കേരള ബ്ലോഗ് എക്‌സ്പ്രസിന് ഇന്ത്യന്‍ പരസ്യരംഗത്തെ ഓസ്‌കാര്‍

0


ബ്ലോഗ് ലോകത്ത് ദൈവത്തിന്റെ സ്വന്തം നാടിന്റെ യാത്രാനുഭവങ്ങള്‍ തരംഗം സൃഷ്ടിച്ച കേരള ടൂറിസത്തിന്റെ കേരള ബ്ലോഗ് എക്‌സ്പ്രസിന് മറ്റൊരു നാഴികക്കല്ലുകൂടി. കേരളത്തിലുടനീളം രണ്ടാഴ്ച നീണ്ടുനിന്ന സാംസ്‌കാരിക, പാരമ്പര്യ യാത്രാനുഭവത്തിനായി 25 രാജ്യങ്ങളില്‍നിന്നായി 30 പ്രമുഖ ബ്ലോഗര്‍മാര്‍ പങ്കെടുത്ത സംരംഭത്തിന്റെ മൂന്നാംപതിപ്പിന് ആബി പുരസ്‌കാരം ലഭിച്ചു. ഇന്ത്യന്‍ പരസ്യരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഈ പുരസ്‌കാരത്തിന്റെ 'സാമൂഹമാധ്യമ സാന്നിധ്യം' എന്ന വിഭാഗത്തിലാണ് അംഗീകാരം.

കേരള ടൂറിസത്തിന്റെ ക്രിയാത്മകബ്രാന്‍ഡ് ഏജന്‍സിയായ സ്റ്റാര്‍ക് കമ്യൂണിക്കേഷന്‍സ് ആശയരൂപീകരണം നടത്തിയ കേരള ബ്ലോഗ് എക്‌സ്പ്രസ് (കെ ബി ഇ)3.0 കോര്‍പ്പറേറ്റ് വമ്പ•ാരായ പി&ജി, പാംപേഴ്‌സ്, ആമസോണ്‍ ഇന്ത്യ, കാഡ്ബറി ചോക്ലേറ്റ്‌സ്, ഫഌപ്കാര്‍ട്ട്, അസൂസ് ഇന്ത്യ, സ്റ്റാര്‍ വേള്‍ഡിലെ ക്വാണ്‍ടികോ എന്ന പരിപാടി, തല്‍വാര്‍ എന്ന ചലച്ചിത്രം എന്നിവയെ പിന്നിലാക്കിയാണ് പുരസ്‌കാരം കരസ്ഥമാക്കിയത്. ബ്ലോഗിന്റെ ഗുണമേ, ജനപ്രിയത, പിന്തുടരുന്നവരുടെ എണ്ണം, ബ്ലോഗര്‍മാരുടെ രാജ്യം, സമൂഹമാധ്യമത്തിലെ ശ്രദ്ധ തുടങ്ങിയവ മുന്‍നിര്‍ത്തി പ്രശസ്തരും സ്വാധീനശേഷിയുള്ളവരുമായ ബ്ലോഗര്‍മാരുടെ യാത്രാനുഭവങ്ങള്‍ കേരളം എന്ന ലക്ഷ്യസ്ഥാനത്തിനായി സൃഷ്ടിക്കപ്പെട്ട അനുകൂല തരംഗത്തെ വര്‍ദ്ധിപ്പിക്കുന്നതാണ് ഈ പുരസ്‌കാരം.

