ജനിതക രോഗങ്ങള്‍ ഇനി കേരളത്തില്‍ തന്നെ തിരിച്ചറിയാം

0


മാരക രോഗങ്ങള്‍ ബാധിച്ചെത്തുന്ന പല രോഗികളും ചോദിക്കുന്ന ചോദ്യമാണ് ഈ രോഗം എനിക്ക് പാരമ്പര്യമായി ലഭിച്ചതാണോ, എന്റെ കുടുംബാംഗങ്ങള്‍ക്കും ഇത് ഉണ്ടാവാന്‍ സാധ്യതയുണ്ടോ. ഇത്തരം ചോദ്യങ്ങള്‍ക്ക് പലപ്പോഴും തങ്ങളുടെ കയ്യില്‍ ഉത്തരം ഉണ്ടാകാറില്ലെന്ന് കിംസിലെ ഓങ്കോളജിസ്റ്റായ ഡോ. ബോബന്‍ തോമസ് പറയുന്നു. എന്നാലിനി ഇത്തരം ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാകും. കേരളത്തില്‍ ജനിതക രോഗ നിര്‍ണയത്തിന് അവസരമൊരുക്കുകയാണ് കിംസ് ആശുപത്രി. പരമ്പര്യവും ജനിതക തകരാറുകള്‍ മൂലവും ഉണ്ടാകുന്ന രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ആദ്യ ജനിതക രോഗ പരിശോധനാ കേന്ദ്രമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. നിലവില്‍ ഇത്തരത്തിലുള്ള രോഗങ്ങള്‍ കണ്ടുവരുന്നുണ്ടെങ്കിലും അവ കണ്ടെത്തുന്നതിനുള്ള പരിശോധനാ കേന്ദ്രത്തിന്റേയും കൗണ്‍സിലിംഗിന്റേയും അഭാവം സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. കിംസ് ആശുപത്രിയും ജനിതക രോഗ നിര്‍ണയത്തിലും പഠനത്തിലും പ്രമുഖരായ മെഡ്‌ജെനോം ഗ്രൂപ്പും കൈകോര്‍ത്തുകൊണ്ടാണ് ജനിതക പരിശോധന കേന്ദ്രത്തിന് തുടക്കം കുറിക്കുന്നത്. ജനിതക തകരാറുമൂലം ഉണ്ടാകുന്ന ആര്‍ബുദം, ഹൃദ്രോഗങ്ങള്‍, നാഡീ ഉദര രോഗങ്ങള്‍ എന്നിവക്കുള്ള പരിശോധനയും കേന്ദ്രത്തില്‍ നടക്കും.

ജനിതക പ്രശ്‌നങ്ങള്‍ മൂലം രോഗങ്ങള്‍ക്ക് സാധ്യതയുള്ളവരെ കണ്ടെത്തുകയും തുടര്‍ന്ന് അവരുടെ രോഗ വിവിരങ്ങളും കുടുംബ പശ്ചാത്തലവും വിശദമായി പരിശോധിക്കുന്ന ജനറ്റിക് കൗണ്‍സിംലിംഗിലേക്ക് റഫര്‍ ചെയ്യും. തുടര്‍ന്ന് ചികിത്സകള്‍ക്ക് ആവശ്യമായ പരിശോധനകള്‍ക്കായി രോഗികളെ വിധേയരാക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. കൗണ്‍സിലിംഗ് തീര്‍ത്തും സൗജന്യമായിരിക്കും. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട് വിദഗ്ധ കൗണ്‍സിംലിംഗിലൂടെയും പരിശോധനയിലൂടെയും രോഗിക്ക് മെച്ചപ്പെട്ട ആരോഗ്യനില ഉറപ്പുവരുത്തുകയാണ് ലക്ഷ്യം എന്ന് കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള പറഞ്ഞു.

രണ്ടാം ഘട്ടത്തില്‍ സാമൂഹിക പശ്ചാത്തലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവരങ്ങളുടെ ശേഖരണം നടക്കും. ആസ്പിരിന്‍, ക്ലോപ്‌ഡോഗ് തുടങ്ങി പല മരുന്നുകളും എല്ലാ രോഗികളിലും ഫലപ്രദമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് പകരം ഏത് മരുന്നു തിരഞ്ഞെടുക്കണം എന്ന് വ്യക്തമാകണമെങ്കില്‍ അതിന് ജനറ്റിക് പരിശോധനകള്‍ കൂടിയേ തീരൂ. മാത്രമല്ല ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ജനറ്റിക് ആണോ അല്ലയോ എന്ന തിരിച്ചറിവ് രോഗിയുടെ കുടുംബത്തിലുള്ള മറ്റുള്ളവര്‍ക്ക് രോഗം വരാനുള്ള സാധ്യത കണ്ടെത്താനും എത്രയും നേരത്തെ ചികിത്സ ആരംഭിക്കാനും സഹായകമാകും. രോഗം നിര്‍ണയിക്കപ്പെട്ട ഒരാള്‍ക്ക് പരിശോധന നടത്തുന്നതിന് 5000 മുതല്‍ 6000 രൂപവരെയും ജീന്‍ സ്വീക്വന്‍സ് പരിശോധന നടത്താന്‍ 30,000 മുതല്‍ 35,000 രൂപ വരെയുമാണ് പരിശോധനാ ചെലവ്. കിംസിന്റെ എട്ടാം നിലയിലാണ് കൗണ്‍സിംലിംഗിനായുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.