രണ്ട് മാസം കൊണ്ട് മില്യനെയറായ വ്യക്തി ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയില്‍ നിന്ന് പഠിച്ച 10 കാര്യങ്ങള്‍

0

ഈ ലേഖനം വായിക്കുമ്പോള്‍ തന്നെ ഒരു ഓണ്‍ലൈന്‍ വ്യവസായം തുടങ്ങിയാലോ എന്ന ചിന്ത നിങ്ങളില്‍ എത്തിയേക്കാം. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്പ്ഡീല്‍ എന്നീ വമ്പന്‍മാര്‍ ഇന്ന് ഓണ്‍ലൈന്‍ വിപണിയില്‍ സജീവമാണ്. യുവാക്കള്‍, വീട്ടമ്മമാര്‍, ചെറുകിട വ്യാപാരികള്‍ എന്നിവരുടെ വ്യവസായ പുരോഗതിക്കും പണം സമ്പാദിക്കുന്നതിനും ഈ വിപണികള്‍ ഏറെ സഹായകരമാണ്. എന്നാല്‍ ഒരു ഓണ്‍ലൈന്‍ വ്യവസായം ആരംഭിക്കുന്നതിന് മുമ്പ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നഷ്ടങ്ങളുടെ അഗാധ ഗര്‍ത്തിത്തിലേക്ക് നിങ്ങള്‍ വീണ് പോയേക്കാം. ഡിസൈനര്‍ കുടകള്‍ വില്‍ക്കുന്ന ചീക്കി ചങ്ക് അംബ്രല്ലാസിന്റെ സ്ഥാപകനായ പ്രതീക് ദോഷി തന്റെ അനുഭവങ്ങള്‍ യുവര്‍സ്‌റ്റോറിക്കായി പങ്കുവെക്കുകയാണ് ഇവിടെ.

പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ വ്യവസായത്തില്‍ എനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെയ്ക്കുക എന്നതുമണ് ഈ ലേഖനത്തിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. എനിക്കുണ്ടായ വിജയം നിങ്ങളേയും തേടിവരണമെന്നില്ല. എന്നാല്‍ താഴെ പറയുന്ന 10 കാര്യങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ നിങ്ങളുടെ പണം നഷ്ടപ്പെടുകയില്ല എന്ന് എനിക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും.

1. എന്തെങ്കിലും വ്യത്യസ്തമായ ഒന്ന് വില്‍ക്കാന്‍ ശ്രമിക്കുക

കുറച്ചുകൂടി വ്യക്തമായി പറയുകയാണെങ്കില്‍ നിലവില്‍ പതിനായിരത്തില്‍പ്പരം ബാഗുകളും ഇരുപതിനായിരത്തില്‍പ്പരം ഷര്‍ട്ടുകളും വിപണിയില്‍ ലഭ്യമാണ്. ഇതേ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് ഒരു വ്യവസായം തുടങ്ങുകയാണെങ്കില്‍ നിങ്ങളുടെ വിജയ സാധ്യത വളരെ കുറവായിരിക്കും. മാത്രമല്ല വിപണിയില്‍ ഒരു സ്ഥാനം കണ്ടെത്താന്‍ പോലും വിഷമിക്കേണ്ടിവരും. ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ഉത്പ്പന്നം കണ്ടെത്തുക. മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ഉത്പ്പന്നം.

ഓണ്‍ലൈനില്‍ കുടകളുടെ സാന്നിധ്യത്തെക്കുറിച്ച് ഞാന്‍ ചില നിരീക്ഷണങ്ങള്‍ നടത്തി. കറുത്ത നിറത്തിലുള്ള കുടകളാണ് ഇവയിലധികവും. ഇതില്‍ ഒരു മാറ്റം വരുത്തണമെന്ന് ഞാന്‍ തീരുമാനിച്ചു. കുടകളെ മഴയുമായി ബന്ധിപ്പിക്കുന്ന വര്‍ണ്ണാഭമായ ചിത്രങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താന്‍ ഞാന്‍ തീരുമാനിച്ചു. എന്തെങ്കിലും ഒരു ഉത്പ്പന്നം മനസ്സില്‍ കണ്ട് അത് വ്യത്യസ്തമായി എങ്ങനെ അവതരിപ്പിക്കും എന്ന് ചിന്തിക്കുക. നല്ല ഡിസൈനുകള്‍ക്കായി നിക്ഷേപം നടത്തുക.

