വ്യത്യസ്ഥമായ ചിന്തക്ക് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ഗ്രാമീണ ബാലന്‍

0


''നമ്മുടെ സമൂഹം മാറ്റങ്ങള്‍ ആഗ്രഹിക്കുന്നു. നല്ല ഗുണങ്ങള്‍ നിറഞ്ഞ ഒരു സമൂഹത്തെയാണ് നാം രൂപപ്പെടുത്തിയെടുക്കേണ്ടത്. വിദ്യാഭ്യാസം എന്നത് അഭിനിവേശം കൂടി നിറഞ്ഞതാണെന്ന് നമ്മുടെ കുട്ടികളെ നാം പറഞ്ഞു മനസ്സിലാക്കണം''

ഈ വാക്കുകള്‍ അബ്ദുല്‍ കലീമിന്റെ ജീവിതത്തില്‍ അര്‍ഥവത്താണ് എന്നു കാണിച്ചുതരും. 2009 ല്‍ താന്‍ നടത്തിയ കണ്ടുപിടിത്തങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രപതി അബ്ദുല്‍ കലീമിനെ ആദരിച്ചിരുന്നു. അന്നു അബ്ദുലിന് 22 വയസ്സായിരുന്നു പ്രായം. അതേവര്‍ഷം തന്നെ നാഷനല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ (എന്‍ഐഎഫ്) അബ്ദുലിനെ ആദരിച്ചു. ഇവയൊന്നും അബ്ദുലിനെ സംബന്ധിച്ച് വലിയ പദവികളോ തന്റെ സ്വപ്‌നങ്ങളെ മറക്കുവാന്‍ വേണ്ടിയുള്ളവയോ ആയിരുന്നില്ല. ഒരു വിദ്യാര്‍ഥി എന്ന നിലയ്ക്ക് വ്യത്യസ്ത രീതിയിലായിരുന്നു അബ്ദുലിന്റെ ചിന്തകള്‍. തന്റേതായ ഒരു തത്വശാസ്ത്രത്തിലാണ് അബ്ദുല്‍ ഇന്നും ജീവിക്കുന്നത്.

'എപ്പോഴൊക്കെ എന്തെങ്കിലും സംഭവിക്കുന്നുവോ, അപ്പോഴൊക്കെ അതിനുപിന്നിലെ യുക്തിയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. എപ്പോഴും !ഞാനതിനെ ചോദ്യം ചെയ്യും'–അബ്ദുല്‍ പറയുന്നു.

അബ്ദുലിന്റെ ഈ ചോദ്യങ്ങള്‍ എപ്പോഴും പുതിയ കണ്ടുപിടിത്തങ്ങളായിട്ടാണ് അവസാനിക്കാറുള്ളത്. ഏഴാ ക്ലാസില്‍ പഠിക്കുന്ന സമയത്ത് വീട്ടില്‍ നിന്നും തരുന്ന പണത്തില്‍ നിന്നും രണ്ടു രൂപ മിച്ചം പിടിച്ചു. ഇതുപയോഗിച്ച് ക്രിസ്റ്റല്‍ കൊണ്ടുള്ള ഒരു പക്ഷിയുടെ രൂപം വാങ്ങിച്ചു. ഇതുകൊണ്ട് ആരെയും അഭിവാദ്യം ചെയ്യുന്ന ഒരുപകരണമുണ്ടാക്കി. ആരെങ്കിലും അബ്ദുലിന്റെ മുറിയില്‍ പ്രവേശിച്ചാല്‍ 'ഈദ് മുബാരക്' എന്നു പറഞ്ഞുകൊണ്ടായിരിക്കും വരവേല്‍ക്കുക. അബ്ദുലിന്റെ അയല്‍പക്കത്തെ വീട്ടില്‍ ഒരു ദിവസം കള്ളന്‍ കയറി. ഇതു പുതിയൊരു കണ്ടുപിടിത്തം നടത്താന്‍ ഇടയാക്കി. ആരെങ്കിലും വീടിന്റെ വാതില്‍ തുറന്നാല്‍ ഉടന്‍തന്നെ വീട്ടുടമസ്ഥന്റെ മൊബൈലിലേക്ക് ബെല്‍ വരുന്ന കണ്ടുപിടിത്തമായിരുന്നു അത്.

ഉത്തര്‍പ്രദേശിലെ ദിയോറിയ ഗ്രാമത്തലില്‍ ജനിച്ച അബ്ദുലിന്റെ കഴിവുകളെ പുറംലോകം അറിഞ്ഞിരുന്നില്ല. ഉര്‍ദു അധ്യാപകനായ അച്ഛനും വിദ്യാഭ്യാസമില്ലാത്ത അമ്മയും മകന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് കേട്ടഭാവം നടിച്ചില്ല. തന്റെ മകന്‍ എന്താണ് ചെയ്യുന്നതെന്നോ അവന്റെ ആഗ്രഹം എന്താണെന്നോ മാതാപിതാക്കള്‍ ഒരിക്കലും മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. അവന്‍ പഠിച്ച് ഒരു സര്‍ക്കാര്‍ ജോലി നേടി ജീവിതം സുരക്ഷിതമാക്കണം എന്നു മാത്രമായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. അതിനാല്‍ തന്നെ മകന്റെ പ്രവൃത്തികള്‍ അച്ഛനെ നിരാശനാക്കി. സമീപവാസികളും മകന്‍ വെറുതെ സമയം പാഴാക്കിക്കളയുകയാണെന്ന് നിരന്തരം പറയാന്‍ തുടങ്ങി. എന്നാല്‍ ഈ ലോകം തന്നെക്കുറിച്ച് എന്തു പറയുന്നുവെന്നതു കേള്‍ക്കാന്‍ അബ്ദുല്‍ ചെവി കൊടുത്തില്ല. അവന്‍ തന്റെ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

എന്റെ കണ്ടുപിടിത്തങ്ങളാണ് എനിക്കെപ്പോഴും വലിയ ഞെട്ടല്‍ നല്‍കിയിട്ടുള്ളത്– അബ്ദുലിന്റെ വാക്കുകള്‍.

ചോദ്യങ്ങളില്‍ നിന്നും കണ്ടുപിടിത്തത്തിലേക്ക്

ഒരു വശത്ത് സമൂഹത്തിന് എന്താണ് ആവശ്യമെന്നതിനെക്കുറിച്ചും എങ്ങനെ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാമെന്നതിനെക്കുറിച്ചും അബ്ദുല്‍ ചിന്തിച്ചുകൊണ്ടിരുന്നു. മറുവശത്ത് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി ഡിയോറിയയില്‍ സൈക്കോളജി കോഴ്‌സിന് ചേര്‍ന്നു. ഒപ്പം തന്റെ കണ്ടുപിടിത്തങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെന്നു. സെന്‍സറുകള്‍ ഉപയോഗിച്ച് മണ്ണിന്റെ ഈര്‍പ്പം മനസ്സിലാക്കുന്നതിനുള്ള ഒരു ഉപകരണം ഉണ്ടാക്കി. മണ്ണിന് ആവശ്യത്തിനുള്ള ഈര്‍പ്പം എപ്പോള്‍ ലഭിക്കുന്നുവോ അപ്പോള്‍ തന്നെ വെള്ളം നനയ്ക്കുന്നത് സ്വയം നില്‍ക്കുന്ന ഉപകരണമാണിത്.

വെള്ളപ്പൊക്കം മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന മറ്റൊരു ഉപകരണവും ഉണ്ടാക്കി. നദിയുടെ പല ഭാഗത്തായി അളവുകോല്‍ സ്ഥാപിക്കും. എപ്പോള്‍ വെള്ളം നിശ്ചിത പരിധിക്കു മുകളില്‍ ഉയരുന്നുവോ ആ സമയത്ത് അലാം മുഴങ്ങും. ഗ്രാമവാസികള്‍ക്ക് വെള്ളപ്പൊക്കം ഉണ്ടാകാന്‍ പോകുന്നുവെന്നത് ഇതിലൂടെ അറിയാം. സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് എത്രയുംപെട്ടെന്ന് പോകാനും സാധിക്കും.

