സ്വാതന്ത്ര്യത്തിന് ഏഴുപതു വയസ്

1


സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ട് പിന്നിടുമ്പോള്‍ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പല രംഗങ്ങളിലും ഏറെ മുന്നിലാണ് നമ്മുടെ കേരളം. പിന്നാക്കവിഭാഗങ്ങളോടുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യം തലതാഴ്ത്തി നില്‍ക്കുമ്പോള്‍ കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുകയാണ് സ്വാതന്ത്ര്യ ദിനത്തില്‍ കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലേക്ക്

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 69 വര്‍ഷമാവുകയാണ്. ഏതാണ്ട് ഏഴു പതിറ്റാണ്ട്. ഏഴു ദശാബ്ദങ്ങള്‍ എന്നതു തീരെ ചെറിയ ഒരു കാലയളവല്ല. ഒരു രാഷ്ട്രത്തെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍പ്പോലും രാഷ്ട്രീയ ഇച്ഛാശക്തിക്കനുസരിച്ച് മാറ്റിയെടുക്കാന്‍ മതിയായ കാലയളവാണ്. ആ അര്‍ത്ഥത്തില്‍ സമഗ്രവും പൂര്‍ണവും പുരോഗമനോന്‍മുഖവുമായി രാഷ്ട്രത്തെ മാറ്റുക എന്ന സ്വപ്നം സഫലമായോ? അങ്ങനെ കൂടി ചിന്തിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വരും പതിറ്റാണ്ടുകളെ എങ്ങനെ സമീപിക്കാമെന്ന ആലോചനകള്‍ക്കു തെളിച്ചം കിട്ടുന്നത്.

ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു രക്തസാക്ഷിത്വം വരിച്ചവരുണ്ട്. ഒരുപാട് വേദനങ്ങള്‍ സഹിച്ച് ത്യാഗപൂര്‍വം ജീവച്ഛവങ്ങളായി ജീവിച്ചുമരിച്ചവരുണ്ട്. അവരുടെയൊക്കെ സ്വപ്നങ്ങളില്‍ ഒരു ഇന്ത്യയുണ്ടായിരുന്നു. അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടോ? ദാരിദ്ര്യമില്ലാത്ത, പട്ടിണിമരണമില്ലാത്ത, ബാലവേലയില്ലാത്ത, നിരക്ഷരരില്ലാത്ത, ജീവിതായോധനത്തിനുള്ള ഉപാധികള്‍ നിഷേധിക്കപ്പെടാത്ത, തൊഴിലില്ലായ്മയില്ലാത്ത ഒരു ഇന്ത്യ. ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

ഒരുപാടു കാര്യങ്ങളില്‍ മുമ്പോട്ടുപോകാന്‍ കഴിഞ്ഞിട്ടുണ്ട്. പല മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ നേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ തിളക്കത്തില്‍ കണ്ണു മഞ്ഞളിച്ചുപോയിക്കൂട. അങ്ങനെ വന്നാല്‍, ഏഴുപതിറ്റാണ്ടായിട്ടും പരിഹരിക്കാനാവാതെ നീറിനില്‍ക്കുന്ന ജനങ്ങളുടെ പൊള്ളുന്ന ജീവല്‍പ്രശ്‌നങ്ങള്‍ കാണാന്‍ കഴിയാതെ പോകും. കാണാന്‍കൂടി കഴിയാതെ പോയാല്‍, പരിഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലല്ലൊ. അതുകൊണ്ടാണ്, ഇന്നത്തെ ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്, ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കൂടി പ്രേരകമാവണം സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങ് എന്നു പറയുന്നത്.

