സ്ത്രീകളുടെ ശബ്ദമായി രുഗ്മിണി റാവു

0

അവഗണിക്കപ്പെടുന്ന സ്ത്രീകളുടെ ശബ്ദമായി മാറുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക, അതിനായി അവരില്‍ നിന്നൊരാള്‍ ജീവിതം തന്നെ മാറ്റിവയ്ക്കുക. പ്രശസ്ത സാമൂഹികപ്രവര്‍ത്തകയും അടുത്തിടെ ഫെമിനാ അവാര്‍ഡിലെ റീഡേഴ്‌സ് ചോയ്‌സ് പുരസ്‌കാരത്തിന് അര്‍ഹയുമായ രുഗ്മിണി റാവുവിനെക്കുറിച്ചുള്ള വിശേഷണങ്ങള്‍ വാക്കുകളേക്കാള്‍ അതീതമാണ്. അമ്മയും മുത്തശ്ശിമാരും അമ്മായിയും ഉള്‍പ്പെടുന്ന സ്ത്രീകുടുംബത്തിന്റെ സംരക്ഷണയിലാണ് താന്‍ വളര്‍ന്നതെന്ന് രുഗ്മിണി പറയുന്നു. സന്തോഷകരമായ കുട്ടിക്കാലമായിരുന്നു തന്റേത്. അച്ഛന്‍ മരിക്കുമ്പോള്‍ രണ്ടുവയസാണ്. തന്റെ ഭാവിയെക്കുറിച്ച് അമ്മയ്ക്കു വലിയ പ്രതീക്ഷകളായിരുന്നു. അതുകൊണ്ടുതന്നെ നഗരത്തിലെ മികച്ച സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതിന് തന്റെ ആഗ്രഹത്തിനാണ് അമ്മ പ്രാധാന്യം നല്‍കിയത്. അധ്യാപികയാവണമെന്നായിരുന്നു ചെറുപ്പം മുതലുള്ള മോഹം. ഒസ്മാനിയ യൂനിവേഴ്‌സിറ്റി ആര്‍ട്‌സ് കോളജില്‍നിന്നാണ് മനശാസ്ത്രത്തില്‍ മാസ്‌റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് വനിതാ കോളജില്‍ അധ്യാപികയായി സേവനം. 1974ലാണ് തന്റെ ബിരുദപഠനം ചെയ്യുന്നത്. തുടര്‍ന്ന് ഒസ്മാനിയ യൂണിവേഴിസിറ്റി ആര്‍ട്‌സ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും മനശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. 1970 മുതല്‍ നാഷനല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസ് സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷനില്‍ തന്റെ ഔദ്യോഗിജീവിതം ആരംഭിച്ച രുഗ്മിണി എണ്‍പതുകളുടെ പകുതി വരെ ഇവിടെ ജോലി ചെയ്തു.

ഇക്കാലയളവിലാണ് രാജ്യത്തെ സ്ത്രീസമൂഹം അനുഭവിക്കുന്ന ദുരിതങ്ങള്‍ അവരെ അസ്വസ്ഥയാക്കിയത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള മരണങ്ങള്‍ സമൂഹത്തില്‍ ഗുരുതരമായ രോഗമായി വളരുകയാണെന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കുകയായിരുന്നു. വേട്ടയാടപ്പെടുന്ന സ്ത്രീകള്‍ക്കായി പുതിയൊരു പോരാട്ടത്തിന് വഴിയൊരുക്കാന്‍ അവര്‍ക്ക് പ്രചോദനം നല്‍കിയതും ഇത്തരം ജീര്‍ണതകള്‍തന്നെ. വീടുകളിലെ അടുക്കളകള്‍ കേന്ദ്രീകരിച്ച് നിരന്തരമായുണ്ടാവുന്ന അപകടമരണങ്ങളിലെ ദുരൂഹതകളെക്കുറിച്ച് അവര്‍ അന്വേഷണമാവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ പ്രതിരോധം ആവശ്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെ 1981ല്‍ സഹേലി റിസോഴ്‌സ് സെന്റര്‍ ഫോര്‍ വുമന്‍ എന്ന പേരില്‍ സ്ത്രീക്കൂട്ടായ്മ രൂപീകൃതമായി.

1989 ല്‍ ഹൈദരാബാദിലേക്ക് വീണ്ടും പ്രവര്‍ത്തനമണ്ഡലം മാറ്റി. മധ്യവര്‍ഗസ്ത്രീകളുടെ ദുരിതപര്‍വം നേരിട്ട് ബോധ്യപ്പെടുന്നതിന് അവര്‍ ഗ്രാമങ്ങള്‍തോറും സഞ്ചരിച്ചു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതകളായിരുന്നു പലരും അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാവാന്‍ കാരണമായത്. സ്ത്രീകളായ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് ഡെക്കാണ്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റിയിലും ഗ്രാമ്യ റിസോഴ്‌സ് സെന്റര്‍ ഫോര്‍ വുമന്‍ എന്ന സംഘടനയിലും അവര്‍ സജീവമായി. സ്ത്രീകളെ മുഖ്യധാരയിലെത്തിച്ച് സ്വയം ശാക്തീകരണം സാധ്യമാക്കുകയെന്നതായിരുന്നു അവരുടെ ദൗത്യം. ലിംഗസമത്വത്തെക്കുറിച്ചും സ്വയംപര്യാപ്തതയെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിന് ശില്‍പ്പശാലകള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പഴയ ആന്ധ്രാപ്രദേശിലെ ഒറ്റപ്പെട്ട 12 വില്ലേജുകളില്‍ ഘട്ടംഘട്ടമായി അറിവിന്റെ വെളിച്ചം പകര്‍ന്ന് സ്ത്രീകൂട്ടായ്മ പടുത്തുയര്‍ത്തി. അങ്ങനെ 800 ഓളം സ്ത്രീകളാണ് നിശ്ചയദാര്‍ഢ്യത്തിന്റെ പാതയിലേക്ക് വഴിമാറിയത്. 

അക്കാലത്ത് വ്യാപകമായ ശിശുഹത്യകളെക്കുറിച്ചും രുഗ്മിണി റാവു ശബ്ദമുയര്‍ത്തി. ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍വഴിയാണ് വ്യാപകമായ തോതില്‍ പെണ്‍കുട്ടികളെ കടത്തിയിരുന്നത്. ഇതിനെതിരേ രുഗ്മിണി റാവുവിന്റെ നേതൃത്വത്തില്‍ പെണ്‍കൂട്ടായ്മ നടത്തിയ വ്യാപകമായ പ്രചാരണത്തിനൊടുവില്‍ അനധികൃത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ക്ക് താഴുവീഴുകയാണുണ്ടായത്. ഇന്ത്യ, ആസ്‌ത്രേലിയ, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍നിന്ന് നിരവധി ഫെല്ലോഷിപ്പുകള്‍ ലഭിച്ച രുഗ്മിണി റാവു സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അന്താരാഷ്ട്രസമ്മേളനങ്ങള്‍, സെമിനാറുകള്‍, ശില്‍പശാലകളിലും പങ്കാളിയായി. സഹേലിയുടെ സജീവപ്രവര്‍ത്തക നിസാമുദ്ദീന്‍ ബസ്തി കാംലയുടെ ജീവിതമാണ് രുഗ്മിണി റാവുവിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകിയത്.