അംഗപരിമിതര്‍ക്കായി കിക്ക് സ്റ്റാര്‍ട്ട് ക്യാബ്‌സ്‌

0

യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ള അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി വീല്‍സ് ഓഫ് ചേയ്ഞ്ച് എന്ന എന്‍.ജി.ഒ സംഘടന ആരംഭിച്ച പുതിയ പദ്ധതിയാണ് കിക്ക്സ്റ്റാര്‍ട്ട് ക്യാബ്‌സ്. കര്‍ണാടക ഗവണ്‍മെന്റിന്റേയും ഗ്ലോബല്‍ സര്‍വീസ് പ്രൊവൈഡറായ എംഫസിസിന്റേയും സംയുക്ത സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇപ്പോള്‍ ബാംഗ്ലൂരില്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

മൂന്ന് മോഡലുകളിലുള്ള വാഹനങ്ങളാണ് ഈ ശ്രേണിയില്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തേത് സ്വിഫ്റ്റ് ഡിസയര്‍ ഇനത്തില്‍പ്പെട്ട കാറാണ്. ഇതിലുള്ള ഒറ്റക്കാലുള്ള കസേര മുന്‍വാതിലിന്റെ പകുതി വരെ നീക്കാനാകും. ക്രച്ചസുകളോ വോക്കിങ് സ്റ്റിക്കുകളോ വീല്‍ ചെയറോ ഉപയോഗിക്കുന്നവര്‍ക്ക് കാറില്‍ കയറാനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. രണ്ടാമത്തെ മോഡല്‍ വാഗണറാണ്. വാഹനത്തിന്റെ പിന്‍വശത്തെ വാതിലില്‍ റാംപ് പിടിപ്പിച്ചിട്ടുള്ള ഈ വാതിലിലൂടെ വളരെ എളുപ്പത്തില്‍ വീല്‍ചെയറുകള്‍ കാറിനുള്ളിലേക്ക് കയറ്റാനാകും. മൂന്നാമത്തെ മോഡലായ ടൊയാട്ടോ ലിവയില്‍ ഇളക്കിമാറ്റാവുന്ന തരത്തിലുള്ള സീറ്റുകളാണുള്ളത്. ഇവയെ വീല്‍ ചെയറുകളാക്കി മാറ്റാനും സാധിക്കും. ഈ മൂന്ന് വാഹനങ്ങളിലും ജി.പി.എസ് സംവിധാനങ്ങളുമുണ്ട്.

ഇതൊരു ഉല്‍പ്പന്നവും സേവനവുമാണെന്നാണ് ഈ സേവനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യ പറയുന്നത്. അംഗപരിമിതരുടേയും പ്രായം ചെന്നവരുടേയും യാത്രാ ക്ലേശം മനസിലാക്കിയതോടെയാണ് കിക്ക്സ്റ്റാര്‍ട്ട് ക്യാബ്‌സ് ആരംഭിക്കാന്‍ തീരുമാനിച്ചത്. സെന്‍സസിലെ കണക്കുകള്‍ പ്രകാരം ബാംഗ്ലൂരില്‍ ആറ് ലക്ഷം അംഗപരിമിതരും ഏഴ് ലക്ഷം മുതിര്‍ന്ന പൗരന്മാരും ഉണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തോളം അംഗപരിമിതരിലേക്കും മുതിര്‍ന്ന പൗരന്മാരിലേക്കും ഈ സേവനം എത്തിക്കാനാണ് ഉദ്യേശിക്കുന്നത്. ഇതിലൂടെ നിരവധി അംഗപരിമിതര്‍ക്ക് ജോലി സാധ്യത ഉറപ്പാക്കാനാകുന്നുണ്ട്. മാത്രമല്ല, അംഗപരിമിതരായതിനാല്‍ ആശുപത്രിയിലേക്ക് തുടരെ തുടരെ യാത്ര ചെയ്യാന്‍ മടിക്കുന്ന രോഗികള്‍ക്കും ഇതോടെ ചികിത്സ തുടരാനാകുമെന്നും വിദ്യ വ്യക്തമാക്കി.സഹായവും പിന്തുണയും വേണ്ടവര്‍ക്ക് അത് ഉറപ്പാക്കുക എന്നതും ഈ സേവനത്തിന്റെ ലക്ഷ്യമാണ്.

 www.kictskartcabs.com എന്ന വെബ്‌സൈറ്റിലൂടെ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ക്യാബുകള്‍ ബുക്ക് ചെയ്യാനാകും. മൊബൈലിലൂടെയും ഈ സേവനം ലഭ്യമാണ്. നമ്പര്‍:8105600445