2. നിങ്ങള്‍ക്ക് ഗുണകരമായ സെര്‍ച്ച് കീവേഡുകള്‍ ഉപയോഗിക്കുക

ഓണ്‍ലൈനില്‍ നിങ്ങളുടെ സാന്നിധ്യം ആര്‍ക്കും അറിയില്ല. ഫ്‌ളിപ്കാര്‍ട്ട് അല്ലെങ്കില്‍ ആമസോണില്‍ നിന്നായിരിക്കും ഉപഭോക്താക്കള്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുക. അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ക്കായി അവര്‍ തിരയുന്നു. സെര്‍ച്ച് കീവേഡുകള്‍ക്ക് ഇവിടെ വളരെയധികം പ്രാധാന്യമുണ്ട്. ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് എനിതലാണ് താത്പര്യം എന്ന് കണ്ടെത്തുക. ഇതനുസരിച്ച് നിങ്ങളുടെ ഉത്പ്പന്നവുമായി ബന്ധപ്പെട്ട പല തരത്തിലുള്ള സെര്‍ച്ച് കീവേഡുകളുടെ ഒരു പട്ടിക തയ്യാറാക്കുക.

ഞങ്ങളുടെ ഉത്പ്പന്നത്തിനായി 100ല്‍ പരം ഡീവേഡുകള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നു. umbrella, umbrella, umbrellas,designer umbrella, designer umbrellas, unique umbrella, monsoon umbrella, tsrong umbrella, designed umbrella, long umbrella, short umbrella, light umbrella, big umbrella, unique designed umbrella, uniquely designed umbrellas ഇങ്ങനെ പലതരം കീവേഡുകളാണ് ഞങ്ങല്‍ ഉപയോഗിച്ചത്. സെര്‍ച്ച് കീവേഡുകളുടെ ശക്തിയെ ഒരിക്കലും ചെറുതായി കാണരുത്.

3. വിപണന കേന്ദങ്ങളിലെ വിപണനം

100 കണക്കിന് ഓര്‍ഡറുകള്‍ വളരെ പെട്ടെന്ന് ലഭിക്കും എന്ന തെറ്റിദ്ധാരണയാണ് ഓണ്‍ലൈന്‍ ഷോപ്പ് നടത്തുന്ന പല സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഉള്ളത്. എന്നാല്‍ ഇത് സംഭവ്യമാക്കാന്‍ ഒരു മായാജാലവും പ്രയോഗിക്കാന്‍ കഴിയില്ല. ഇത് യാത്ഥാര്‍ഥ്യമാകണമെങ്കില്‍ നിങ്ങള്‍ തന്നെ പരിശ്രമിക്കണം. നിങ്ങള്‍ക്ക് ഉപഭോക്താക്കളുമായി ബന്ധമില്ലാത്തതിനാല്‍ വിപണിയില്‍ ഒരു സ്ഥാനം ലഭിക്കുക എന്നത് വളരെ പ്രയാസമായിരിക്കും. നിങ്ങളുടെ ഉത്പ്പന്നത്തിന്റെ മുന്നേറ്റത്തിനായി നിങ്ങള്‍ തന്നെ പരിശ്രമിക്കേണ്ടി വരും. അതിന് വ്യക്തമായ ഒരു പദ്ധതി കണ്ടെത്തി ഒരു നല്ല ഫോട്ടോഗ്രാഫറെ കണ്ടെത്തുക. കാരണം നിങ്ങളുടെ ഉത്പ്പന്നത്തിന്റെ ചിത്രങ്ങളാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