ഇവിടെ നമുക്ക് ഒരു മാതൃകയുണ്ട്. അതു നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി തന്നെയാണ്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ വര്‍ണ്ണപ്പൊലിമകളെല്ലാം നഗര മധ്യത്തില്‍ തിമിര്‍ത്താടിക്കൊണ്ടിരുന്നപ്പോള്‍, അതിലൊന്നും പങ്കെടുക്കാതെ, നഗരത്തിന്റെ മറുപുറത്തെ ഇരുളടഞ്ഞ ഗലികളിലേക്ക്, ചേരികളിലേക്ക്, അവരിലൊരാളായി കഴിയാന്‍വേണ്ടി നടന്നകന്ന മഹാത്മാഗാന്ധി. ഉപരിതലത്തിലെ ആഘോഷങ്ങളില്‍ മതിമയങ്ങിയാല്‍ ആന്തരതലത്തിലെ നീറ്റലറിയാതെ പോകും എന്ന സന്ദേശമുണ്ട് മഹാത്മജിയുടെ ആ പ്രവൃത്തിയില്‍. അതിലെ മനുഷ്യസ്‌നേഹപരവും ദേശാഭിമാനപരവുമായ സന്ദേശം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഏറ്റെടുക്കാനുള്ള പുതിയ ദൗത്യങ്ങളെക്കുറിച്ച് ആലോചിക്കേണ്ട ഘട്ടമായിക്കൂടിയേ സ്വാതന്ത്ര്യ ദിനാഘോഷത്തെ വരവേല്‍ക്കാനാവൂ.

കഴിഞ്ഞ പതിറ്റാണ്ടുകളിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം ഒരു ചെറിയ ഇടവേളയിലൊഴികെ പൊതുവേ ഇക്കാലത്താകെ ഈ രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താന്‍ നമുക്കു കഴിഞ്ഞു എന്നതാണത്. ഇതൊരു ചെറിയ കാര്യമല്ല. നമ്മുടെ അയല്‍ രാജ്യങ്ങള്‍ പലതും ഇടയ്ക്കിടെ ജനാധിപത്യം അട്ടിമറിക്കപ്പെട്ട് പട്ടാളഭരണത്തിലേക്കു വഴുതിവീഴുന്നതു നാം കണ്ടു. ജനാധിപത്യത്തെ കൈയ്യൊഴിഞ്ഞ് മതാധിപത്യ ഭരണത്തിനുവേണ്ടിയുള്ള മുറവിളികള്‍ അവിടങ്ങളില്‍ ചിലയിടങ്ങളിലെങ്കിലും ശക്തമാവുന്നതു നമ്മള്‍ കണ്ടു. സാമ്രാജ്യത്വത്തിന്റെ പാവ ഭരണങ്ങളാല്‍ജനാധിപത്യ സര്‍ക്കാരുകള്‍ പകരംവെക്കപ്പെടുന്നതും നമ്മള്‍ കണ്ടു. അത്തരത്തിലുള്ള ഒരു ദേശാന്തര പശ്ചാത്തലത്തിലാണ് നമുക്ക് ജനാധിപത്യം വലിയതോതില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതിനെ കാണേണ്ടത്. അതിനു തീര്‍ച്ചയായും നമ്മുടെ ഭരണഘടനാശില്‍പികളോടു നാം നന്ദി പറയണം. എന്തൊക്കെ പോരായ്മകള്‍ ഏതൊക്കെ തലത്തിലുണ്ടായാലും ജനാധിപത്യം ആത്യന്തികമായി ധ്വംസിക്കപ്പെടരുത് എന്ന കാര്യത്തില്‍ അവര്‍ നിഷ്‌കര്‍ഷ വെച്ചു. ആ നിഷ്‌കര്‍ഷ ഭരണഘടനയില്‍ പ്രതിഫലിക്കുകയും ചെയ്തു.