ഫെബ്രുവരി 15 മുതല്‍ 29 വരെ യാത്ര, ലൈഫ്‌സ്‌റ്റൈല്‍, ഭക്ഷണശൈലി എന്നീ വിഭാഗങ്ങളിലെ ബ്ലോഗര്‍മാരും, ഫോട്ടോഗ്രാഫര്‍മാരും വീഡിയോ ബ്ലോഗര്‍മാരും അടങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട സംഘം തിരുവനന്തപുരം മുതല്‍ വയനാട് വരെ 2300 കിലോമീറ്ററിലേറെ പ്രത്യേകം തയാറാക്കിയ ആഡംബര ബസ്സില്‍ യാത്ര നടത്തിയിരുന്നു. ആലപ്പുഴയിലെ കായല്‍ യാത്രകള്‍, ഹൗസ്‌ബോട്ടിലെ താമസം, കഥകളി പ്രകടനങ്ങള്‍, ആയൂര്‍വേദ സ്പാ മസാജുകള്‍, തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളിലെ പ്രകൃതിരമണീയ കേന്ദ്രങ്ങളിലെ യാത്ര തുടങ്ങിയ തനത് കേരളീയ അനുഭവങ്ങള്‍ മാത്രമല്ല, സദ്യ കൈ ഉപയോഗിച്ചു കഴിക്കുന്നതും ഗ്രാമ്യജീവിതത്തിന്റെ സുഖാനുഭവവുമെല്ലാം ബ്ലോഗര്‍മാര്‍ അനുഭവിച്ചിരുന്നു. കേരളത്തിന്റെ സാര്‍വ്വലൗകികതയും വ്യവസായ പാരമ്പര്യവും വെളിവാക്കുന്ന പുരാതന തുറമുഖമായ മുസിരിസും സംഘം സന്ദര്‍ശിച്ചു.

സംഘത്തിലെ ഭൂരിഭാഗവും ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നവരാണെങ്കിലും, പ്രാദേശിക പാരമ്പര്യവും ദൃശ്യചാരുത പകരുന്ന ഭൂപ്രകൃതിയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനതയുടെ സൗഹൃദവും രണ്ടാഴ്ച്ച നീണ്ടുനിന്ന യാത്രയില്‍ അനുഭവിച്ച ബ്ലോഗര്‍മാര്‍ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി മാറുകയായിരുന്നു. സ്വന്തം മാധ്യമങ്ങളിലൂടെ അനുഭവം പങ്കുവയ്ക്കാനും തങ്ങളെ പിന്തുടരുന്നവര്‍ക്കായി കേരളം ലക്ഷ്യസ്ഥാനമായി ഉപദേശിക്കാനും ഭാവി യാത്രികര്‍ക്കായി ട്രാവല്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കാനുമൊക്കെ ഇവര്‍ ശ്രമിക്കുന്നു.

2014ല്‍ ആദ്യമായി സംഘടിപ്പിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിന് 2500ഓളം രജിസ്‌ട്രേഷനുകളും യാത്രാ ബ്ലോഗിംഗ് രംഗത്തുനിന്നുള്ള പ്രമുഖരുടെ പേരുകളടങ്ങിയ നാമനിര്‍ദേശപ്പട്ടികയില്‍നിന്നുള്ള തെരഞ്ഞെടുപ്പിനായി യാത്രാപ്രിയരില്‍നിന്ന് 72,000ല്‍പരം വോട്ടുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. ഏറ്റവുമധികം വോട്ടുകള്‍ കിട്ടുന്നവരെയാണ് തെരഞ്ഞെടുക്കുന്നത്. മൂന്നുപതിപ്പുകളിലായി 35 രാജ്യങ്ങളില്‍നിന്ന് 87 യാത്രാ ബ്ലോഗര്‍മാര്‍ പങ്കെടുത്തിട്ടുണ്ട്. ടൂറിസം ലക്ഷ്യസ്ഥാനം എന്ന നിലയില്‍ ആഗോളതലത്തില്‍ കേരളത്തിന്റെ പേര് എത്തിച്ച കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ഒന്നാം പതിപ്പിനുശേഷം തുടര്‍ന്നുള്ള രണ്ടുപതിപ്പുകളും വര്‍ദ്ധിച്ച ആകര്‍ഷണീയതയും ജനപങ്കാളിത്തവുമായി കൂടുതല്‍ ശ്രദ്ധേയമായി. ഈ വര്‍ഷം 66 രാജ്യങ്ങളില്‍നിന്നായി ആയിരത്തിലേറെ ബ്ലോഗര്‍മാര്‍ ഈ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്ത് റെക്കോര്‍ഡിട്ടു.