ഇത്രയും കണ്ടുപിടിത്തങ്ങള്‍ നടത്തിയിട്ടും അബ്ദുലിനെ ആരും തിരിച്ചറിഞ്ഞില്ല. ഒടുവില്‍ സൈക്കോളജി പ്രൊഫസറാണ് അബ്ദുലിന്റെ കഴിവുകളെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത്. അദ്ദേഹം ഡോ.നാഗിസ് ബാനുവിനെ അബ്ദുലിന്റെ വീട് സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിച്ചു. വീട്ടിലെത്തിയപ്പോള്‍ തന്റെ പരീക്ഷണങ്ങള്‍ നടത്താന്‍ അബ്ദുല്‍ ഉപയോഗിച്ചിരുന്ന ചെറിയ പരീക്ഷണശാല അവര്‍ കണ്ടു. ആ മുറിയില്‍ കടന്നയുടന്‍ അദ്ഭുതഭരിതയായി. അബ്ദുലിനോട് കണ്ടുപിടിത്തങ്ങളെല്ലാം എന്‍ഐഎഫിന് അയച്ചുകൊടുക്കാന്‍ നിര്‍ദേശിച്ചു. അബ്ദുല്‍ അതു ചെയ്തു. 2009 നവംബര്‍ 21 ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അബ്ദുലിനെ ആദരിച്ചു. ഇതിനുപിന്നാലെ മറ്റു നിരവധി പുരസ്‌കാരങ്ങളും അബ്ദുലിനെ തേടിയെത്തി.

എന്‍ജിനീയറിങ്ങിന് പകരം എന്തുകൊണ്ട് സൈക്കോളജി തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് അബ്ദുലിന്റെ മറുപടി ഇങ്ങനെ: മന:ശാസ്ത്രത്തിലൂടെയാണ് സാങ്കേതികവിദ്യ ഉണ്ടാകുന്നതെന്ന് നോക്കിയാല്‍ നമുക്ക് മനസ്സിലാകും. അതുപോലെതന്നെ തിരിച്ചും. എല്ലാ വിഷയങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ട്. നിങ്ങളെങ്ങനെ അതിനെ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണിത്.

കണ്ടുപിടിത്തത്തില്‍ നിന്നും ബിസിനസിലേക്ക്

താനൊരു നല്ല കണ്ടുപിടിത്തക്കാരനോ എന്‍ജിനീയറോ ആയിരിക്കാം, പക്ഷേ നല്ലൊരു ബിസിനസുകാരനല്ലെന്നാണ് അബ്ദുല്‍ പറയുന്നത്.

2011 ല്‍ അബ്ദുല്‍ 350 അപരിചിതരായ വ്യക്തികള്‍ക്കൊപ്പം ജാഗൃതി യാത്രയ്ക്ക് പോയി. ആ യാത്ര അബ്ദുലിന്റെ ചിന്തകളെ മാറ്റിമറിച്ചു. തന്റെ കഴിവുകള്‍ സ്റ്റാര്‍ട്ടപ് തുടങ്ങുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ തീരുമാനിച്ചു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടന്‍ കുറഞ്ഞ വിലയുള്ള സോളര്‍ ഉപയോഗിച്ചുള്ള ടേബിള്‍ വിളക്ക് നിര്‍മിക്കാന്‍ തുടങ്ങി. ഇതിനായി അഞ്ചു ലക്ഷം രൂപ വേണമായിരുന്നു. പണമില്ലാത്തതിനാല്‍ ഈ ആശയം ഉപേക്ഷിക്കുകയും തന്റെ മറ്റു കണ്ടുപിടിത്തങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു.

അബ്ദുല്‍ നിര്‍മിച്ചു നല്‍കിയ ഉപകരണത്തിന്റെ ഉപഭോക്താവായ സിദ്ധാര്‍ഥ് ജെട്ടര്‍ 2014 ല്‍ അബ്ദുലിനെ ജി.കെ. സിന്‍ഹ എന്ന വ്യവസായകനു പരിചയപ്പെടുത്തിക്കൊടുത്തു. സിദ്ധാര്‍ഥിന്റെ വീട്ടിലെ വൈദ്യുതി വിളക്കുകളെല്ലാം ഒരു റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് സിന്‍ഹയെ വളരെയധികം ആകര്‍ഷിച്ചു. അബ്ദുലിന്റെ ഈ കണ്ടുപിടിത്തം ഒരു വലിയ പ്രശ്‌നത്തെ എങ്ങനെ പരിഹരിച്ചിരിക്കുകയാണെന്നു അദ്ദേഹം മനസ്സിലാക്കി. നിക്ഷേപക രംഗത്ത് തുടക്കക്കാരനാണെങ്കിലും നിരവധി സംരംഭങ്ങളില്‍ മുതല്‍മുടക്കിയതിന്റെ അനുഭവപരിചയം സിന്‍ഹയ്ക്കുണ്ടായിരുന്നു. അബ്ദുലിന്റെ ഇക്കോ ട്രോണിക്ക പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നതിന് സിന്‍ഹ സഹായിച്ചു.