എന്നാലിന്ന് ഇന്ത്യ ആഭ്യന്തരമായും വൈദേശികമായും ഉള്ള പലവിധ ഭീഷണികള്‍ നേരിടുന്നുണ്ട്. നമ്മോട് ഒരുവിധ സ്‌നേഹവും ഇല്ല എന്നു നമുക്ക് ബോധ്യമുള്ള സാമ്രാജ്യത്വത്തിന്റെ പടക്കപ്പലുകള്‍ ഇന്ത്യാ മഹാസമുദ്രത്തില്‍ത്തന്നെയുണ്ട്. സാമ്പത്തിക സ്വയം നിര്‍ണയാവകാശത്തിനുനേര്‍ക്ക് പല വിധത്തിലുള്ള അപായസൂചനകള്‍ നീണ്ടെത്തുന്നുണ്ട്. വികസ്വര രാജ്യങ്ങളെ ഞെരുക്കിയില്ലാതാക്കുന്ന സാമ്രാജ്യത്വ ഗൂഢതന്ത്രങ്ങള്‍ നമുക്കുചുറ്റും കാണാത്ത വലയങ്ങള്‍ തീര്‍ത്തെത്തുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിനുനേര്‍ക്ക് ഈ വിധത്തില്‍ പുറമെനിന്നു ഭീഷണി ഉയരുന്ന ഇതേ ഘട്ടത്തില്‍ത്തന്നെ, ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാന്‍ പോരുന്ന വിപല്‍ക്കരമായ ഭീഷണികള്‍ അകമേനിന്നും ഉയരുന്നുണ്ട്. വര്‍ഗീയതയുടെ ശക്തികള്‍ ജാതി പറഞ്ഞും മതം പറഞ്ഞും 'ഇന്ത്യ എന്ന വികാര'ത്തെ ഛിദ്രമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിവരുന്നതിനെ കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്.

ഇങ്ങനെ ആഭ്യന്തരമായും വൈദേശികമായും ഭീഷണികളുയരുന്ന കാലത്ത് നിതാന്തമായ ജാഗ്രതയോടെയിരിക്കുക എന്നതു മാത്രമാണ് സ്വാതന്ത്ര്യത്തെ, പരമാധികാരത്തെ, സ്വയം നിര്‍ണയാവകാശത്തെ ഒക്കെ പരിരക്ഷിക്കാനും ശക്തിപ്പെടുത്താനും ഉള്ള മാര്‍ഗം.

ഭരണഘടന അതിന്റെ പ്രിയാംബിളില്‍ തന്നെ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് റിപ്പബ്ലിക്കിനുള്ള ചില വിശേഷണങ്ങള്‍. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്‍പം തുടങ്ങിയ മൂല്യങ്ങളാണവ. അവ ഭരണഘടനാമൂല്യങ്ങളാണ്. നിര്‍ബന്ധമായും നടപ്പാക്കിയെടുക്കാനുള്ളതാണ്; ചര്‍ച്ചയ്ക്കു വിഷയമാക്കാനുള്ളതല്ല. ആ നിലയ്ക്കുള്ള ബോധ്യത്തോടെ ഭരണഘടനാ മൂല്യങ്ങള്‍ക്കായി നമ്മള്‍ നമ്മളെത്തന്നെ പുനരര്‍പ്പിക്കുക എന്നതാണ് സ്വാതന്ത്ര്യദിനത്തില്‍ ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം.

ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ചെയ്തു തീര്‍ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. വിദ്യാഭ്യാസം സാര്‍വത്രികമാക്കലടക്കമുള്ള സമയബന്ധിതമായി നടപ്പാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലടക്കം ചിലതില്‍ ഒരുപേക്ഷയും ഉണ്ടായിക്കൂടാത്തതായിരുന്നു. പക്ഷെ, നമുക്ക് ആ വഴിക്കു നീങ്ങാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിച്ചു മുന്നോട്ടുപോകുമെന്നു പ്രതിജ്ഞയെടുക്കാനുള്ള ഘട്ടം കൂടിയാണ് സ്വാതന്ത്ര്യലബ്ധിയുടെ വാര്‍ഷികം. ഭരണഘടന നമ്മുടെ രാഷ്ട്രത്തെ വിശേഷിപ്പിക്കുന്നത് 'സോഷ്യലിസ്റ്റ്' എന്ന വാക്കുകൊണ്ടു കൂടിയാണ്. സമഭാവനയിലധിഷ്ഠിതമായ സമത്വസുന്ദരമായ ഒരു ഇന്ത്യ എന്ന സങ്കല്‍പമാണിതിനു പിന്നിലുള്ളത്. ആ വഴിക്ക് നമുക്ക് എത്രത്തോളം മുന്നേറാനാവുന്നു; എത്രത്തോളം നാം പിന്നോട്ടടിക്കപ്പെടുന്നു. ഈ കാര്യങ്ങളും പര്യാലോചനയ്ക്കു വിധേയമാകേണ്ടതുണ്ട്.

