ഒമാന്‍ എയര്‍വെയ്‌സ്; സേവനത്തിന്റെ ആകാശപ്പെരുമക്ക് 22 വയസ്

0

ആകാശപ്പാതയില്‍ സേവനത്തിന്റെ സുവര്‍ണമുദ്ര പതിപ്പിച്ച് ഒമാന്‍ എയര്‍വേയ്‌സ് 23ാം വയസിലേക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യാത്രക്കാരന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന ഒമാന്‍ എയര്‍വെയ്‌സ് തങ്ങളുടെ 22-ാം വാര്‍ഷികം പ്രൗഡഗംഭീരമായാണ് തിരുവനന്തപുരത്ത് ആഘോഷിച്ചത്. 

മസ്‌ക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആസ്ഥാനമാക്കിയാണ് ഒമാന്‍ എയര്‍വേയ്‌സിന്റെ പ്രവര്‍ത്തനം. അറബ് എയര്‍ കാരിയേഴ്‌സ് ഓര്‍ഗനൈസേഷനിലെ അംഗമാണ് ഒമാന്‍ എയര്‍. സര്‍വീസിന്റെ ചരിത്രത്തില്‍ ഒരു അപകടമോ മുറിവോ ഏല്‍ക്കാത്ത പാരമ്പര്യമാണ് ഒമാന്‍ എയര്‍ലൈനിന്റേത്. 1993ല്‍ ഒമാന്‍ എയര്‍ ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്പ് 1970ല്‍ ഒമാന്‍ ഇന്റര്‍നാഷണല്‍ സര്‍വീസസ് പ്രവര്‍ത്തനം തുടങ്ങി. ഒമാന്‍ ഇന്റര്‍നാഷണല്‍ സര്‍വീസസ് ബെല്‍റ്റ് അല്‍ ഫലാജ് എയര്‍പോര്‍ട്ടില്‍ സിവില്‍ എയര്‍ക്രാഫ്റ്റ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് പ്രൊവൈഡര്‍ ആയിരുന്നു. 1972ല്‍ സീബ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രവര്‍ത്തനം തുടങ്ങിയതോടെ ഒമാന്‍ ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ പ്രവര്‍ത്തനങ്ങള്‍ അവിടേക്ക് മാറി. 

1981ലാണ്‌ ഒമാന്‍ ഏവിയേഷന്‍ സര്‍വീസസ് ഒരു ജോയിന്റ് സ്‌റ്റോക്ക് കമ്പനിയായി മാറിയത്. ഒമാന്‍ ഏവിയേഷന്‍ സര്‍വീസസ്, ഗള്‍ഫ് എയറില്‍നിന്നും 13 എയര്‍ക്രാഫ്റ്റുകള്‍ വാങ്ങി. തൊട്ടടുത്ത വര്‍ഷം ഗള്‍ഫ് എയറിനോടൊപ്പം ചേര്‍ന്ന് ഓമാന്‍ ഏവിയേഷന്‍ സര്‍വീസ് സലാലയിലേക്ക് ജെറ്റ് സര്‍വീസുകള്‍ അരംഭിച്ചു.1993ല്‍ ഒമാന്‍ എയര്‍ ആരംഭിച്ചശേഷം മാര്‍ച്ച് മാസത്തിലാണ് ആദ്യ ഫ്‌ളൈറ്റ് സര്‍വീസ് നടത്തിയത്. മസ്‌ക്കറ്റില്‍നിന്ന് സലാലയിലേക്കായിരുന്നു ആദ്യ സര്‍വീസ്. 

ആ വര്‍ഷം ജൂലൈയില്‍ തന്നെ ഒമാന്‍ എയറിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസ് ദുബൈയിലേക്ക് പറന്നു. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്കും വിമാനസര്‍വീസ് ആരംഭിച്ചു. ആ വര്‍ഷംതന്നെ നവംബര്‍ മാസത്തില്‍ തിരുവനന്തപുരത്തേക്കും 19994 ജനുവരി മാസത്തില്‍ കുവൈറ്റിലേക്കും കറാച്ചിയിലേക്കും ഒക്ടോബറില്‍ കൊളംബോയിലേക്കും സര്‍വീസ് തുടങ്ങി.1995 മുതല്‍ 97 വരെയുള്ള സമയത്തിനിടെ മുംബൈ, ധാക്ക, അബുദാബി, ദോഹ, ചെന്നൈ എന്നിവിടങ്ങളിലേക്കും സര്‍വീസ് തുടങ്ങി. 1998ല്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍(അയാട്ട)ല്‍ അംഗമായി.

സേവനരംഗത്തെ തിളക്കമാര്‍ന്ന പ്രകടനത്തിന് ഇക്കുറിയും പുരസ്‌കാരങ്ങള്‍ ഒമാന്‍ എയറിനെ തേടിയെത്തി. മികച്ച സേവനത്തിനുള്ള പ്രസ്റ്റിജ്യസ് ട്രാവല്‍ അവാര്‍ഡ് 2015ല്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഒമാന്‍ എയറിന് ലഭിച്ചു.2015ല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ വേള്‍ഡ് ലീഡിംഗ് എയര്‍ലൈന്‍ എക്കോണമി ക്ലാസ് ടൈറ്റില്‍ ഒമാന്‍ എയര്‍ കരസ്ഥമാക്കുന്നത്. ഒമാന്‍ എയര്‍ മസ്‌ക്കറ്റിലെ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ലോഞ്ച് ബിസിനസ് ക്ലാസ് 2015 എന്ന ബഹുമതിയും കരസ്ഥമാക്കിയിരുന്നു.

ഡിസംബര്‍ 16-ാം തീയതി തിരുവനന്തപുരത്തെ ഹോട്ടല്‍ ഹില്‍ട്ടണില്‍ നടന്ന 22ാം വാര്‍ഷികാഘോഷ ചടങ്ങില്‍ കമ്പനിയുടെ സീനിയര്‍ മാനേജര്‍ സെയില്‍സ് സുനില്‍ വി എ, ഇന്ത്യാ മാനേജര്‍ ഭാനു കൈല, കൂടാതെ വിജയ് ഭാട്ട്യാ പ്രസിഡന്റ് ബെര്‍ഡ് ഗ്രൂപ്പ് എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രസ്തുത ചടങ്ങില്‍ കമ്പനിയുടെ തിരുവനന്തപുരം മാനേജര്‍ ബിനോ ജോര്‍ജ്ജ് ആശംസകള്‍ അര്‍പ്പിച്ചു. റീജണല്‍ മാനേജര്‍ ഇന്ത്യാ ഉപഭൂഖണ്ഡം സുനില്‍ വി എ കമ്പനിയുടെ ഭാവി പരിപാടികളും ഇന്ത്യയിലേക്ക് അനുവദിച്ചിട്ടുള്ള കൂടുതല്‍ സീറ്റുകളെക്കുറിച്ചും വിവരിച്ചു. ഈ ചടങ്ങില്‍ ഒമാന്‍ എയര്‍ ബിസിനസ്സ് പങ്കാളികളായ പ്രമുഖ ട്രാവല്‍ കമ്പനികളെ ആദരിച്ചു. കൂടാതെ ഒമാന്‍ എയറില്‍ 22 വര്‍ഷം സേവനം പൂര്‍ത്തീകരിച്ച ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്തു.