മട്ടുപ്പാവില്‍ വെള്ളപൂശാം, വേനല്‍ ചൂടിനെ പ്രതിരോധിക്കാം

0


 1950കളിലാണ് കേരളത്തില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ (ആര്‍.സി.സി. റൂഫ്) സാധാരണായിത്തുടങ്ങിയത്. മുറികളിലെ വര്‍ദ്ധിച്ച ചൂട്, കോണ്‍ക്രീറ്റ് ദ്രവിച്ച് മഴവെള്ളം ഊര്‍ന്നിറങ്ങല്‍ തുടങ്ങി ന്യൂനതകള്‍ ഉണ്ടെങ്കിലും ആര്‍.സി.സി റൂഫുകളുടെ വ്യാപനത്തില്‍ കുറവുണ്ടായിട്ടില്ല. പക്ഷേ പൊള്ളുന്ന വേനല്‍ചൂടില്‍ മലയാളിക്ക് കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ ഒരു ശാപമായി മാറുന്നു എന്നതാണ് വാസ്തവം.

മട്ടുപ്പാവിലെ തറയില്‍ വെള്ളപൂശുന്നത് പ്രശ്‌നത്തിനുള്ള ഏറ്റവും ചെലവുകുറഞ്ഞതും ലളിതവുമായ പരിഹാരമാണെന്ന് സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനിലെ (സിസ്സ) വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റു തറയില്‍ വെള്ള പെയിന്റു തേച്ചാല്‍ കീഴെയുള്ള മുറികളില്‍ താപനില 3 മുതല്‍ 4 ഡിഗ്രിവരെ കുറയുമെന്നാണ് വിദഗ്ദ്ധരുടെ ഉറപ്പ്.

പുറത്തെ അന്തരീക്ഷത്തില്‍ നിന്നുള്ള വികിരണം, അകത്തെ ജീവജാലങ്ങളുടെ ശരീരതാപം, എരിയുന്ന ബള്‍ബുകള്‍ എന്നിവയാണ് മുറികള്‍ക്കുള്ളിലെ താപത്തെ നിശ്ചയിക്കുന്നത്. ഇതില്‍ അന്തരീക്ഷവികിരണത്തിലൂടെ ശേഖരിക്കപ്പെടുന്ന താപത്തെ കാര്യമായി കുറയ്ക്കാന്‍ മട്ടുപ്പാവിലെ വെള്ളപൂശല്‍ സഹായിക്കും.

അല്‍ബിഡോ സൂചകം

അല്‍ബിഡോ എന്ന സൂചകമാണ് പ്രതലങ്ങളുടെ ഊര്‍ജ്ജ പ്രതിഫലനശേഷി സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. അല്‍ബിഡോ മൂല്യം പൂജ്യമെങ്കില്‍ പ്രതലത്തില്‍ പതിക്കുന്ന സൗരോര്‍ജ്ജം ഒട്ടും തന്നെ പ്രതിഫലിക്കില്ല. അത്തരം പ്രതലങ്ങള്‍ താപോര്‍ജ്ജ ശേഖരണികളായി മാറും. അല്‍ബിഡോ 1 ആണെങ്കില്‍ പതിക്കുന്ന താപം മുഴുവന്‍ പ്രതിഫലനത്തിലൂടെ തിരിച്ചുപോകും.

മട്ടുപ്പാവിലെ സൂര്യപ്രകാശം പതിക്കുന്ന തറയില്‍ വെള്ളപൂശുമ്പോള്‍ അല്‍ബിഡോ മൂല്യം കൂടുകയും അതില്‍ പതിയുന്ന സൗരതാപത്തില്‍ നല്ലൊരു പങ്ക് തിരികെ അന്തരീക്ഷത്തിലേക്കു തന്നെ പ്രതിഫലിക്കുകയും ചെയ്യും. തല്ഫലമായി തറയുടെ താപചാലകത്വം ഗണ്യമായി കുറയുഞ്ഞ് കീഴെ മുറികളിലെ ചൂടു കുറയാന്‍ കാരണമാകുന്നു.

കറുത്ത പ്രതലങ്ങള്‍ക്ക് പൂജ്യത്തിനടുത്ത അല്‍ബിഡോ മൂല്യമേ ഉള്ളൂ. അവയില്‍ പതിക്കുന്ന വികിരണങ്ങള്‍ പരമാവധി സ്വീകരിക്കും. വേനല്‍ക്കാലത്ത് ഉണങ്ങിയ പായല്‍ മൂലം ഏതാണ്ട് കറുത്തനിറം ആര്‍ജ്ജിക്കുന്ന മട്ടുപ്പാവുകള്‍ താപശേഖരണികളാവുന്നത് ഇങ്ങനെയാണ്. ''അവയുടെ പ്രതലം വെള്ളപൂശുന്നതിന് പറ്റിയ സമയമാണിപ്പോള്‍. ഉണക്കപ്പായലിന്റെ കറുത്ത പൊടി തൂത്തു കളഞ്ഞ് പ്രതലം കഴുകി വൃത്തിയാക്കിയ ശേഷം വെള്ള തേച്ചാല്‍ താഴെ മുറികളില്‍ 3 മുതല്‍ 4 ഡിഗ്രി വരെ ചൂടു കുറയുന്നകാര്യം ഉറപ്പ്'' സിസ്സയിലെ എനര്‍ജി കണ്‍സള്‍ട്ടന്റും ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി അംഗീകരിച്ച എനര്‍ജി ഓഡിറ്ററുമായി സുരേഷ് ബാബു പറയുന്നു.