ഫെഡറല്‍ ഭരണസംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്തത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വ്യത്യസ്ത രാഷ്ട്രീയ പാര്‍ടികള്‍ ഭരണം നടത്തുന്ന അവസ്ഥയിലേക്ക് ഇന്ത്യ കഴിഞ്ഞ കുറേയായി മാറിയിട്ടുണ്ട്. ഇത് ഫെഡറല്‍ സത്തയെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടേയുള്ളു എന്നു കാണാന്‍ വിഷമമില്ല. ഭരണപരമായ അസന്തുലിതാവസ്ഥകള്‍ അവസാനിപ്പിക്കുന്നതിനും ദുര്‍ലഭമായ വിഭവങ്ങള്‍ എല്ലായിടത്തുമെത്തുന്നു എന്നുറപ്പുവരുത്തുന്നതിലും ഒക്കെ ഫെഡറല്‍ ഘടനയും അതിന്റെ സ്പിരിറ്റും സഹായകമാകും. അടുത്തയിടെ ഇന്റര്‍സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ അനുഭവം കൂടി മനസ്സില്‍ വെച്ചുകൊണ്ടാണ് ഞാന്‍ ഇതു പറയുന്നത്. സംസ്ഥാനത്തിന്റെ ന്യായമായ നിരവധി ആവശ്യങ്ങള്‍ കേന്ദ്രശ്രദ്ധയില്‍ ഫലപ്രദമാം വിധം കൊണ്ടുവരുന്നതിന് ഇതുകൊണ്ടു സാധിച്ചു. ദീര്‍ഘകാലം കൂടാതിരുന്ന കൗണ്‍സില്‍ ഈയിടെ കൂടിയതുകൊണ്ടു മാത്രമാണ് ഇതു സാധിച്ചത്.

മനുഷ്യത്വപൂര്‍ണമായ ഒരു സാമൂഹ്യാവസ്ഥ രൂപപ്പെടുത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടേതായ ചൈതന്യവത്തായ ഒരു പൈതൃകം നമുക്കുണ്ട്. ആ പൈതൃകത്തെ ഇരുള്‍ മൂടുന്നുവോ എന്ന് ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷം ഇന്നു രാജ്യത്താകെയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നേരത്തേയുണ്ട്. അടുത്തകാലത്ത് ഇത് സമൂഹത്തിലെ അതിദുര്‍ബല വിഭാഗങ്ങളായ ദളിത് സഹോദരങ്ങള്‍ക്കെതിരെ കൂടിയായിരിക്കുന്നു.

അനാചാരങ്ങളും അന്ധവിശ്വാസങ്ങളും പടരുന്നു. ജാതീയമായ വേര്‍തിരിവുകളും വിവേചനങ്ങളും തിരിച്ചുവരുന്നു. ജാതിമത ചിന്തകള്‍കൊണ്ടു സമൂഹത്തെ വീണ്ടും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുന്നു. ഇതിനെല്ലാമെതിരെ പഴയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പുതിയ നവോത്ഥാന നീക്കങ്ങളുണ്ടാകേണ്ട കാലമാണിത്.

