ഗ്രാമത്തിലേക്ക് വെളിച്ചമെത്തിച്ച കൂട്ടായ്മ

ഗ്രാമത്തിലേക്ക് വെളിച്ചമെത്തിച്ച കൂട്ടായ്മ

Sunday December 06, 2015,

1 min Read

കൂട്ടായ്മയുടെ വിജയത്തിലൂടെ സ്വന്തം ഗ്രാമത്തിലേക്ക് വെളിച്ചമെത്തിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണവര്‍. മറ്റ് ഗ്രാമങ്ങളും ഇത് മാതൃകയാക്കാനും വിജയം കണ്ടെത്താനും പ്രേരിപ്പിക്കുകയാണ് ധര്‍നായ് ഗ്രാമവാസികള്‍. 2400 ജനങ്ങള്‍ താമസിക്കുന്ന ഒരു ചെറിയ ഗ്രാമമാണ് ധര്‍നായ്. ബീഹാറിലെ ജഹ്നാബാദ് ജില്ലയിലെ ബോധ് ഗയക്കടുത്തുള്ള ഈ ഗ്രാമത്തില്‍ വൈദ്യുതി എത്തിയിരുന്നില്ല. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവരുടെ വിധി മാറ്റാന്‍ അവര്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

image


ഗ്രീന്‍പീസ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ ഗ്രാമത്തില്‍ ഒരു സോളാല്‍ പവര്‍ മൈക്രോ ഗ്രിഡ് സ്ഥാപിക്കാന്‍ ഇവര്‍ തീരുമാനിച്ചു. ഇതില്‍ നിന്നും 450 വീടുകള്‍ക്കും 50 വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഉപയോഗപ്രദമായ വൈദ്യുതി ലഭിച്ചിരുന്നു. മൊത്തം പദ്ധതിക്കായി മൂന്ന് കോടി രൂപയാണ് ചെലവായത്. അങ്ങനെ ധര്‍നായ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സൗരോര്‍ജ്ജ ഗ്രാമമായി മാറി.

വര്‍ഷങ്ങളായി മണ്ണെണ്ണ വിളക്കുകളും പണച്ചിലവ് അധികമുള്ള ഡീസല്‍ ജനറേറ്ററുകളും ഉപയോഗിച്ച് തങ്ങള്‍ കഷ്ടപ്പെടുകയായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ഇപ്പോള്‍ ലോകത്തിനു തന്നെ മാതൃകയാകാന്‍ തങ്ങള്‍ക്ക് സാധിച്ചതിലുള്ള സന്തോഷത്തിലാണിവര്‍. ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം ഇവര്‍ക്കുണ്ട്. മറ്റ് ഗ്രാമങ്ങളും ഇത്തരത്തില്‍ സ്വയം പര്യാപ്തമാകാന്‍ ശ്രമിക്കണമെന്ന് ഇവര്‍ പറയുന്നു.

പിന്നീട് ഗ്രാമത്തിലുള്ളവര്‍ ചേര്‍ന്ന് ഒരു വെബ്‌സൈറ്റ് ആരംഭിച്ചു. ധര്‍നായ് ലൈവ് എ്ന്ന പേരിലുള്ള ഈ വെബ്‌സൈറ്റ് മറ്റ് ഗ്രാമങ്ങള്‍ക്കുകൂടി പ്രചോദനം നല്‍കുന്നതിനുവേണ്ടിയായിരുന്നു. മാത്രമല്ല സര്‍ക്കാറിനോട് സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗ്രീന്‍പീസ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സമിത് ഐക് ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തത്.

ഈ ഗ്രാമത്തിന് വൈദ്യുതി നല്‍കാന്‍ സര്‍ക്കാറും അലംഭാവം കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം പര്യാപ്തമാകാന്‍ ഗ്രാമവാസികള്‍ ഒത്തു ചേര്‍ന്നത്. പകല്‍ സമയത്ത് മാത്രമേ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിഞ്ഞിരുന്നൂള്ളു. രാത്രി കാലങ്ങളില്‍ ഇരുട്ടിനെ പേടിച്ച് സ്ത്രീകള്‍ക്ക് മുറ്റത്തിറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. പല വാണിജ്യമേഖലകളും വൈദ്യുതി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വളരാന്‍ കഴിയാതെ വന്നത്. ഈ പ്രതിസന്ധികള്‍ക്കൊക്കെ പരിഹാരം കാണാന്‍ അവര്‍ക്ക് കൂട്ടായ്മയിലൂടെ സാധിച്ചു.