വരള്‍ച്ച; പൈപ്പ്‌വെള്ളം ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം:മന്ത്രി മാത്യു ടി തോമസ്

വരള്‍ച്ച; പൈപ്പ്‌വെള്ളം ദുരുപയോഗപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം:മന്ത്രി മാത്യു ടി തോമസ്

Saturday April 29, 2017,

1 min Read

വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൈപ്പ് വെള്ളം ദുരുപയോഗപ്പെടുത്താതിരിക്കാനും പാഴാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ജലദൗര്‍ലഭ്യം നേരിടാന്‍ തിരുവനന്തപുരം നഗരത്തില്‍ ചില ക്രമീകരണങ്ങള്‍ ആലോചിക്കുന്നതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ പേപ്പാറ അണക്കെട്ടില്‍ മെയ് 18 വരെയുള്ള ഉപയോഗത്തിനുള്ള ജലമാണുള്ളത്. പൊതു ഉപയോഗം 25 ശതമാനമെങ്കിലും കുറവുവരുത്തിയാല്‍ മെയ് 25 വരെയുള്ള ഉപയോഗത്തിന് ഇതെത്തിക്കാനാവും. 

image


രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ പമ്പിംഗ് പകുതിയാക്കുകയും രാത്രി താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാല്‍വ് വഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലമെത്തിക്കുകയും ചെയ്യുന്നത് പരിഗണിക്കും. അടുത്ത മഴക്കാലം എത്തുന്നതുവരെ നഗരത്തില്‍ പുതിയ കണക്ഷനുകള്‍ നല്‍കില്ല. പ്രതിമാസം രണ്ടുലക്ഷം ലിറ്ററിലധികം ഉപയോഗമുള്ള എല്ലാ ഗാര്‍ഹികേതര ഉപഭേക്താക്കളോടും ഉപയോഗം പകുതിയാക്കാന്‍ ആവശ്യപ്പെടും. സെക്ഷന്‍ വാല്‍വുകളുടെ നിയന്ത്രണത്തിനായി സ്ഥിരം ടീമിനെ ഏര്‍പ്പെടുത്തും. സബ് ഡിവിഷന്‍തലത്തില്‍ അഞ്ച് ജലമോഷണ-ദുരുപയോഗ വിരുദ്ധ സ്‌ക്വാഡുകളെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ചോര്‍ച്ച മൂലം ജലം പാഴാകുന്നതുതടയാനായി ഓഫീസ് സമയം കഴിഞ്ഞും അവധിദിവസങ്ങളിലും തങ്ങളുടെ പരിധിയില്‍ വാല്‍വ് അടച്ചിട്ട് പൈപ്പ്‌ലൈനിലെ ജലപ്രവാഹം തടയുന്നതിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും പൊതുസ്ഥാപനങ്ങളുടേയും മേധാവികള്‍ക്ക് നിര്‍ദേശം നല്‍കും. കണ്‍ട്രോള്‍ റൂം സംവിധാനവും ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തും. പൈപ്പുപൊട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ 1800 4255 313 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം. ശുദ്ധീകരിച്ച ജലം നിര്‍മാണ ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഗാര്‍ഹികേതര ഉപയോഗങ്ങള്‍ക്കായി മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍ വേര്‍തിരിച്ചെടുക്കുന്ന ജലം സൗജന്യമായി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. വരള്‍ച്ചയുടെ ഗൗരവം കണക്കിലെടുത്ത് ജനങ്ങള്‍ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.