അത്തരം നീക്കങ്ങളിലൂടെ ജാതിമത വിചാരങ്ങളാല്‍ നഷ്ടമാകുന്ന മനുഷ്യത്വത്തെ വീണ്ടെടുക്കാന്‍ നമുക്കു കഴിയണം. ഭാരതമെന്ന പേര്‍ കേട്ടാല്‍ അന്തരംഗം അഭിമാനപൂരിതമാകണമെന്നും കേരളമെന്നു കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കണമെന്നും പറഞ്ഞ മഹാകവിയുടെ ദേശാഭിമാനബോധം സമൂഹ മനഃസാക്ഷിയിലേക്കു വീണ്ടെടുക്കാന്‍ നമുക്കു കഴിയണം. സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ ഉള്ളടക്കമില്ലെങ്കില്‍ ജനാധിപത്യം നിരര്‍ത്ഥകമാകും. ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ സമൂഹികവും സാമ്പത്തികവുമായ നീതി ഉറപ്പാക്കിയേ പറ്റൂ.

കേരളത്തില്‍ പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്ന് രണ്ടരമാസത്തോളം മാത്രമാവുന്ന ഘട്ടത്തിലാണ് ഈ സ്വാതന്ത്ര്യദിനം. ദ്വിമുഖ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഒരുവശത്ത്. അതുണ്ടാക്കുന്ന ഫലങ്ങള്‍ക്കു കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിക്കാതെ അതിദുര്‍ബല വിഭാഗങ്ങള്‍ക്ക് ഹ്രസ്വകാലാടിസ്ഥാനത്തില്‍ ആശ്വാസമേകാനുള്ള അടിയന്തര നടപടികള്‍ മറുവശത്ത്. ഈ സമീപനം കേരളജനതയുടെ ജീവിതപ്രയാസങ്ങള്‍ക്ക് ആശ്വാസവും വികസന സ്വപ്നങ്ങള്‍ക്ക് പുതിയ കരുത്തും നല്‍കും എന്നാണ് വിശ്വസിക്കുന്നത്. 

പറയുന്നതു നടപ്പാക്കുക എന്നതു പ്രധാനപ്പെട്ട കാര്യമാണ്. സാമൂഹിക സുരക്ഷയും വികസനവും മുന്‍നിര്‍ത്തി രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ് ഉണ്ടാക്കുമെന്നു പ്രഖ്യാപിച്ചു. അത് ബജറ്റിലവതരിപ്പിച്ചു. ചില ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നടപ്പാക്കുന്ന അവസ്ഥയിലേക്കു കൊണ്ടെത്തിച്ചു.

അമ്പതിനായിരം കോടി രൂപ വരെ ബജറ്റിനു പുറത്ത് സമാഹരിച്ചുകൊണ്ട് കേരളത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടി സ്ഥലമെടുപ്പടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനു വ്യവസ്ഥചെയ്യുന്ന വിധം കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് ഭേദഗതി ചെയ്തു. ഇതിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വ്യവസായമടക്കമുള്ള സകല രംഗങ്ങളിലെയും സമഗ്രമായ വികസനത്തിന് അടിസ്ഥാന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ പണ സമാഹരണവും പദ്ധതി നിര്‍വഹണവും നടത്താനുള്ള വഴിതെളിയുകയാണ് ഇതോടെ.

വ്യവസ്ഥാപിത രീതികള്‍ പ്രകാരം റവന്യൂ രംഗത്ത് 97,000 കോടി രൂപയുടെയും മൂലധന രംഗത്ത് 9500 കോടി രൂപയുടെയും ചെലവാണ് വിഭാവനം ചെയ്യപ്പെടുന്നത്. മൂലധനച്ചെലവ് 9500 കോടി മാത്രമാണെന്നു വന്നാല്‍ വലിയ പദ്ധതികള്‍ക്ക് മുടക്കാന്‍ പണമുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് ബജറ്റിനുപുറത്ത് ധനസമാഹരണം നടത്താന്‍ നിശ്ചയിച്ചത്. അഞ്ചുവര്‍ഷം കൊണ്ട് 24,000 കോടി മുതല്‍ 50,000 കോടി വരെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി സമാഹരിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

വ്യവസായങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, വന്‍ റോഡ് നിര്‍മാണം, വലിയ പാലങ്ങളുടെ നിര്‍മാണം, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍, ഐടി-ടൂറിസം മേഖലയുടെ വികസനം തുടങ്ങിയവയ്ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കാനുള്ള ചെലവായിരിക്കും പ്രധാനമായും കണ്ടെത്തുക.

ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് സമാഹരിക്കപ്പെടുന്ന തുകയ്ക്ക് ഗവണ്‍മെന്റ് ഗ്യാരന്റി ഉണ്ടായിരിക്കും. ഇത് കേരളത്തില്‍ മാത്രമുള്ള പ്രത്യേകതയാണ്. ഫണ്ടില്‍ വിശ്വാസമര്‍പ്പിക്കാന്‍ നിക്ഷേപകര്‍ക്ക് പ്രോത്സാഹനജനകമാകും അത്. പെട്രോളില്‍നിന്നുള്ള ഒരു രൂപയുടെ സെസ്, മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സില്‍ നിന്നുള്ള 50 ശതമാനം വരെ ഉയരുന്ന ഓഹരി എന്നിവ നിയമപ്രകാരം തന്നെ ഫണ്ടിലേക്ക് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു നിഷ്‌കര്‍ഷ.

നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതിലൂടെ നിക്ഷേപക വിശ്വാസം ഉറപ്പാക്കുന്നു എന്നതും അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ ഭൗതിക മേഖലയോടൊപ്പം സാമൂഹിക മേഖലയും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. മുന്‍ ആക്റ്റ് പ്രകാരം പരിഗണനയില്‍ ഇല്ലാതിരുന്ന പാലങ്ങള്‍, വന്‍കിട കെട്ടിട സമുച്ചയങ്ങള്‍, റെയില്‍വെ, വിവര സാങ്കേതിക വിദ്യ, കൃഷി, വ്യവസായം, നഗര-ഗ്രാമ വികസനം മുതലായ മേഖലകള്‍ പുതുതായി ഓര്‍ഡിനന്‍സിലൂടെ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികള്‍ക്കൊപ്പം ജജജ മാതൃകയിലുള്ള പദ്ധതിയും ഇതു വ്യവസ്ഥ ചെയ്യുന്നു. മോട്ടോര്‍ വാഹന നികുതി വിഹിതം, ഇന്ധന സെസ്സ് വിഹിതം എന്നിവ നിയമപരമായി മൂലധന നിധിയിലേയ്ക്ക് ഉറപ്പാക്കുന്നുവെന്നതിനാല്‍ തുടക്കത്തിലേ മൂലധനമുണ്ടാകുന്നു. ലാന്റ് ബോണ്ട് പുറപ്പെടുവിക്കുന്നതു വഴി പദ്ധതികള്‍ക്കാവശ്യമായ സ്ഥലമെടുപ്പ് പ്രക്രിയ ത്വരിതവല്‍ക്കരിക്കുന്നതിനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്തു.

അടിയന്തിര ലക്ഷ്യങ്ങള്‍, പ്രത്യേകിച്ച് ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവ, സാക്ഷാത്കരിക്കാന്‍ കാലതാമസമുണ്ടാവരുത് എന്നതിനാലും നിലവിലെ നിയമസഭാ സമ്മേളനം അവസാനിച്ചതിനാലുമാണ് ഈ നിയമ ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചത്.

