വാരപ്പെട്ടി, ആമ്പല്ലൂര്‍, വരാപ്പുഴ മികച്ച ജൈവ ഗ്രാമപഞ്ചായത്തുകള്‍  

0

പിന്നിട്ടവര്‍ഷം പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ മികച്ച ജൈവ ഗ്രാമപഞ്ചായത്തുകളായി തെരഞ്ഞെടുക്കപ്പെട്ട വാരപ്പെട്ടി, ആമ്പല്ലൂര്‍, വരാപ്പുഴ എന്നിവയ്ക്ക് ജില്ലാ പഞ്ചായത്തിന്റെയും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മൊത്തം 11 ഇനങ്ങളില്‍ 35 അവാര്‍ഡുകളാണ് വിതരണം ചെയ്തത്. മികച്ച ജൈവകൃഷിക്ക് സ്‌കൂളുകള്‍ക്കും അതിനു നേതൃത്വം നല്‍കിയ പ്രഥമാധ്യാപകര്‍ക്കും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ബഹുമതികള്‍ ജില്ലാ കളക്ടര്‍ സമ്മാനിച്ചു. വിവിധ സ്‌കൂളുകളിലെ അധ്യാപകരും കുട്ടികളും ചേര്‍ന്നാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. ഒന്നാം സമ്മാനം നേടിയ വാരപ്പെട്ടിക്ക് മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ആമ്പല്ലൂര്‍, വരാപ്പുഴ ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം രണ്ടുലക്ഷം, ഒരുലക്ഷം വീതവും പ്രശസ്തി പത്രവും സമ്മാനിച്ചു. തുടര്‍ന്ന് കാര്‍ഷികയന്ത്രങ്ങളുടെ വിതരണോദ്ഘാടനവും ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. കൊയ്ത്ത് യന്ത്രങ്ങള്‍, ട്രാക്ടര്‍, മിനി ടില്ലര്‍, ഞാറു നടീല്‍ യന്ത്രങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മായ എസ്. നായര്‍ പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ലിന്‍സി സേവ്യര്‍ കൃതജഞത പറഞ്ഞു. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.