നഗരത്തിലുള്ള ഓട്ടോട്രാക്ഷന്‍സ് എന്ന തന്റെ ഓഫീസില്‍ പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രം ഇരുപതോളം കെട്ടിട ഉടമകളെക്കൊണ്ട് പ്രാവര്‍ത്തികമാക്കാനും അതിന് ആഗോള ഭൗമ സംരക്ഷണ മുന്നേറ്റമായ എര്‍ത്ത് ഡേ ഇനിഷ്യേറ്റീവിന്റെ അഭിനന്ദനം നേടാനും കഴിഞ്ഞു.

താപദ്വീപുകള്‍

പലകാരണങ്ങളാല്‍ അന്തരീക്ഷതാപം ഉയരുന്ന മുറയ്ക്ക് നമ്മുടെ നഗരങ്ങളിലെല്ലാം താപദ്വീപുകള്‍ (അര്‍ബന്‍ ഹീറ്റ് ഐലന്‍ഡ്‌സ്) സൃഷ്ടിക്കപ്പെടുകയാണ്. ''നഗരതാപ വിതാനത്തിന്റെ ആകാശ ചിത്രം പരിശോധിച്ചാല്‍ താപസ്രോതസ്സുകളായി വര്‍ത്തിക്കുന്ന നിരവധി ദ്വീപുകള്‍ കണ്ടെത്താം. പതിക്കുന്ന താപം മുഴുവന്‍ ശേഖരിക്കുന്ന നിര്‍മ്മിതികളാണ് ഈ താപദ്വീപുകള്‍ക്കു കാരണം. ഇക്കാരണത്താല്‍ തന്നെ നമ്മുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ വെള്ള തേച്ച് തണുപ്പിക്കുന്നതിലൂടെ പരിസ്ഥിതിയുടെ സംതുലിതാവസ്ഥയും ഉറപ്പാക്കാം'', സുരേഷ് ബാബു പറയുന്നു.

''മുറിയിലെ ചൂടു കുറഞ്ഞാല്‍ പലതുണ്ടു കാര്യം. ഒന്ന് ജീവിതം സുഖകരമാകും. രണ്ടാമത് താപക്രമീകരണത്തിനുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ കുറച്ച് ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ബില്ലും കുറയ്ക്കാം'', അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

തെങ്ങോല വേണ്ട

ടെറസില്‍ തെങ്ങോലവിരിച്ചാല്‍ ചൂടുകുറയില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ''ദിവസങ്ങള്‍ കഴിയുന്തോറും ഓലയുടെ നിറം ബ്രൗണും കറുപ്പുമായി മാറും. ഇത് അല്‍ബിഡോ മൂല്യം കാര്യമായി കുറച്ച് ചൂട് കൂട്ടും. ഇതിനു പുറമേയാണ് ഓലയുടെ ലഭ്യത, വണ്ടിവരുന്ന പ്രയത്‌നം എന്നിവ'', വിദഗ്ദധര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ക്രീറ്റു മേല്‍ക്കുരയില്‍ വെള്ളം കെട്ടിനിര്‍ത്തി ചൂടുകുറയ്ക്കാന്‍ ശ്രമിക്കുന്നത് മേല്‍ക്കുരയില്‍ വിള്ളലും പ്രതലത്തില്‍ പൊള്ളലുമുണ്ടാക്കുമെന്നതിനാല്‍ ഒഴിവാക്കണം.

എന്നാല്‍ മട്ടുപ്പാവിന്റെ തറ വൃത്തിയാക്കി വെള്ളതേക്കുന്നത് കുടുംബാംഗങ്ങള്‍ക്കു തന്നെ ചെയ്യാവുന്നതേയുള്ളൂ. പൊട്ടിപ്പൊളിയാത്തതും ലീക്കേജ് ഭീതിയില്ലാത്തതുമായ മട്ടുപ്പാവുകളില്‍ പരസ്യങ്ങളില്‍ കാണുന്ന വിലകൂടിയ കോട്ടുകള്‍ വാങ്ങി പരീക്ഷിക്കേണ്ടതില്ല. പകരം വിലകുറഞ്ഞ വൈറ്റ് സിമന്റ് കലക്കി തേച്ചാല്‍ മതി.