍ അത് ചോദിച്ച് മനസിലാക്കണം. ചെറിയ കുട്ടികള്‍ പ്രായത്തില്‍ കവിഞ്ഞ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നെങ്കില്‍ അത് വ്യക്തമായ സൂചനയാണ്. അല്‍പം മുതിര്‍ന്നാല്‍ അവരുടെ പെരുമാറ്റം, അസാധാരണമായ ഒതുങ്ങിക്കൂടല്‍, ഒറ്റയ്ക്കിരിക്കല്‍, പഠനത്തിനോടും ഭക്ഷണത്തോടും താത്പര്യമില്ലായ്മ, അകാരണമായ ഞെട്ടല്‍, ദേഷ്യം, തര്‍ക്കം, ചില വ്യക്തികളെപ്പറ്റി പറയുമ്പോള്‍ അകാരണമായി ദേഷ്യപ്പെടുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.

കുടംബത്തിന്റെ നാണക്കേട്, സ്‌നേഹിച്ചവര്‍ തന്നെ ചതിച്ചുവെന്ന തോന്നല്‍ ഇവയൊക്കെ മാതാപിതാക്കളെ മാനസികമായി തകര്‍ക്കുമെങ്കിലും കുട്ടിക്ക് ആവശ്യമായ മനോബലം നല്‍കേണ്ടത് പരമ പ്രധാനമാണ്. പുറമേ അധികം പരുക്കുകളില്ലെങ്കിലും ഉടനടി വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ ചികിത്സയോടൊപ്പം മാനസിക ചികിത്സയും വളരെ പ്രധാനമാണ്. ഉറപ്പായും കുട്ടിയെ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ കൗണ്‍സിലിംഗിന് വിധേയമാക്കണം. ഭാവിയിലുണ്ടായേക്കാവുന്ന എല്ലാ മാനസിക പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും 100 ശതമാനം ചികിത്സിച്ച് ഭേദമാക്കാനും ഇതിലൂടെ സാധിക്കുന്നു.

പോലീസിനെ അറിയിച്ചില്ലെങ്കില്‍?

പോക്‌സോ നിയമ പ്രകാരം കുട്ടികളോടുള്ള അതിക്രമം മറച്ച് വച്ചാല്‍ അവര്‍ തന്നെ കുടുങ്ങും. ഇത്തരം വൈകല്യമുള്ളവരെ പിടികൂടിയില്ലെങ്കില്‍ അവര്‍ക്കിതൊരു വളമാകും എന്നത് ഏറ്റവും പ്രധാനമാണ്. അവര്‍ ഇതേ തന്ത്രമുപയോഗിച്ച് ആ കുട്ടിയേയും മറ്റ് പലരേയും പീഡിപ്പിക്കാം. അഞ്ചിലൊന്ന് മാനസിക വൈകല്യമുള്ള ഈ നാട്ടില്‍ അവര്‍ക്കുള്ള ഏറ്റവും നല്ല മരുന്നാണ് നിയമ നടപടി. 10 പേര്‍ ശിക്ഷിക്കപ്പെട്ടാല്‍ തന്നെ 10,000 പേര്‍ അടങ്ങും.

ഇവര്‍ക്ക് മാതൃകാപരമായി ശിക്ഷ ഉറപ്പ് വരുത്തിയില്ലെങ്കില്‍ ഇരതന്നെ ഭാവിയില്‍ വേട്ടക്കാരനായി മാറും. സംഘര്‍ഷം നിറഞ്ഞ കൗമാരം അവരെ കുറ്റവാളികളാക്കും. ഭാവിയിലത് സമൂഹത്തിനും അത് മറച്ചുപിടിച്ച മാതാപിതാക്കള്‍ക്കും തന്നെ ദോഷകരമായി ഭവിക്കും. അതിനാല്‍ കുട്ടികള്‍ നമ്മുടേതാണ്. അവരെ ബോധവാന്‍മാരാക്കി പരമാവധി സംരക്ഷിക്കുക. ഇനി പറ്റിപ്പോയാല്‍ തളരാതെ അവര്‍ക്ക് വേണ്ട ശാരീരികവും മാനസികവുമായ ചികിത്സകളും നിയമസഹായവും നല്‍കുക. മെഡിക്കല്‍ കോളേജില്‍ ഇത്തരം കുട്ടികളുടെ ചികിത്സയ്ക്കായി പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. അവര്‍ നാളെയുടെ പൗരന്‍മാരായി സന്തോഷത്തോടെ വളരട്ടെ...