നോട്ട് പിന്‍വലിക്കല്‍; മോദിയും പ്രതിസന്ധിയും  

0

സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിന്റെ അനന്തര ഫലങ്ങളാണ് രാജ്യമിന്ന് ചര്‍ച്ച ചെയ്യുന്ന ഏറ്റവും പ്രധാന വിഷയം. രാജ്യത്തെ മൊത്തം ജനങ്ങളും ചര്‍ച്ച ചെയ്യുന്ന ഈ വിഷയത്തെക്കുറിച്ച് ആം ആദ്മി നേതാവ് അഷുതോഷ് തന്റെ ചിന്തകള്‍ യുവര്‍ സ്റ്റോറിയുമായി പങ്കുവെക്കുന്നു.

ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് നാട്ടുകാര്‍ അനുഭവിക്കുന്ന ദുരിതം ഇനിയും തീര്‍ന്നിട്ടില്ല, ഇതു വരെ എണ്‍പതിലധികം പേരാണ് പുതിയ പരിഷ്‌ക്കാരത്തെ തുടര്‍ന്ന് മരിച്ചത്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തന്നെ തകരാറിലായി. കള്ളപ്പണം തടയാനായി കൊണ്ടു വന്ന പരിഷ്‌കാരം വിചാരിച്ച രീതിയില്‍ ഫലപ്രദമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. കൃത്യമായ മുന്‍കരുതലില്ലാതെയെടുത്ത നടപടി എന്നാണ് പലരും ഈ നീക്കത്തെ വിലയിരുത്തുന്നത്. നോട്ടു പിന്‍വലിക്കലിലൂടെ സാമ്പത്തിക വ്യവസ്ഥയില്‍ ഉണ്ടാകുന്ന വലിയ വലിയതരത്തിലുള്ള ആഘാതങ്ങളെ നേരിടാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ തലത്തില്‍ എടുക്കേണ്ടതാണ്. എന്നാല്‍ ഇതുണ്ടായി്ല്ല. തീരുമാനം കൈക്കൊണ്ട് മാസം ഒന്നു കഴിയുമ്പോളും കാര്യങ്ങളൊന്നും നേരേയായിട്ടില്ല എന്നതാണ് ജനങ്ങളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്.

പല തരം വ്യാഖ്യാനങ്ങളും ഈ തീരുമാനത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നു വരുന്നുണ്ട്. മോദി രണ്ട് വ്യവസായികളില്‍ നിന്ന് രൂപ കൈപ്പറ്റിയത് ഒരു വിവാദമായി ഉയര്‍ന്നു വരാതിരിക്കാന്‍ തീര്‍ത്ത് പ്രതിരോധമായാണ് ഒരുവിഭാഗം ജനങ്ങള്‍ ഇതിനെ കാണുന്നത്. മറ്റൊന്ന് ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ ഇലക്ഷനില്‍ 73 സീറ്റുകള്‍ കരസ്ഥമാക്കി നേടിയ വിജയം വരുന്ന നിയമസഭാ ഇലക്ഷനില്‍ കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് മോദിയെന്ന രാഷ്ട്രീയ നേതാവിനെ വ്യക്തിപരമായി തന്നെ ബാധിക്കുന്ന ഒന്നാകും.

വിദേശത്തുള്ള കള്ളപ്പണം തിരികെ കൊണ്ടു വരുന്നതു സംബന്ധിച്ച് മോദി ഒന്നും തന്നെ പറയുന്നില്ല. അതുപൊലെ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ വാഗ്ദാനം ചെയ്തകാര്യങ്ങളില്‍ പലതും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് മോദി്ക്കു തന്നെ വ്യക്തമാണ്. ഈ സാഹചര്യത്തില്‍ രണ്ടര വര്‍ഷത്തിനു ശേഷം 2019ല്‍ താന്‍ ജനങ്ങളോട് എന്തു പറഞ്ഞ് രണ്ടാമത്തെ ഊഴത്തിന് ജനവിധി തേടും എന്നത് ഒരു ചോദ്യമാണ്. ഈ സാഹചര്യത്തില്‍ കള്ളപ്പണത്തിനുവേണ്ടി എടുത്ത ചുവടുവെപ്പ് എന്ന നിലയില്‍ പിടിച്ചു നില്‍ക്കാന്‍ നോട്ട് പിന്‍വലിക്കലിലൂടെ കഴിയുമെന്നും. ഉറവിടം വ്യക്തമാക്കാന്‍ കഴിയാതെ ബാങ്കുകളിലെത്തുന്ന പണത്തിന്റെ ഒരു വിഹിതം രാജ്യത്തെ പാവങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നുമാണ് മോദി സര്‍ക്കാര്‍ ചിന്തിക്കുന്നത്.

മോദിയും ഇന്ദിരാഗാന്ധിയും തങ്ങളുടെ ഭരണകാലത്ത് ഒരേ പോലെയാണ് കാര്യങ്ങള്‍ നീക്കിയിരുന്നതെന്ന സൂചനകളാണ് നല്‍കുന്നത്. ഇന്ദിരാഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമ്പോള്‍ അവരെ കളിപ്പാവ പോലെ കൊണ്ടു നടക്കാനാകുമെന്നായിരുന്നു അന്നത്തെ മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും വിചാരിച്ചിരുന്നത്. അതു കൊണ്ടു തന്നെയാണ് ഇന്ദിരാഗാന്ധിയെ അവര് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും കൊണ്ടു വന്നത്.

60കളുടെ അവസാനത്തില്‍ നീലം സഞ്ജീവറെഡ്ഡി പ്രസിഡന്റ് പദത്തിലെത്തിയാല്‍ താന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിവാക്കപ്പെടും എന്ന തോന്നലുള്ളതു കൊണ്ട് വി വി ഗിരിയെ പ്രസിഡന്റ് പദവിയിലേക്കെത്തിക്കാനുള്ള ചരടുവലികള്‍ക്ക് ഇന്ദിര നേതൃത്വം നല്‍കി. വി വി ഗിരി വിജയിക്കുകയും ഇത് കോണ്‍ഗ്രസിനുള്ളില്‍ രണ്ടു ചേരികള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ലിമെന്റില്‍ വന്ന അവിശ്വാസത്തെ ഭൂരിപക്ഷ വോട്ടുകളോടെ ചെറുത്തു തോല്പ്പിക്കാന്‍ ഇന്ദിരാഗാന്ധിക്കായി. തന്റെ പോരാട്ടത്തിന് ഇന്ദിരാഗാന്ധി ഒരു ആദര്‍ശപരമായ നിറം നല്‍കുകയും ചെയ്തു. പാര്‍ട്ടിയിലെ വലതുപക്ഷ ചായ് വ് വച്ചു പുലര്‍ത്തിയുരുന്ന മൊറാള്‍ജി ദേശായി, നിഞ്ജിലിംഗപ്പ, കെ കാമരാജ്, എസ് കെ പാട്ടില്‍, അതുല്യ ഘോഷ് തുടങ്ങിയ വന്‍നിരകള്‍ക്കെതിരെ എന്തു ചെയ്യണമെന്ന് ഇന്ദിരക്ക് വ്യക്തമായി അറിയാമായിരുന്നു. നെഹ്‌റുവിന്റെ മകള്‍ എന്ന നിലക്ക് ലോകത്തിന്റെ ഇടതു ചേരിക്ക് ഇന്ദിരയോട് പ്രത്യേക മമത ഉണ്ടായിരുന്നു. ലോകം ശീതയുദ്ധ കാലത്തിലൂടെ കടന്നു പോകന്നതിനിടെ ഈ നിലപാട് കൈക്കൊള്ളല്‍ ഇന്ദിരയെ കൂടുതല്‍ ശക്തയാക്കി. ബാങ്ക് ദേശസാല്‍ക്കരണവും, പ്രിവി പേഴ്‌സ് അവകാശങ്ങള്‍ എടുത്തു കളഞ്ഞതും ഇന്ദിരയെ കൂടുതല്‍ കരുത്തുറ്റ നേതാവാക്കി. ഇതിനെതിരെ വികാരം ഉയരുകയും ഇന്ദിരയെ പുറക്കാക്കണമെന്ന ആവശ്യമുയരുകയും ചെയ്തപ്പോള്‍ അവര്‍ മന്ത്രിസഭ തന്നെ പിരിച്ചു വിട്ട് വീണ്ടും ജനവിധി തേടി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അവര്‍ അധികാരത്തിലേക്ക് തിരികെയെത്തി. ഇന്ദിരാ ഹഠാവോ എന്ന മുദ്രാവാക്യത്തെ അവര്‍ ഗരീബീ ഹഠാവോ എന്ന മുദ്രാവാക്യം കൊണ്ട് ചെറുത്തു.

കള്ളപ്പണത്തിനെതിരെ ഒരു വലിയ നീക്കം നടത്തുന്ന തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന ധ്വനിയില്‍ മോദിയും ഇന്ദിരയുടെ നീക്കം തന്നെയാണ് നടത്തുന്നത്. ഇന്ദിരയില്‍ നിന്ന് വിഭിന്നമായി അദ്ദേഹത്തിന്റെ പാര്‍ട്ടി ഈ ശ്രമങ്ങള്‍ക്ക് സര്‍വവിധ പിന്തുണയും നല്‍കുന്നുമുണ്ട്. എന്നാല്‍ സത്യസന്ധമായി പരിശോധിച്ചാല്‍ ഈ നോട്ട് പിന്‍വലിക്കല്‍ ഒരു പരാജയമാണെന്നു കാണാം. മറ്റൊരു സമാന്തര സമ്പദ് വ്യവസ്ഥ തന്നെ അത് സൃഷ്ടിച്ചിരിക്കുകയാണെന്നു വേണം പറയാന്‍. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പോരാടുന്ന ഒരു നേതാവായി സ്വയം ഉയര്‍ത്തിക്കാട്ടുമ്പോവും മോദിയുടെ പാര്‍ട്ടി പോലും തങ്ങളുടെ 80 ശതമാനം സ്വത്തിന്റെ ഉറവിടം ഇനിയും വ്യക്തമാക്കിയിട്ടില്ല. പാര്‍ലിമെന്റില്‍ സംസാരിക്കാനുള്ള ധൈര്യം ഇനിയും അദ്ദേഹം കാണിച്ചിട്ടില്ല. പുറത്ത് വേദികളില്‍ തന്റെ നടപടിയെ ന്യായീകരിച്ച് സംസാരിക്കുമ്പോഴും സാധാരണ ജനങ്ങള്‍ ഇപ്പോഴും ക്യൂവില്‍ തന്നെ നില്‍ക്കുകയാണ്. സാധാരണ ജനങ്ങളുടെ പിന്തുണ കൊണ്ടാണ് ഇന്ദിര തന്റെ പ്രതിയോഗികള്‍ക്കെതിരെ പിടിച്ചു നിന്നതെങ്കില്‍ മോദി അത്തരത്തില്‍ പിടിച്ചു നില്‍ക്കുമോ എന്നത് സന്ദേഹം ഉയര്‍ത്തുന്ന വിഷമാണെന്നു വേണം പറയാന്‍.