4. മത്സര രംഗത്ത് ഒരു പടി മുന്നിലേക്ക് ചിന്തിക്കുക

ഈ മത്സരത്തില്‍ വിജയിക്കാനായി ശറിയായ സ്ഥലങ്ങളില്‍ നിക്ഷേപം നടത്തുക. നിങ്ങളുമായി മത്സരിക്കുനനവരുടെ ചിന്താഗതി മനസ്സിലാക്കുക. അവരില്‍ നിന്നും ഒരുപടി മുന്നോട്ട് സഞ്ചരിക്കാന്‍ ശ്രമിക്കുക. നല്ല അടിത്തറ സൃഷ്ടിക്കപ്പെട്ട വ്യാപാരികളാണ് നിലവില്‍ ഓണ്‍ലൈന്‍ വിപണി കയ്യടക്കിയിരിക്കുന്നത്. അവര്‍ പരമ്പരാഗതമായ രീതിയിലാണ് ഇവ കൊണ്ടുപോകുന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ പരമാവധി ഉപയോഗപ്രദമാക്കി നിങ്ങള്‍ക്കുള്ള ഡിജിറ്റല്‍ അറിവ് പ്രയോജനപ്പെടുത്തുക.

5. വിപണന സ്ഥലങ്ങളിലെ ജീവനക്കാരുമയി ബന്ധം സ്ഥാപിക്കുക

ഫെയ്‌സ്ബുക്ക്, ലിങ്ക്ഡ് ഇന്‍, ട്വിറ്റര്‍ എന്നീ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവരുമായുള്ള ബന്ധം ദൃഢമാക്കുക. പ്രോഡക്ട് മാനേജര്‍മാരേയോ അല്ലെങ്കില്‍ കാറ്റഗറി മാനേജര്‍മാരേയോ ബന്ധപ്പെട്ട് അവരുടെ ഉത്പ്പന്നത്തോടുള്ള താത്പര്യം പ്രകടിപ്പിക്കുക. നിങ്ങളുടെ ഉത്പ്പന്നത്തിനോടുള്ള അവരുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുക.

6. ഒന്ന് പോയാല്‍ മറ്റൊന്ന്

യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുക. നിങ്ങല്‍ കാണുന്ന എല്ലാ പെണ്‍കുട്ടികളും നിങ്ങളെ ഇഷ്ടപ്പെട്ടെന്ന് വരില്ല. അതുപോലെ നിങ്ങളുടെ എല്ലാ വ്യവസായ ചര്‍ച്ചകളും വിജയമാകണം എന്നുമില്ല. ഒന്ന് ശരിയായില്ലങ്കില്‍ മറ്റൊന്നിലേക്ക് ശ്രദ്ധ നല്‍കുക. ഈ മനോബാവമാണ് വേണ്ടത്. എനിക്കും നിരവധി പരാജയങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുപാട് പരിശ്രമങ്ങള്‍ക്ക് ശേഷം ഒരു ഇ-കൊമേഴ്‌സ് കമ്പനിയുടെ കാറ്റഗറി മാനേജരുമായി ചര്‍ച്ച നടത്തി. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ ഒതൊരു പരാജയമായി മാറി. പിന്നീടും എനിക്ക് ഓര്‍ഡറുകള്‍ സ്വീകരിച്ചതായുള്ള ഇമെയിലുകള്‍ ലഭിച്ചു. എന്നാല്‍ അവസാന നിമിഷം അവരെല്ലാം കയ്യൊഴിഞ്ഞു. പിന്നീട് അതില്‍ നിരാശനാകാതെ മറ്റ് വഴികളെ കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

7. മാധ്യമങ്ങളിലൂടെ പ്രവര്‍ത്തിക്കുക, നിലയുറപ്പിക്കുക, അവര്‍ക്ക് സ്റ്റോറികള്‍ നല്‍കുക

ബ്ലോഗര്‍മാര്‍ നിങ്ങല്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്ന് കരുതി അനാവശ്യമായി പണം ചെലവാക്കരുത്. സമൂഹത്തില്‍ ഉന്നതരായ വ്യക്തികളെ നിങ്ങളുടെ ഉത്പ്പന്നത്തെക്കുറിച്ച് സംസാരിക്കാനായി ക്ഷണിക്കുകയും ഉത്പ്പന്നം അവര്‍ക്ക് സമ്മാനമായി നല്‍കുകയും ചെയ്യുക. നിങ്ങളുടെ ആശയത്തിലുള്ള അവരുടെ ഇഷ്ടവും വിസ്വാസവും സമ്പാദിക്കുക. എന്റെ ഉത്പ്പന്നത്തെക്കുറിച്ച് ഡി എന്‍ എ, മിഡ്‌ഡേ, എച്ച് ടി കഫേ, ഫ്രീ പ്രെസ് ജേണല്‍ എന്നിവയില്‍ ഫീച്ചറുകല്‍ വന്നിച്ചുണ്ട്. നല്ല സ്റ്റോറികളാണ് അവര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത്. ഓണ്‍ലൈനില്‍ മാധ്യമങ്ങലെ കണ്ടെത്തി നിങ്ങളുടെ സ്റ്റോറിയും ഉത്പ്പന്നങ്ങളുടെ ചിത്രവും നല്‍കുക. മറുപടി ഒന്നും ലഭിച്ചില്ല എങ്കില്‍ നിരാശനാകരുത്. അതിലും നല്ല സ്റ്റോറി തയ്യാറാക്കുക. നിങ്ങള്‍ക്ക് എന്താണോ വേണ്ടത് അതിന് പിന്നാലെ നടന്നേ മതിയാകൂ.

8. കണക്കുക്കൂട്ടലുകള്‍ നടത്തുക

വ്യവസായമെന്നാല്‍ കണക്കുക്കൂട്ടലുകളാണ്. ചെറിയ കാര്യങ്ങള്‍ ക്കു പോലും കണക്കുകള്‍ സൂക്ഷിക്കുക. നിങ്ങള്‍ മുടക്കിയ പണം തിരികെ ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് കരുതി വില തീരെ കുറയ്ക്കരുത്. 100 രൂപയ്ക്ക് 50 ഓര്‍ഡറുകള്‍ ലഭിക്കുന്നതിനേക്കാള്‍ നല്ലത് 200 രൂപയ്ക്ക് 20 ഓര്‍ഡറുകള്‍ ലഭിക്കുന്നതാണ്. ഉല്‍പ്പന്നത്തിന്റെ ആകെ വിലയായി യഥാര്‍ഥ വിലയോടെപ്പം വിറ്റ വിലയുടെ 10% കൂടി കൂട്ടുക. പണമിടപാടുകള്‍ കൃത്യമായി കണക്കുകൂട്ടിയില്ലെങ്കില്‍ പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പണം എവിടെ നിന്നാണ് വരുന്നതെന്ന കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

9. പ്രയാസങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുക

എന്തെങ്കിലും വ്യത്യസ്തമായ രീതിയില്‍ ചെയ്യാന്‍ ഇറങ്ങിയാല്‍ ഒരുപാട് തടസ്സങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഉണ്ടാകും. ഈ തടസ്സങ്ങളെ ധൈര്യമായി നേരിടുക. മടിപിടിച്ച ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. വളരെ വേഗം പണവും പ്രശസ്തിയും നേടാനാണ് എല്ലാവരും ശ്രമിക്കുന്നത്. പരമാവധി പിടിച്ചു നിന്നാല്‍ മാത്രമേ വിജയം നേടാന്‍ സാധിക്കുകയുള്ളു. സംരംഭകത്വം നിങ്ങളെ തളര്‍ത്തിയേക്കാം. എന്നാല്‍ മറുവശത്ത് നന്മകള്‍ നിറഞ്ഞ ഒരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.

10. വിവേകാനന്ദന്‍ പറഞ്ഞ ഒരു വാക്യം വളരെ പ്രസക്തമാണ്-'ഭാഗ്യം ഒരു ചാപല്ല്യമാണ് നിങ്ങള്‍ അവളെ പ്രതീക്ഷിക്കുമ്പോള്‍ അവള്‍ നിങ്ങളെ വിട്ടുപോകുന്നു. എന്നാല്‍ അവളോടുള്ള താത്പ്പര്യം കുറയുമ്പോള്‍ അവള്‍ തനിയേ നിങ്ങളെ തേടിയെത്തുന്നു.'