സിന്‍ഹ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ഗൗതം കുമാറിനെ അബ്ദുലിന് പരിചയപ്പെടുത്തി. അബ്ദുലിനെപ്പോലെ പുതിയ കണ്ടുപിടിത്തങ്ങളില്‍ തല്‍പരനായിരുന്നു ഗൗതമും. ഇരുവരും ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മണ്ണിലെ ഈര്‍പ്പം അളക്കുന്നതിനുള്ള ഉപകരണത്തിലും മൊബൈല്‍ ഉപയോഗിച്ച് കാലാവസ്ഥാ പ്രവചനം നടത്തുന്ന ഉപകരണത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തി ഇന്റര്‍നാഷനല്‍ പ്രോജക്ട്‌സ് ട്രസ്റ്റിനു (സിഐപിടി) നല്‍കി. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം നേടിയ സ്ഥാപനമാണിത്.

കാലാവസ്ഥ മാറ്റം മനസ്സിലാക്കുന്നതിനുള്ള ഈ ഉപകരണം ജാര്‍ഖണ്ഡിലെ അഗ്രികള്‍ചറല്‍ യൂണിവേഴ്‌സിറ്റി സംസ്ഥാനത്തെ അങ്കാറ ബ്ലോക്കില്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നുണ്ട്. പ്രദേശത്തെ 7000 കര്‍ഷകര്‍ക്ക് ഇതു ഗുണകരമാകുമെന്നാണ് വിശ്വാസം.

സോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അബ്ദുല്‍. അഞ്ചു മിനിറ്റ് സോളര്‍ ചാര്‍ജ് ലഭിച്ചാല്‍ 24 മണിക്കൂറും ഈ ബള്‍ബുകള്‍ കത്തുമെന്നാണ് അബ്ദുലിന്റെ അവകാശവാദം. വരുമാനത്തെക്കുറിച്ചോ ഉപകരണങ്ങളുടെ കച്ചവടത്തെക്കുറിച്ചോ താന്‍ ഇതുവരെ കാര്യമായി ചിന്തിച്ചിട്ടില്ലെന്നും അബ്ദുല്‍ പറഞ്ഞു. മനസ്സുകൊണ്ട് ഞാനൊരു കണ്ടുപിടിത്തക്കാരനാണ്. അതങ്ങനെതന്നെ തുടരുകയും ചെയ്യുമെന്നും അബ്ദുല്‍ പറയുന്നു.

മറ്റുള്ള വ്യവസായ സംരംഭകര്‍ അബ്ദുലില്‍ നിന്നും പഠിക്കേണ്ട പാഠം

അടുത്ത യൂബറോ ആമസോണോ ആകാനാണ് ഇന്ത്യന്‍ വ്യവസായ സംരംഭകരുടെ ലക്ഷ്യം. എന്നാല്‍ വരുമാനവും ബിസിനസ് മോഡലുകളും മാത്രമാണോ സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തെ തീരുമാനിക്കുന്നതെന്നു അബ്ദുല്‍ ചോദിക്കുന്നു. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അബ്ദുല്‍ ചോദ്യം ചെയ്യുന്നു. നമ്മുടെ വെല്ലുവിളികള്‍ വ്യത്യസ്തമാണ്. അഭിനിവേശത്തില്‍ക്കൂടി മാത്രമേ കണ്ടുപിടിത്തങ്ങളുണ്ടാകൂ. ഒരു ബിസിനസായി ഇതിനെ കാണാതെ ഒരു പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയുള്ളതാകണം കണ്ടുപിടിത്തം എന്ന ചിന്തിക്കണം. ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കണം.