ഭൗതികവും സാമൂഹികവുമായ വന്‍കിട അടിസ്ഥാന സൗകര്യ വികസനത്തിന് ധനസമാഹരണവും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഭീമമായ വിഭവ സമാഹരണവും സംസ്ഥാന സര്‍ക്കാരിന് എന്നും വെല്ലുവിളിയായിരുന്നു. കേരളം സാമൂഹിക വികസനത്തില്‍ അന്താരാഷ്ട്ര നിലവാരത്തോളം എത്തിയിട്ടുണ്ടെങ്കിലും ഭൗതിക അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. ഇത് നമ്മുടെ പുരോഗതിയ്ക്ക് വിഘാതമായി നില്‍ക്കുന്നു. സമീപ ഭാവിയില്‍ത്തന്നെ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നാം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എല്ലാ മേഖലകളിലും പിന്നോട്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഈ പ്രശ്‌നമാണ് പരിഹരിക്കപ്പെടുന്നത്.

ഇങ്ങനെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനു വഴിയൊരുക്കുമ്പോള്‍ത്തന്നെയാണ് 1000 കോടി രൂപയുടെയെങ്കിലും തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ പാകത്തില്‍ തൊഴിലുറപ്പു പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടം എഴുതിത്തള്ളുന്നതും സൗജന്യ റേഷന്‍ വിപുലീകരിക്കുന്നതും മറ്റും. ജനങ്ങളെക്കുറിച്ചുള്ള കരുതലാവും ഭരണത്തിന്റെ കാതല്‍.

ഐക്യകേരളപ്പിറവിക്കുവേണ്ടിയുള്ള സ്വപ്നം ഉള്ളില്‍പേറി നടന്നിരുന്നവരുടെ മനസ്സില്‍ കേരളത്തിന്റെ ഭാവികാല ഭാഗധേയത്തെക്കുറിച്ചു വ്യക്തമായ സങ്കല്‍പം ഉണ്ടായിരുന്നു. അതു സാക്ഷാല്‍ക്കരിക്കേണ്ടതുണ്ട് നമുക്ക്. സൗഹാര്‍ദവും സാഹോദര്യവും സമാധാനവും പുലരുന്ന ഐശ്വര്യപൂര്‍ണമായ കേരളം എന്നതായിരുന്നു അവരുടെ സ്വപ്നം. അതിനെ തകര്‍ക്കാനുള്ള ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും അതിനെ ചെറുക്കേണ്ടതുണ്ട്.

സ്വന്തം ജീവന്‍ ബലികൊടുത്തു ധീരരക്തസാക്ഷികള്‍ നേടിത്തന്ന സ്വാതന്ത്ര്യമാണിത് എന്ന തിരിച്ചറിവോടെ, ആ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷണത്തിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കു സ്വയം സമര്‍പ്പിക്കുക എന്നതാണ് നമുക്കു കരണീയമായിട്ടുള്ളത്. എല്ലാ വൈവിധ്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെയുള്ള അവയിലെ ഏകത്വം. അതാണ് നമുക്ക് നിലനിര്‍ത്തേണ്ടത്. സ്വാതന്ത്ര്യം എന്നത് അതിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കൂടി ഉള്‍ച്ചേര്‍ന്നതാണ് എന്ന ബോധം പടര്‍ത്തികൊണ്ടാവട്ടെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം.

വര്‍ഗീയത മുതല്‍ ഭീകരപ്രവര്‍ത്തനം വരെയുള്ള ദുഷ്ടതകളോട് എതിരിട്ട് സ്വാതന്ത്ര്യത്തെ പരിരക്ഷിക്കേണ്ടതുണ്ട്. ആ നിലയ്ക്കുള്ള ഉത്തരവാദിത്വം ഊട്ടിയുറപ്പിച്ചുകൊണ്ടാവട്ടെ, ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍. യുവാക്കളെ വിസ്മരിച്ചുകൊണ്ട് ഒരു രാഷ്ട്രത്തിനും മുന്നോട്ടുപോകാനാവില്ല. ഗ്രാമ പുനര്‍നിര്‍മാണങ്ങള്‍ക്കായി യുവശക്തിയെ വമ്പിച്ചതോതില്‍ ഉപയോഗിക്കുന്ന പദ്ധതികളുണ്ടാവും. അതേപോലെ ഐടി മേഖലയില്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് വിപുലമായ തൊഴില്‍സാധ്യതകള്‍ ഉറപ്പാക്കും. പുതുതായി ഒരുകോടി ചതുരശ്രയടി കണ്ട് ഐടി പാര്‍ക്കുകളുടെ ശേഷി വര്‍ധിപ്പിക്കും. ചെറുകിട പാര്‍ക്കുകളുടെ കാര്യത്തിലും സവിശേഷ ശ്രദ്ധയുണ്ടാകും. 58 കോടി രൂപയാണ് അതിനായി ചെലവാക്കുന്നത്. ഐടി മേഖലയുടെ വികസനത്തിനായി ഈ വര്‍ഷം 482 കോടി ചെലവഴിക്കും.

