ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസമായി ആംനസ്റ്റി സ്‌കീം  

0

സംസ്ഥാന വാണിജ്യ നികുതി വകുപ്പ് അനുമാന നികുതിദായകരായ ചെറുകിട വ്യാപാരികള്‍ക്ക് നികുതി പിഴ ആശ്വാസമായി ആംനസ്റ്റി സ്‌കീം നടപ്പാക്കുന്നു. നിലവില്‍ 60 ലക്ഷത്തില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് 0.5% (അര ശതമാനം) നികുതിയാണ് ഒടുക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാണിജ്യ നികുതി രജിസ്‌ട്രേഷനുള്ള അനുമാന നികുതി ദായകര്‍ക്കെതിരെ കണക്കില്‍പ്പെടാത്ത ടേണോവറിന് പിഴയും നികുതിയും ചുമത്തിയിരുന്നു. ഇത്തരം കച്ചവടക്കാര്‍ക്ക് പ്രസ്തുത നടപടിക്രമങ്ങളില്‍നിന്നും ആശ്വാസം നല്‍കാനായാണ് സര്‍ക്കാര്‍ പുതിയ ആംനസ്റ്റി സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നത്.

കണക്കില്‍പെടാത്ത വിറ്റുവരവിനോട് അഞ്ച് ശതമാനം മൊത്തലാഭം ചേര്‍ത്ത് കിട്ടുന്ന തുകയുടെ ഷെഡ്യൂള്‍ പ്രകാരമുള്ള നികുതിയടച്ച് പിഴയില്‍നിന്ന് രക്ഷനേടാം. നിലവില്‍ ഉത്തരവായ, പണമടക്കാത്ത കേസുകളിലുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും. ഇത്തരം ഉത്തരവുകള്‍ക്കെതിരെ കോടതിയിലോ അപ്പീല്‍ അധികാരികള്‍ക്ക് മുമ്പിലോ ഫയല്‍ ചെയ്ത അപ്പീലുകള്‍ മുന്‍കൂറായി സ്വയം പിന്‍വലിക്കണം. 201516 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കും. അനുമാന നികുതി രജിസ്‌ട്രേഷനുള്ള വ്യാപാരികളുടെ കണക്കില്‍വരാത്ത വിറ്റുവരവ് വാണിജ്യ നികുതി വകുപ്പ് കണ്ടെത്തിയാലും വ്യാപാരി കണ്ടെത്തി വകുപ്പിനെ അറിയിച്ചാലും ആനുകൂല്യം ലഭിക്കും. രജിസ്‌ട്രേഷന്‍ പരിധിയെത്തിയിട്ടും രജിസ്‌ട്രേഷന്‍ എടുക്കാത്ത, കണക്കില്‍പെടാത്ത വിറ്റുവരവ് കെണ്ടത്തിയ വ്യാപാരികള്‍ക്കും രജിസ്‌ട്രേഷന് അപേക്ഷിച്ച് ആനുകൂല്യം നേടാവുന്നതാ ണ്.

സ്‌കീമില്‍ അപേക്ഷ നല്‍കുന്ന വ്യാപാരികള്‍ 2016 ഏപ്രില്‍ ഒന്ന് മുതല്‍ 'ടിന്‍' രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും നവംബര്‍ 30 നകം അനക്‌സ്ചര്‍ ഒന്ന് ഫോമില്‍ ബന്ധപ്പെട്ട വാണിജ്യ നികുതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കേണ്ടതുമാണ്. ഉത്തരവ് ലഭിച്ചാല്‍ തുകയുടെ 30 ശതമാനം രണ്ടാഴ്ചക്കകം അടയ്ക്കണം. ബാക്കി തുക 12 വരെ തവണകളായി അടയ്ക്കാവുന്നതാണ്. മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി ഓഫീസുകളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുമെന്ന് മലപ്പുറം വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.