മോര്‍ച്ചറിയിലെ കേടായ ചേംബര്‍ പ്രവര്‍ത്തനസജ്ജം

മോര്‍ച്ചറിയിലെ കേടായ ചേംബര്‍ പ്രവര്‍ത്തനസജ്ജം

Thursday March 30, 2017,

2 min Read

മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ കേടായ ചേംബറിന്റെ ഒരു യൂണിറ്റ് അടിയന്തിരമായി ശരിയാക്കുകയും ആ യൂണിറ്റ് പ്രവര്‍ത്തിച്ച് തുടങ്ങുകയും ചെയ്തുവെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. രണ്ടാം യൂണിറ്റിന്റെ കേടുപാടുകള്‍ വെള്ളിയാഴ്ച പൂര്‍ത്തിയാകും. 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന സെന്‍ട്രലൈസ്ഡ് ഫ്രീസറാണ് ഈ ചേംബറില്‍ ഉപയോഗിക്കുന്നത്. ഒന്ന് കേടായാലും മറ്റൊന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ഒരു ചേംബറില്‍ രണ്ട് യൂണിറ്റുകള്‍ ഉപയോഗിക്കുന്നത്. ഇവ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും മൃതദേഹങ്ങള്‍ സൂക്ഷിക്കുക.

image


ബി ചേംബറിലെ ഫ്രീസര്‍ പ്രവര്‍ത്തിക്കാതെ രണ്ടു മാസം കിടന്നിരുന്നു എന്നത് തികച്ചും അടിസ്ഥാന രഹിതമായ പ്രചാരണമാണ്. ഇത് മോര്‍ച്ചറി രേഖകളില്‍ നിന്നും വ്യക്തമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു മാസത്തിലധികമായി ഈ ചേബറില്‍ സൂക്ഷിച്ചിരുന്നതാണ് ഈ മൃതദേഹങ്ങള്‍. അപ്പോള്‍ പിന്നെ രണ്ടുമാസത്തിലധികം കേടായിക്കിടന്നിരുന്നു എന്ന് പറയുന്നത് തന്നെ തെറ്റാണ്. ഇത്തരം മൃതദേഹങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അഴുകുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നതിനാല്‍ പ്രവര്‍ത്തിക്കാത്ത ചേംബറില്‍ ഇവ ദിവസങ്ങളോളം സൂക്ഷിക്കാന്‍ ഒരിക്കലും സാധിക്കുകയില്ല.

മോര്‍ച്ചറിയില്‍ എ, ബി, സി എന്നിങ്ങനെ 3 ചേംബറുകളാണുള്ളത്. ഒരു ചേംബറില്‍ 6 എന്ന കണക്കില്‍ മൂന്ന് ചേംബറുകളിലുംകൂടി 18 മൃതദേഹങ്ങള്‍ സൂക്ഷിക്കാനാകും. ഇതില്‍ ബി ചേംബറിനാണ് കേടുപാടുണ്ടായത്. ഏറ്റവും നന്നായി പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന ഫ്രീസറാണ് ബി ചേംബറിലുള്ളത്. അതിനാല്‍ കൂടുതല്‍ ദിവസം സൂക്ഷിക്കുന്ന അജ്ഞാത മൃതദേഹങ്ങളാണ് ഈ ചേംബറില്‍ വയ്ക്കുന്നത്. അജ്ഞാത മൃതദേഹങ്ങളില്‍ പലതും ദിവസങ്ങളോളം പഴക്കമുള്ളതും കേടായ നിലയിലുമായിരിക്കും മോര്‍ച്ചറിയിലെത്തുക.

കഴിഞ്ഞ ദിവസം കോര്‍പറേഷന്‍ അധികൃതര്‍ക്ക് കൈമാറിയ മൃതദേഹങ്ങള്‍ ഫെബ്രുവരി മാസം 13-ാം തീയതിയും അതിനടത്തുള്ള ദിവസങ്ങളിലുമാണ് ബി ചേംബറില്‍ വച്ചത്. മൂന്ന് അജ്ഞാത മൃതദേഹങ്ങളും രണ്ട് തിരിച്ചറിഞ്ഞ മൃതദേഹങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഓരോ ദിവസവും രാവിലേയും വൈകുന്നേരവും മോര്‍ച്ചറി ടെക്‌നീഷ്യനും സുരക്ഷാ വിഭാഗം ജീവനക്കാരും ഓരോ ചേംബറും പരിശോധിച്ച് ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും തണുപ്പിന്റെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. സാധാരണ നാല് ഡിഗ്രി സെല്‍ഷ്യസിലാണ് ഇവ സൂക്ഷിക്കുന്നത്. മാര്‍ച്ച് 12ന് സുരക്ഷാ വിഭാഗം ജീവനക്കാരന്‍ പരിശോധന നടത്തുമ്പോഴാണ് ബി ചേംബറിന്റെ ചൂട് ക്രമാതീതമായി വര്‍ധിച്ചതായി കണ്ടത്. ഉടന്‍ തന്നെ ഈ മൃതദേഹങ്ങള്‍ മറ്റ് രണ്ട് ചേംബറുകളിലേക്ക് മാറ്റി. ഇക്കാര്യം കോര്‍പറേഷന്‍ അധികൃതരെ അറിയിക്കുകയും അവര്‍ വ്യാഴാഴ്ച മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. ബ്രട്ടീഷുകാരന്റെ മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം മോര്‍ച്ചറി രേഖകളില്‍ വ്യക്തമാണ്.

കാലപ്പഴക്കവും വിശ്രമമില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമാണ് ഈ ചേംബറുകള്‍ കേടാവാന്‍ കാരണം. ആധുനിക മോര്‍ച്ചറിയുടെ നിര്‍മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്. അത് പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഈ അവസ്ഥയ്ക്ക് പരിഹാരമാകും.

അജ്ഞാത മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യാനായി കൊണ്ടുവരുന്ന മൃതദേഹങ്ങളുമാണ് സാധാരണ മോര്‍ച്ചറിയിലുണ്ടാവുക. പോസ്റ്റുമോര്‍ട്ടം ചെയ്യാനായി കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ അന്നോ അടുത്ത ദിവസമോ തന്നെ കൊണ്ടുപോകും. അജ്ഞാത മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് നടപടിക്രമങ്ങള്‍ പാലിച്ച് ബന്ധുക്കള്‍ക്കോ തിരിച്ചറിയാത്തവ കോര്‍പറേഷന്‍ അധികൃതര്‍ക്കോ വിട്ടു നല്‍കുന്നു. സാധാരണ മൂന്ന് ദിവസത്തിനകം മൃതദേഹം മോര്‍ച്ചറിയില്‍ നിന്നും പോലീസുകാര്‍ മാറ്റണമെന്നാണ് നിയമം. എന്നാല്‍ ഈ കാലയളവിനുള്ളില്‍ അവ തിരിച്ചറിയാന്‍ പറ്റാതെ വരുമ്പോള്‍ വീണ്ടും പോലീസ് അപേക്ഷ നല്‍കുകയും ഇവിടെ സൂക്ഷിക്കുകയും ചെയ്യുന്നു.

ആധുനിക മോര്‍ച്ചറി

അത്യാധുനിക സംവിധാനങ്ങളോടെയുള്ള പുതിയ മോര്‍ച്ചറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. എത്രയും വേഗം ഇത് പ്രവര്‍ത്തന സജ്ജമാകും. പുതുതായി പണി കഴിപ്പിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് ഈ ആധുനിക മോര്‍ച്ചറിയുള്ളത്.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ തറനിരപ്പിന് താഴെയാണ് (ജി-1) ഈ മോര്‍ച്ചറി സംവിധാനം സജ്ജമാക്കുന്നത്. 60 മൃതശരീരങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം ഈ മോര്‍ച്ചറിയിലുണ്ട്. അഴുകിയതുള്‍പ്പെടെ ഒരേ സമയം 3 പോസ്റ്റുമോര്‍ട്ടങ്ങള്‍ ചെയ്യാനുള്ള സംവിധാനം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. അഴുകിയ മൃതദേഹത്തിന്റെ ദുര്‍ഗന്ധം പോസ്റ്റുമോര്‍ട്ടം റൂമില്‍ തങ്ങിനില്‍ക്കാത്ത വിധത്തിലുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ക്വസ്റ്റ് തയ്യാറാക്കാനുള്ള ഇന്‍ക്വസ്റ്റ് റൂം, വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുനുള്ള ക്ലാസ് റൂം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.