പ്രവാസി രംഗത്ത് ക്ഷേമഫണ്ടിനു വകയിരുത്തിയ തുക ഒരുലക്ഷത്തില്‍നിന്നു പത്തുകോടിയായി ഉയര്‍ത്തുകയാണ്. പുനരധിവാസത്തിനുള്ള 12 കോടി 24 കോടിയായി ഉയര്‍ത്തുകയാണ്. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വകുപ്പുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി മുന്നോട്ടുപോവുകയാണെന്നറിയിക്കാന്‍ എനിക്ക് സന്തോഷമുണ്ട്. കുടിവെള്ളവിതരണം, പൊതു ആരോഗ്യം തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ ജനങ്ങളെക്കുറിച്ച്

കരുതലോടെ പ്രവര്‍ത്തനം നീങ്ങുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സ്വാതന്ത്ര്യം അനുഭവമായി ജനങ്ങളുടെ ജീവിതത്തിലെത്തൂ എന്ന് സര്‍ക്കാരിനു നിശ്ചയമുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു മേഖലയുണ്ട് എന്നത് ഓര്‍മിപ്പിക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കട്ടെ. ആത്മീയതയെ കപട ആത്മീയതയാക്കിയും മതവിശ്വാസത്തെ വര്‍ഗീയ വിദ്വേഷമാക്കിയും മാറ്റിയെടുക്കാനുള്ള തീവ്രശ്രമങ്ങള്‍ ഭീകരപ്രവര്‍ത്തകര്‍ നടത്തുന്ന കാലമാണിത്. ആരാധനാലയങ്ങളിലെക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ അവിടെത്തന്നെയാണെത്തുന്നതെന്നും അവിടം കടന്ന് വര്‍ഗീയതയുടെയും ഭീകരതയുടെയും താവളങ്ങളിലേക്ക് കടന്നുപോകുന്നില്ലെന്നും ഉറപ്പാക്കാന്‍ കുടുംബങ്ങളിലും നാട്ടിലും ജാഗ്രതവേണം. മതവിശ്വാസത്തിന്റെ സ്വാഭാവിക തുടര്‍ച്ച എന്ന നിലയ്ക്ക് ഭീകരപ്രവര്‍ത്തനങ്ങളെ ചേര്‍ത്തുവെക്കാനുള്ള തീവ്രവാദശക്തികളുടെ ശ്രമങ്ങളെ തിരിച്ചറിയണം. വിശ്വാസികളും അല്ലാത്തവരുമായ മുഴുവന്‍ കേരളീയരെയും വിശ്വാസത്തിലെടുത്തുകൊണ്ട് വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, എല്ലാ അര്‍ത്ഥത്തിലും അതിനോടു സഹകരിക്കണം. നമുക്കൊരുമിച്ചു നിന്ന് വര്‍ഗീയ-ഭീകര പ്രവര്‍ത്തനങ്ങളെ നേരിടാം; ജനാധിപത്യ മതനിരപേക്ഷ പ്രവര്‍ത്തനങ്ങളെയും അതിന്റെ അടിസ്ഥാനത്തിലുള്ള ജനമനസ്സുകളുടെ ഒരുമയെയും ശക്തിപ്പെടുത്താം. അതാവട്ടെ, ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിന പ്രതിജ്ഞ