ഒരു മാസം കൊണ്ട് വ്യവസായത്തില്‍ വിചാരിച്ചപോലെ തിളങ്ങാന്‍ സാധിച്ചില്ലായെങ്കില്‍ ചിലരെങ്കിലും നിരാശരാകാറുണ്ട്. നിങ്ങള്‍ വരുമാനത്തെക്കുറിച്ച് കൂടുതല്‍ ചിന്തിക്കരുത്. നിങ്ങളുടെ ഉല്‍പ്പന്നം എങ്ങനെ കുറച്ചുകൂടി മെച്ചപ്പെടുത്താം എന്ന് ചിന്തിക്കുക. പണം മാത്രമല്ല എല്ലാത്തിനും ആധാരം. നിങ്ങളുടെ കൈയ്യില്‍ ഉള്ളത് നഷ്ടപ്പെടാതെ നോക്കുക. നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുക. നിങ്ങള്‍ ഭാഗ്യത്തിനു പിന്നാലെ പോകരുത്. ഭാഗ്യം നിങ്ങളെ തേടി വരാന്‍ അനുവദിക്കുക.

നിങ്ങളെ വിമര്‍ശിക്കുന്നവരെ ഒഴിവാക്കുക

വിമര്‍ശകരുടെ അഭിപ്രായങ്ങള്‍ കാര്യമാക്കരുത്. നിങ്ങളുടെ മനസ്സില്‍ എന്താണോ തോന്നുന്നത് അത് ചെയ്യുക. എല്ലാ വിമര്‍ശനങ്ങളും ഒഴിവാക്കുക. എന്റെ പരാജയത്തില്‍ ഒരുപാടു പേര്‍ എന്നെ കളിയാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് അവരൊക്കെ എന്റെ ഉപദേശം നേടാനായി കാത്തുനില്‍ക്കുന്നു.

നല്ല പ്രാര്‍ഥനയോടെ നിങ്ങളുടെ കര്‍മ്മം ചെയ്യുക

നിങ്ങളുടെ അടുത്ത ക്ലൈന്റ് ആരായിരിക്കുമെന്ന് നിങ്ങള്‍ അറിയണമെന്നില്ല. എന്നാല്‍ ഒരു ഓര്‍ഡര്‍ ലഭിച്ചു എന്ന സന്ദേശം ഫോണില്‍ വരുന്ന നിമിഷമാണ് ഏറ്റവും സന്തോഷകരമായ നിമിഷം. നിങ്ങള്‍ അതിനു വേണ്ടി കാത്തിരിക്കണം. അത് നിങ്ങളുടെ നിയന്ത്രണത്തിലല്ല. നല്ല കര്‍മ്മം ചെയ്യുക. ജൂണിലെ ആദ്യ പകുതിയിലില്‍ എന്റെ വിശ്വാസം ശക്തമാക്കുന്ന ഒരനുഭവമുണ്ടായി. വില്‍പ്പന കാര്യമായി നടക്കുന്നില്ലായിരുന്നു. കനത്ത മഴ കാരണം റോഡുകളില്‍ വെള്ളം നിറഞ്ഞിരുന്നു. അതുകൊണ്ട് എനിക്ക് ഓഫീസില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ വല്ലാതെ നിരാശനായി, നന്നായി ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഞാന്‍ എന്റെ വീടിനു പുറത്ത് ഒരു കുട പോലുമില്ലാതെ ഒരു 7 വയസ്സുകാരനെപ്പോലെ മഴയത്ത് നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചു. ആ മഴ എന്റെ നിരാശയെല്ലാം അകറ്റി. ഞാന്‍ മുകളിലേക്ക് നോക്കി ആ മഴ സമ്മാനിച്ചതിന് നന്ദി പറഞ്ഞു.ഞാന്‍ ഉച്ചയ്ക്ക് 2 മണിക്കാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അപ്പോള്‍ 20 ഓര്‍ഡറുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വൈകിട്ട് 4 മണിയോടെ ഞാന്‍ വന്നു നോക്കുമ്പോള്‍ അതില്‍ 245 ഓര്‍ഡറുകള്‍ ഉണ്ടായിരുന്നു. ഇതാണ് ഇകൊമെഴ്‌സിന്റെ മായാജാലം.

ചീക്കി ചങ്ക് അംബ്രല്ലാസിന്റെ സ്ഥാപകനായ പ്രതീക് ദോഷിക്ക് സ്റ്റാര്‍ട്ട് അപ്പുകളോട് വളരെയധികം താത്പ്പര്യമുണ്ട്. എഴുത്തുകാരന്‍, യാത്രികന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ഓരോ ദിവസവും പുത്തന്‍ ആശയങ്ങള്‍ വഴി വ്യത്യസ്തമായ ഉത്പ്പന്നങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.