സാംസ്‌കാരിക തനിമയും പ്രകൃതിഭംഗിയും വിളിച്ചോതി ഇതാദ്യമായി കേരളം സിലിക്കണ്‍ വാലിയില്‍

0


കളരിപ്പയറ്റും കഥകളിയുമൊക്കെയായി ദൈവത്തിന്റെ സ്വന്തം നാട് സാങ്കേതിക വിദ്യയുടെ ലോക തലസ്ഥാനമായ സിലിക്കണ്‍ വാലിയിലെത്തിയപ്പോള്‍ അതൊരു അപൂര്‍വ അനുഭവമായി.

സംസ്ഥാന ടൂറിസം വകുപ്പാണ് അമേരിക്കന്‍ റോഡ്‌ഷോയുടെ ഭാഗമായി കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയില്‍ കായലുകളും കടലോരങ്ങളും മലയോരങ്ങളുമടങ്ങുന്ന വിനോദസഞ്ചാരസാധ്യതകള്‍ സാങ്കേതികവിദഗ്ധര്‍ക്കുമുന്നില്‍ സായാഹ്നപരിപാടിയായി കഴിഞ്ഞ വ്യാഴാഴ്ച അവതരിപ്പിച്ചത്. ഫെയ്‌സ്ബുക്കും ഗൂഗിളുമടക്കമുള്ള നിരവധി ഐടി സ്ഥാപനങ്ങളുടെ ആസ്ഥാനമായ സിലിക്കണ്‍ വാലിയിലെ അമ്പതോളം കോര്‍പറേറ്റ് പ്രമുഖര്‍ പാളോ ആള്‍ട്ടോയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ സംഘടിപ്പിച്ച സായാഹ്നത്തില്‍ സന്നിഹിതരായിരുന്നു.

കേരള ടൂറിസത്തിന് ഇത് സുപ്രധാന ദിനമാണെന്ന് ടൂറിസം മന്ത്രി ശ്രീ എ.പി.അനില്‍കുമാര്‍ പറഞ്ഞു. അമേരിക്ക കേരള ടൂറിസത്തിന്റെ മുഖ്യ വിപണികളിലൊന്നാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കേരളത്തിലെത്തിയെ അമേരിക്കന്‍ സഞ്ചാരികളുടെ എണ്ണം 40 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്. കൂടുതല്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പാണ് സിലിക്കണ്‍ വാലിയില്‍ നടത്തിയ പരിപാടി. കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന്റെ മെച്ചമെന്തെന്ന് സിലിക്കണ്‍ വാലിയിലെ സ്ഥാപനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാനും ഈ പരിപാടി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2011ല്‍ 55,741 അമേരിക്കന്‍ സഞ്ചാരികള്‍ കേരളത്തിലെത്തിയപ്പോള്‍ 2014ല്‍ ഇത് 76,616 ആയി ഉയര്‍ന്നിരുന്നു.

സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ ജി.കമലവര്‍ദ്ധന റാവുവും അതിഥികളെ അഭിസംബോധന ചെയ്തു. വിനോദസഞ്ചാരത്തിനൊപ്പം കേരളത്തിലെ നിക്ഷേപ സാദ്ധ്യതകള്‍ മനസിലാക്കാന്‍ കാലിഫോര്‍ണിയയിലെ സാങ്കേതിക വിദഗ്ധരെ അദ്ദേഹം കേരളത്തിലേക്ക് ക്ഷണിച്ചു. നിക്ഷേപ സാധ്യതകള്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുവേണ്ടി അദ്ദേഹം അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരടങ്ങിയ സദസില്‍ അവതരിപ്പിച്ചു. ഉയര്‍ന്ന യോഗ്യതകളുള്ള നിരവധി ഐടി പ്രൊഫഷണലുകളുള്ള കേരളത്തില്‍ ബിസിനസ് ചര്‍ച്ചകളും സമ്മേളനങ്ങളും മാത്രമല്ല ധ്യാനപരിപാടികളും നടത്താന്‍ യോജിച്ച ശാന്തമായ അന്തരീക്ഷമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വെങ്കടേശന്‍ അശോക്, സിറ്റി കൗണ്‍സില്‍ അംഗം കാതറീന്‍ കാള്‍ട്ടണ്‍, സിഐഐ അമേരിക്കകാനഡ മേധാവി സുമാനി ദാസ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. കേരളത്തിന്റെ ഗ്രാമീണാന്തരീക്ഷം വിവരിക്കുന്ന പ്രചരണ ചിത്രങ്ങളും മറ്റും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.