കേരള സര്‍വകലാശാല യുവജനോത്സവത്തിന് തുടക്കമായി

0

കേരള സര്‍വകലാശാല യുവജനോത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിയിച്ചു. യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച വിപുലമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മികച്ച സംവിധായികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിധു വിന്‌സന്റിനെ പ്രസ്തുത ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ആദരിച്ചു.ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, നീരജ് മാധവ്, ഗായത്രി, സുബീഷ് എന്നിവര്‍ പങ്കെടുത്തു. 
 

കേരള സര്‍വകലാശാല സെനറ്റ് ഹാള്‍, തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ആറ് കലാലയങ്ങള്‍ എന്നിവിടങ്ങളിലായി സജ്ജീകരിക്കുന്ന ഒമ്പത് വേദികളില്‍ 96 മത്സര ഇനങ്ങളാണ് തീരുമാനിക്കപ്പെട്ടിട്ടുള്ളത്. അയ്യായിരത്തോളം കലാ പ്രതിഭകളാണ് തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 250 ഓളം കലാലയങ്ങളെ പ്രതിനിധീകരിച്ച് യുവജനോത്സവത്തില്‍ മത്സരിക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുവജനോത്സവത്തിന്റെ ഭാഗമായി ഒരു വനിത സഹായ സേന പിങ്ക് വോളന്റീര്‍ എന്ന പേരില്‍ രൂപീകരിക്കപ്പെടുന്നുണ്ട്. പെണ്‍കുട്ടികളായ മത്സരാര്‍ഥികള്‍ക്കും മറ്റു വിദ്യാര്‍ഥിനികള്‍ക്കും സുഖകരവും സുരക്ഷിതവുമായ യുവജനോത്സവം സമ്മാനിക്കുക എന്നതാണ് ഈ സേനയുടെ പ്രവര്‍ത്തന ലക്ഷ്യം. യുവജനോത്സവത്തിന്റെ ആരംഭം വിളിച്ചോതി വമ്പിച്ച ഘോഷയാത്ര 27 ന് നഗരത്തില്‍ സംഘടിപ്പിക്കപ്പെടും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി ശിവന്‍കുട്ടി, സിന്‍ഡിക്കേറ്റ് അംഗം അബ്ദുള്‍ റഹിം, യുവജനോത്സവം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ എസ്, സുനില്‍കുമാര്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് ബാലമുരളി, ജനറല്‍ കണ്‍വീനര്‍ പ്രതിന്‍ സാജ് കൃഷ്ണ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രാഹില്‍ ആര്‍. നാഥ്, യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ എസ് ആഷിത, ജനറല്‍ സെക്രട്ടറി ആര്‍ അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.