ഭക്തര്‍ക്ക് സഹായകരമായി മെഡിക്കല്‍ കോളേജിന്റെ സൗജന്യ വൈദ്യ സഹായം

ഭക്തര്‍ക്ക് സഹായകരമായി മെഡിക്കല്‍ കോളേജിന്റെ സൗജന്യ വൈദ്യ സഹായം

Thursday March 30, 2017,

1 min Read

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തമ്പാനൂര്‍ ശ്രീകുമാര്‍ തീയറ്ററില്‍ ഒരുക്കിയ സൗജന്യ വൈദ്യസഹായം നൂറുകണക്കിന് ഭക്തര്‍ക്ക് സഹായകമായി. പുകയും ചൂടും കാരണമാണ് പലര്‍ക്കും അസ്വസ്ഥതയുണ്ടായത്. ചിലരെ കുഴഞ്ഞ് വീണ നിലയിലാണ് കൊണ്ടുവന്നത്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമായവരെ സൗജന്യ ആമ്പുലന്‍സില്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി വിട്ടയച്ചു.

image


മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.), മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം, സമഗ്രം ഹെല്‍ത്ത് ഫൗണ്ടേഷന്‍, ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍, തമ്പാനൂര്‍ ബ്രദേഴസ്, ശ്രീകുമാര്‍ തീയറ്റര്‍ എന്നിവര്‍ സംയുക്തമായാണ് സൗജന്യ വൈദ്യസഹായം ഏര്‍പ്പെടുത്തിയത്.

പ്രശസ്ത സംവിധായകനായ മേജര്‍ രവി സൗജന്യ വൈദ്യസഹായം ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജിലെ പ്രശസ്ത വൃക്കരോഗ വിദഗ്ധനും കെ.എന്‍.ഒ.എസ്. നോഡല്‍ ഓഫീസറുമായ ഡോ. നോബിള്‍ ഗ്രേഷ്യസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമായിരുന്നു മെഡിക്കല്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ സേവനവുമുണ്ടായിരുന്നു. നാല് പേരെ ഒരേസമയം കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന വിധത്തിലുള്ള പ്രത്യേക സംവിധാനമാണ് ശ്രീകുമാര്‍ തീയറ്റര്‍ വളപ്പില്‍ ഒരുക്കിയിരുന്നത്.

കൂടുതല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരുക്കിയിരുന്നു. അവിടേക്ക് കൊണ്ടുപോകാനുള്ള സൗജന്യ ആമ്പുലന്‍സ് സൗകര്യവും ഒരുക്കിയിരുന്നു.

ഇതോടൊപ്പം ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍, തമ്പാനൂര്‍ ബ്രദേഴസ് എന്നിവയുടെ നേതൃത്വത്തില്‍ 10,000 പേര്‍ക്ക് സൗജന്യ ഭക്ഷണവും വിതരണം ചെയ്തു. ഇവരുടെ നൂറിലധികം വോളന്റിയര്‍മാരുടെ സേവനവുമുണ്ടായിരുന്നു. അവയവദാന ബോധവത്കരണ പ്രചാരണത്തിന്റെ ഭാഗമായി കെ.എന്‍.ഒ.എസ്. ടീ ഷര്‍ട്ടുകളും വിതരണം ചെയ്തു.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത് വിവിധയിടങ്ങളില്‍ കുഴഞ്ഞ് വീണ 4 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്ഷ്മി (36) മെഡിക്കല്‍ കോളേജ്, സരിത (23) കടയ്ക്കല്‍, സരിത (27) ഒരുവാതില്‍ക്കോട്ട, നാരായണിയമ്മ (62) പയ്യന്നൂര്‍ എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത്. നാരായണിയമ്മയെ വാര്‍ഡില്‍ അഡ്മിറ്റാക്കി.