മൃഗകൊമ്പുകളില്‍ ശില്‍പ ചാരുത തീര്‍ത്ത് ഗോപിനാഥന്‍

മൃഗകൊമ്പുകളില്‍ ശില്‍പ ചാരുത തീര്‍ത്ത് ഗോപിനാഥന്‍

Saturday March 26, 2016,

2 min Read


മൃഗകൊമ്പുകള്‍ ഉപയോഗിച്ച് തന്റെ കരവിരുതില്‍ വിസമയം തീര്‍ക്കുകയാണ് തിരുവനന്തപുരം പേട്ട സ്വദേശി ഗോപിനാഥന്‍. നിരവധി കരകൗശല മേളകളില്‍ തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇറച്ചിക്കായി കശാപ്പുചെയ്യുന്ന കാള, പോത്ത് എന്നിവയുടെ കൊമ്പുകളാണ് മിനുസപ്പെടുത്തി വിവിധ കരകൗശല സാധനങ്ങള്‍ ഉണ്ടാക്കുന്നത്. അതിനാല്‍ തന്നെ ഭംഗിയും കൗതുകവും തങ്ങി നല്‍ക്കുന്ന ഇവ വാങ്ങാനെത്തുന്നവരും നിരവധിയാണ്. കൃത്രിമമായ കൂട്ടുകളോ വര്‍ണങ്ങളോ ഇല്ലാതെയാണ് ഇവയുടെ നിര്‍മാണം. വൃത്തിയാക്കിയ കൊമ്പിന്റെ പുറം രാകുമ്പോള്‍ ലഭിക്കുന്ന കറുത്ത നിറവും ചെത്തിമിനുക്കുമ്പോള്‍ ലഭിക്കുന്ന സ്വര്‍ണ നിറവും കാഴ്ചയില്‍ ആരേയും ആകര്‍ഷിക്കുന്നതണ്. കൈതച്ചക്കയുടെ ഇലകളും പനയോലകളും ഉണക്കി കരിച്ച കിട്ടുന്ന ചാരം ഉപയോഗിച്ചാണ് കൊമ്പുകള്‍ നിറങ്ങള്‍ നല്‍കുന്നത്.

image


ചിത്രപ്പണികള്‍ കൊത്തിയതിനുശേഷം പൗഡറും ഉജാലയും ചേര്‍ത്ത മിശ്രിതങ്ങളില്‍ പശ ചേര്‍ത്ത് കാര്‍വ് ചെയ്ത സ്ഥലത്ത് തേച്ച് പിടിപ്പിക്കും. നാല് തവണ ദേശീയ അവാര്‍ഡിനായി തന്റെ ശില്‍പങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ഗോപിനാഥന്‍ പറയുന്നു.തന്റെ ശില്പങ്ങള്‍ കാണുന്നതിനും ഇവയുടെ നിര്‍മാണത്തെപ്പറ്റി മനസിലാക്കുന്നതിനും മുംബൈ സര്‍വകലാശാലയില്‍ നിന്നും വിദ്യാര്‍ഥികള്‍ എത്തിയത് മറക്കാനകാത്ത അനുഭവമായി ഗോപിനാഥ് പറയുന്നു. 250 മുതല്‍ 10,000 രൂപവരെ വിലയുള്ള ശില്പങ്ങളും മറ്റ് കരകൗശല ഉത്പന്നങ്ങളുംഗോപിനാഥന്റെ ശേഖരത്തിലുണ്ട്. ആന, കൊക്ക്, മയില്‍, തത്ത, വിവിധയിനം പൂക്കള്‍, മത്സ്യം, വൃക്ഷങ്ങള്‍ തുടങ്ങി നൂറുകണക്കിന് ശിലപങ്ങളാണ് വില്‍പനക്കുള്ളത്. ഇവ നിലത്ത് വീണാല്‍ പൊട്ടില്ല എന്ന സവിശേഷതയുണ്ട്. വിവിധയിടങ്ങളില്‍ സംഘടിപ്പിക്കാറുള്ള കരകൗശല മേളകളിലെ സ്ഥിരം പങ്കാളിയാണ് ഗോപിനാഥന്‍. ഇവിടെയൊക്കെ ഗോപിനാഥന്റെ സ്റ്റാളിലെ ഉത്പന്നങ്ങള്‍ തേടിയെത്തുന്നവര്‍ നിരവധിയാണ്.

image


എരുമയുടെ കൊമ്പ് ചൂടാക്കിയാല്‍ ഏത് രീതിയിലും വളക്കാന്‍ കഴിയും. ആഫ്രിക്കയില്‍ മാത്രം കാണുന്ന ഒരുതരം ചെടിയുടെ ചിത്രം കണ്ട് അതിനെ മാതൃകയാക്കിയാണ് ഗോപിനാഥ് ഫ്‌ളവര്‍വെയ്‌സ് തയ്യാറാക്കിയത്. 250 രൂപ മുതല്‍ 2500 രൂപ വരെ വിലയുള്ള ഫ്‌ളവര്‍ വേയ്‌സുകള്‍ ഉണ്ട്. പ്ലാന്റ് എന്ന ശില്പത്തിന് 850 രൂപയാണ് വില.ഗണപതിയുടേയും ശ്രീകൃഷ്ണന്റേയും രൂപങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. കൂടാതെ ചെടികളുടേയും മരങ്ങളുടേയും രൂപങ്ങളും കൊമ്പുകളില്‍ തീര്‍ത്ത് മിനുസപ്പെടുത്തിയെടുത്തിട്ടുണ്ട്. സ്വീകരണ മുറികള്‍ അഴകേകാന്‍ ഇവ വളരെ മികച്ചതാണ്.

image


ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങി 15ഓളം സ്ഥലങ്ങളില്‍ നടന്ന കരകൗശല മേളകളില്‍ ഗോപിനാഥന്റെ ശില്പങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട. തന്റെ 20ാം വയസ്സില്‍ തുടങ്ങിയ ശില്പ നിര്‍മാണം ഈ അറുപത്തൊന്നാം വയസിലും ഗോപിനാഥന്‍ തുടരുന്നു.