നാല്‍പ്പത് വര്‍ഷത്തിന്റെ ആത്മ സമര്‍പ്പണവുമായി ആത്മനിലയം നഴ്‌സറി ഗാര്‍ഡന്‍

0

വിഷപച്ചക്കറികളും പഴ വര്‍ഗങ്ങളും ഉപയോഗിച്ച് മടുത്ത മലയാളികള്‍ ജൈവകൃഷിയിലേക്ക് മടങ്ങുന്ന കാലമാണിത്. കൃഷിയിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോത്സാഹനമാണ് 40 വര്‍ഷത്തെ പാരമ്പര്യമുള്ള ആത്മനിലയം നഴ്‌സറി ഗാര്‍ഡന്‍. പാറശാല ചെറുവാരക്കോണത്താണ് നഴ്‌സറി പ്രവര്‍ത്തിക്കുന്നത്. ചെറുപ്പം മുതല്‍ കൃഷിയില്‍ താത്പര്യമുള്ള എസ് ജെ റസാലമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. വീടിന്റെ പരിസരം തന്നെ പച്ചക്കറി പഴ വര്‍ഗ തോട്ടങ്ങളാക്കി മാറ്റുക എന്ന അദ്ദേഹത്തിന്റെ സങ്കല്‍പ്പമാണ് ഇതിന് പിന്നില്‍. കൃഷി ചെയ്യാനാഗ്രഹിക്കുന്നവരാരും തന്നെ അതിനാവശ്യമായ വിത്തുകള്‍ തേടി അലയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായാണ് നഴ്‌സറി ആരംഭിച്ചത്. രണ്ട് തവണ കര്‍ഷകശ്രീ അവാര്‍ഡ് നേടാനും അദ്ദേഹത്തിന് സാധിച്ചു.

വിവിധ പച്ചക്കറി, പഴങ്ങള്‍, പൂച്ചെടികള്‍ എന്നിവയുടെയെല്ലാം വിത്തിനങ്ങളും തൈകളും ഇവിടെയുണ്ട്. തായ്‌ലന്റിലെ പ്രധാന പഴവര്‍ഗമായ റമ്പൂട്ടാന്‍, ലോംഗാന്‍, ഫിലോസന്‍, ദുരിയന്‍, മാങ്കോസ്റ്റിന്‍, സാന്തോള്‍, ലോങ്കോംഗ് എന്നിവക്ക് പുറമെ സപ്പോര്‍ട്ട, മാവ്, പ്ലാവ്, തെങ്ങ്, പേര എന്നിവയുടെ തൈകളും ലഭ്യമാണ്.

വിവിധയിനം മാവുകളായ നീലം മല്‍ഗോവ, കോട്ടുക്കോണം, വെള്ളരി, വെങ്ങനപ്പള്ളി എന്നിവയും വിവിധയിനം പ്ലാവുകളായ മുട്ടംവരിക്ക, തേന്‍വരിക്ക എന്നിവയും ഇവിടെ ലഭിക്കും.

അഞ്ഞൂറിലധികം ഇനങ്ങളിലെ റോസകള്‍, ഇരുന്നൂറിലധികം ഇനങ്ങളിലുള്ള പൂച്ചെടികള്‍, ക്രിസാന്തിമം, സീനിയ, മാരിഗോള്‍ഡ് എന്നിവയും ആന്തൂറിയത്തിന്റെയും ഓര്‍ക്കിഡിന്റെയും വെറൈറ്റികളായ ക്യാറ്റ്‌ലിയ, ഡെന്‍ഡ്രോബിയം, ഡാന്‍സിങ് ഗേള്‍ എന്നിവയും ബോണ്‍സായി ചെടികളും ഇക്കൂട്ടത്തിലുണ്ട്. ഇതിന് പുറമേ ലാന്‍ഡ് സ്‌കേപിംഗിന് ആവശ്യമായ തരത്തിലുള്ള ചെടികളും ഇവിടെയുണ്ട്. കൂടാതെ അഞ്ഞൂറിലധികം ഇനങ്ങളിലുള്ള ഔഷധ സസ്യ ശേഖരവും നൂറിലധികം ഫലവൃക്ഷങ്ങളും ജാതകവൃക്ഷങ്ങളും കള്ളിച്ചെടികളുമെല്ലാം ഇവിടെയുണ്ട്.

പച്ചക്കറി ഇനത്തില്‍ വഴുതന, വെണ്ട, ചീര, അമരക്ക, ക്യാബേജ്, കോളിഫല്‍വര്‍, പയര്‍, പാവക്ക, പടവലം, മത്തങ്ങ, മുരിങ്ങക്ക എന്നിവയുടെയെല്ലാം വിത്തിനങ്ങള്‍ ലഭിക്കും. ഇതിന് പുറമെ വേപ്പെണ്ണ എമല്‍ഷന്‍, ഗോമൂത്ര കാന്താരി മുളക് മിശ്രിതം, ഗോമൂതര ശീമകൊന്ന ഇല മിശ്രിതം, ഫിഷ് അമിനോ ലായനി, ഉണങ്ങിയ ചാണകം, മണ്ണിര കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോര്‍ വളം. ആട്ടിന്‍ കാഷ്ഠം എന്നിങ്ങനെ ജൈവകൃഷിക്ക് ആവശ്യമായ എല്ലാത്തരം വളങ്ങളും ഇവിടെ ലഭ്യമാണ്.

കരകുളം ഫ്രണ്ട്‌സ് കുടുംബശ്രീയുടെ അത്യുല്‍പാദന ശേഷിയുള്ള നാടന്‍ പച്ചക്കറികളുടെയും ചെടികളുടെയും വിത്തുകളും മേളയിലുണ്ട്. പച്ചക്കറികളില്‍ ചെടിമുരിങ്ങ, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, സവാള, കോളിഫല്‍വര്‍, കുറ്റിബീന്‍സ്, ചീനി അമര എന്നിവയാണ് സ്‌പെഷ്യല്‍ ഇനങ്ങള്‍. തണുപ്പ് സ്ഥലങ്ങളില്‍ മാത്രം സാധാരണയായി കണ്ടുവരുന്ന ഇത്തരം ചെടികള്‍ നമ്മുടെ നാട്ടിലും കൃഷി ചെയ്യാവുന്ന തരത്തിലുള്ള വിത്തിനങ്ങളാണിവ.

ചെടികളില്‍ സീനിയ, ഡയാന്തസ്, ക്രിസാന്തിമം, ഡാലിയ, ക്യാലന്‍ഡുല, ആസ്റ്റര്‍, ഹോളിഹോക്ക്, സെലോഷ്യ, ഗ്ലാഡിയോലസ്, ജെറബറ തുടങ്ങിയവയും ഉണ്ട്.

ഇതിന് പുറമെ അലങ്കാര മത്സ്യങ്ങള്‍ പക്ഷികള്‍ എന്നിവയും നഴ്‌സറിയുടെ ഭാഗമാണ്. എമു, ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ്, റോസെല്ല, ഫീസന്റ്, കോക്കെര്‍ ടെയില്‍സ്, ഫിന്‍ജസ്, ലവ് ബേര്‍ഡ്‌സ്, മുയലുകള്‍, ഗിനി പന്നി, പലയിനം ആടുകള്‍, പൂച്ചകള്‍, പലതരം അലങ്കാര മത്സ്യങ്ങള്‍ എന്നിവയും നഴ്‌സറിക്ക് മുതല്‍ക്കൂട്ടാണ്.