സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യക്ക് മോടിയോടെ തുടക്കം

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യക്ക് മോടിയോടെ തുടക്കം

Monday January 18, 2016,

2 min Read

ഇന്ത്യയുടെ 69–ാമത് സ്വാതന്ത്ര്യദിനത്തില്‍ റെഡ്‌ഫോര്‍ട്ടില്‍ നടത്തിയ പ്രസംഗത്തിലാണ് എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാര്‍ട്ടപ് ഇന്ത്യയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇന്നു അഞ്ചു മാസം പിന്നിടുമ്പോള്‍ പദ്ധതിയുടെ കര്‍മ പദ്ധതി പുറത്തിറക്കി സ്വപ്നം യാഥാര്‍ത്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പുതുവ്യവസായ സംരംഭകര്‍ക്കു (സ്റ്റാര്‍ട്ടപ്) നികുതികളിലും നിയന്ത്രണങ്ങളിലും ഇളവുകളുമായി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ കര്‍മ പദ്ധതി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.

image


പ്രധാനമന്ത്രി പുറത്തിറക്കിയ കര്‍മ പദ്ധതിയിലെ പ്രധാന പ്രഖ്യാപനങ്ങള്‍

1. പുതു സ്റ്റാര്‍ട്ടപ്പുകള്‍ നിയമാനുസൃതമാണെന്നു സംരംഭകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. തൊഴില്‍ നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും ബാധകമാകില്ല

2. പുതുസംരംഭകര്‍ക്ക് പരസ്പരം ബന്ധപ്പെടാനും ആശയ സമ്പര്‍ക്കത്തിനും സ്റ്റാര്‍ട്ടപ് ഇന്ത്യ ഹബ്. വ്യവസായലോകത്തെ സാധ്യതകളും സാങ്കേതികവിദ്യയും പരിചയപ്പെടാനും ധനലഭ്യത ഉറപ്പാക്കാനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ഹബ് സഹായകമാകും.

3. മൊബൈല്‍ ആപ്പും പോര്‍ട്ടലും വഴി സ്റ്റാര്‍ട്ടപ് റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കാലതാമസം ഇല്ലാതാക്കും. ഏപ്രിലില്‍ ഇതിനു തുടക്കമാകും.

4. പേറ്റന്റ് ഫീസില്‍ 80 ശതമാനം ഇളവ് അനുവദിക്കും. പേറ്റന്റ് അപേക്ഷകള്‍ നല്‍കാനും അംഗീകാരം നേടാനും വിദഗ്ധ – നിയമ സഹായം ലഭ്യമാക്കും. അപേക്ഷകളുമായി ബന്ധപ്പെട്ട ചെലവു സര്‍ക്കാര്‍ വഹിക്കും.

5. പതിനായിരം കോടി രൂപ സഹായനിധി നല്‍കും. അടുത്ത നാലു വര്‍ഷത്തേക്കു പ്രതിവര്‍ഷം 500 കോടി രൂപവീതം 2,000 കോടി രൂപയുടെ വായ്പാ ഉറപ്പാക്കും.

6. സാധന സാമഗ്രികള്‍ വാങ്ങുന്നതിനുളള (പബ്ലിക് പ്രോക്യുര്‍മെന്റ്) നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും.

7. പുതുസംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി മൂന്നു വര്‍ഷത്തേക്ക് ഇവയെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കും. മൂന്നു വര്‍ഷത്തേക്കു സര്‍ക്കാര്‍ പരിശോധനകളുണ്ടാവില്ല.

image


8. ബാങ്കുകളുടെ ഭാഗത്തുനിന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ സമീപനം ഉറപ്പുവരുത്തും.

9. പുതുസരംഭങ്ങള്‍ തുടങ്ങി പരാജയപ്പെട്ടാല്‍ പിന്മാറാം. ഇത്തരത്തില്‍ നഷ്ടത്തിലാകുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ സഹായിക്കും.

10. പുതുസംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ വാങ്ങുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കും.

11. സ്വയം തൊഴില്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ നടപ്പാക്കും. നാഷനല്‍ ഇന്നൊവേഷന്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും.

12. പുതുസംരംഭങ്ങള്‍ക്ക് മൂലധനനേട്ട നികുതിയില്‍ (ക്യാപിറ്റല്‍ ഗെയിന്‍സ്) ഇളവു നല്‍കും.

12 സ്റ്റാര്‍ട്ട് അപ് ഫെസ്റ്റുകള്‍ സംഘടിപ്പിക്കും. പരസ്പരം ഇടപഴകാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഇതു സഹായകമാകും.