ലോകത്തുടനീളം അഞ്ഞൂറിലേറെ ബ്ലോഗ് ലേഖനങ്ങള്‍ ബ്ലോഗ് എക്‌സ്പ്രസിന് ഇതുവരെ സൃഷ്ടിക്കാനായി. 24,000ലേറെ ട്വീറ്റുകളുമായി കെബിഇയുടെ ട്വിറ്റര്‍പേജ് അറുപത് ലക്ഷം സന്ദര്‍ശനങ്ങള്‍ താണ്ടിയട്ടുണ്ട്. ആദ്യത്തെ പതിപ്പില്‍ രണ്ടു ലക്ഷവും രണ്ടാമത്തെ പതിപ്പില്‍ അഞ്ചു ലക്ഷവും സന്ദര്‍ശനങ്ങളായിരുന്നു മൈക്രോബ്ലോഗിംഗ് സൈറ്റില്‍ ഉണ്ടായിരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അയ്യായിരത്തിലേറെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടു. സംരംഭത്തിന്റെ ഫേസ്ബുക്ക് ആല്‍ബത്തിന് 28,000 ലൈക്കുകളും ഔദ്യോഗിക വെബ്‌സൈറ്റിന് എട്ടുലക്ഷത്തോളം ഹിറ്റുകളും ലഭിച്ചു. പദ്ധതിയുടെ സുസ്ഥിര കാര്യപ്രാപ്തിയും ക്രിയാത്മകതയുമാണ് ഇപ്പോള്‍ അഡ്വര്‍ട്ടൈസിംഗ് ക്ലബ് ഓഫ് ബോംബെ എന്നതിന്റെ ചുരുക്കെഴുത്തായ ആബി പുരസ്‌കാരത്തിലേക്ക് നയിച്ചിരിക്കുന്നത്. മാര്‍ക്കറ്റിംഗ്, പരസ്യ, മാധ്യമ, ഗവേഷണ, പബ്ലിക് റിലേഷന്‍സ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സുശക്തമായ കൂട്ടായ്മയാണ് അഡ്വര്‍ട്ടൈസിംഗ് ക്ലബ് ഓഫ് ബോംബെ. 2500ഓളം പ്രൊഫഷണലുകള്‍ പങ്കെടുക്കുന്ന ആബി പുരസ്‌കാരച്ചടങ്ങ് ഈ രംഗത്ത് രാജ്യത്തെ ഏറ്റവും വലുതും അഭിമാനകരവുമായ പരിപാടിയാണ്.

കേരള ടൂറിസത്തിന്റെ തലപ്പാവിലെ ഏറ്റവും ഒടുവിലത്തെ പൊന്‍തൂവലാണ് ആബി പുരസ്‌കാരം. ടൂറിസം ആശയവിനിമയരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്‌കാരം, ഉത്തരവാദിത്വ ടൂറിസത്തിനായുള്ള മള്‍ട്ടീമീഡിയ ക്യാംപെയിനായ ന്യൂ വേള്‍ഡ്‌സിന് കഴിഞ്ഞ മാസം ഐറ്റിബി ബെര്‍ലിന്‍ 2016ല്‍ കേരള ടൂറിസത്തിന് ലഭിച്ചിരുന്നു. ഈ മാസാദ്യം കേരള ടൂറിസത്തിന്റെ വിസിറ്റ് കേരള ചലച്ചിത്രവും സ്ലോ ഡൗണ്‍ എന്ന അച്ചടി പ്രചരണ പരിപാടിയും മദ്രാസ് അഡ്വര്‍ടൈസിങ് ക്ലബ്ബ് (മാഡിസ്) 2016 അവാര്‍ഡുകള്‍ക്ക് അര്‍ഹമായിരുന്നു. ഐക്യരാഷ്ട്രസഭാ ലോക വിനോദസഞ്ചാര സംഘടനയുടെ യുളീസസ് പുരസ്‌കാരവും സുസ്ഥിര വിനോദസഞ്ചാരത്തിലെ മുന്‍നിര പ്രദേശം എന്ന നിലയിലെ സംഭാവനകള്‍ക്കായി കേരള ടൂറിസത്തിന് ലഭിച്ചിരുന്നു.