സ്ത്രീ സംരംഭകര്‍ക്കായി ഷീ ഒപ്റ്റിക്കല്‍സ്

0

സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഷീ ഓപ്റ്റിക്കല്‍സ് സാക്ഷാത്കാരത്തിലേക്ക്. സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ച് കണ്ണട വില്‍പ്പനശാലകള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുന്ന ഷീ ഒപ്റ്റിക്കല്‍സ് പദ്ധതിക്ക് ആലുവയില്‍ തുടക്കമായി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്് കണ്ണട വില്‍പന ശാലകള്‍ ആരംഭിച്ചിട്ടുള്ളത്. ആരോഗ്യവകുപ്പും വനിതാ വികസന കോര്‍പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.

കേന്ദ്രങ്ങളില്‍ നേത്രപരിശോധനയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് സേവനം സൗജന്യമായിരിക്കും. 50 വയസ് കഴിഞ്ഞ ബി പി എല്‍ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് കണ്ണട സൗജന്യമായി നല്‍കും. ഷീ ഒപ്റ്റിക്കല്‍സില്‍നിന്നു കണ്ണട വാങ്ങുന്ന സ്ത്രീകള്‍ക്ക് 25 ശതമാനം വിലക്കുറവു ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീസംരംഭകര്‍ക്ക് സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കാന്‍ മൂന്നുമാസത്തെ പ്രത്യേക പരിശീലനം നല്‍കും. തിരുവനന്തപുരം ആസ്ഥാനമായുള്ള റോസ് ഒപ്റ്റിക്കല്‍സാണ് പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുന്നത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ജില്ലതാലൂക്ക് ആശുപത്രികള്‍, സൗകര്യമുള്ള മറ്റു സര്‍ക്കാര്‍ ആതുരാലയങ്ങള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതകള്‍ക്കു മാത്രമായിട്ടുള്ള പദ്ധതിയില്‍ കണ്ണട വില്‍പനശാല തുടങ്ങുന്നതിനുള്ള സ്ഥലം സര്‍ക്കാര്‍ ആശുപത്രിയില്‍തന്നെ ക്രമീകരിച്ചു നല്‍കും. ആശുപത്രിയില്‍നിന്നു നേത്രചികിത്സക്ക് വിധേയരായി എത്തുന്ന രോഗിക്കുള്ള കണ്ണട/അനുബന്ധ ആവശ്യങ്ങള്‍ക്ക് ഷി ഓപ്ടിക്കല്‍സിലേക്കായിരിക്കും ചീട്ടു നല്‍കുക.

സംസ്ഥാനത്ത് കണ്ണിന് എല്ലാ ചികിത്സയുമുള്ള ഏക സര്‍ക്കാര്‍ ആശുപത്രി തിരുവനന്തപുരത്താണുള്ളത്. ഇവിടെ കണ്ണട വില്‍പനശാല നടത്തുന്നത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സാണ്. പുറത്തുള്ള കണ്ണട വില്‍പനശാലകളെ അപേക്ഷിച്ച് കുറഞ്ഞനിരക്കാണ് ഇവിടെ. ഷീ ഒപ്റ്റിക്കല്‍സ് തുടങ്ങാന്‍ ആവശ്യമായ രേഖകളും മറ്റുമായി എത്തുന്നവര്‍ക്കു യോഗ്യതയുടെ അടിസ്ഥാനത്തില്‍ വായ്പ നല്‍കും. ആറു ശതമാനം വരെ പലിശയാണ് ഈടാക്കുക. ആലുവ ജനറല്‍ ആശുപത്രിയിലാണ് പദ്ധതി ആദ്യമായി ആരംഭിച്ചിട്ടുള്ളത്.

സ്ഥലസൗകര്യം ലഭ്യമാകുന്നതനുസരിച്ച് കേരളം മുഴുവന്‍ ഷീ ഒപ്റ്റിക്കല്‍സ് ശൃംഖല വ്യാപിപ്പിക്കുമെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ മേഖലാ മാനേജര്‍ മധു വിശ്വനാഥന്‍ അറിയിച്ചു. ഷീ ഒപ്റ്റിക്കല്‍സിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ 18002708022 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം.